നടുക്കായലില്‍ സുരക്ഷിതം ഈ ദുരിതാശ്വാസ ക്യാമ്പുകള്‍; കുട്ടനാടിന്റെ അതിജീവന ശ്രമങ്ങള്‍
നടുക്കായലിലാണ് കുട്ടനാട്ടിലെ പല ദുരിതാശ്വാസ ക്യാമ്പുകളും. തലക്കെട്ടും ആമുഖവും കണ്ടു തെറ്റിദ്ധരിക്കേണ്ട. കായലിനു നടുക്കാണ് ഈ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. വലിയ ഹൗസ്ബോട്ടുകളാണ് ദുരിതബാധിതര്‍ക്ക് താമസിക്കാന്‍ സൗകര്യം ഒരുക്കിയത്. ഒട്ടേറെ കുടുംബങ്ങള്‍ ഈ നടുക്കായല്‍ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. ചുറ്റും വെള്ളമെങ്കിലും ഹൗസ്ബോട്ടുകളില്‍ ഇവര്‍ അതീവ സുരക്ഷിതരാണ്. പ്രളയം ദുരിതം വിതച്ച കുട്ടനാട്ടിലെ ഉള്‍പ്രദേശങ്ങളിലാണ് നാട്ടുകാര്‍ പലരും ഹൗസ്ബോട്ടുകളില്‍ അഭയം തേടിയത്.
പ്രളയം കുട്ടനാടന്‍ മേഖലയെ തകര്‍ത്തപ്പോള്‍ അവരെ രക്ഷിക്കാന്‍ എത്തിയവരുടെ കൂട്ടത്തില്‍ ഹൗസ്ബോട്ടുടമകളും ഉണ്ടായിരുന്നു. കായലിലൂടെ ചെറുവള്ളങ്ങളില്‍ വരുന്ന പല കുടുംബങ്ങള്‍ക്കും താമസിക്കാന്‍ ഇവര്‍ സ്വന്തം ഹൗസ്ബോട്ടുകള്‍ വിട്ടു നല്‍കി. കനത്ത മഴയില്‍ കായലിലെ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ സര്‍വതും ഇട്ടെറിഞ്ഞ് ചെറുവള്ളങ്ങളില്‍ കായല്‍ കടക്കാന്‍ തുനിഞ്ഞിറങ്ങിയവരായിരുന്നു ഈ ജനങ്ങള്‍.. കുത്തൊഴുക്കില്‍ കായല്‍ കടക്കാന്‍ അവര്‍ക്കാവുമായിരുന്നില്ല.
കഴിഞ്ഞ പതിനഞ്ചു ദിവസമായി ചില ദുരിതബാധിതര്‍ കുടുംബസമേതം കഴിയുന്നത് ഹൗസ്ബോട്ടുകളിലാണ്. ഇവര്‍ക്ക് വൈദ്യുതിക്ക് ജനറേറ്ററും ഭക്ഷണം പാകം ചെയ്യാന്‍ പാചകവാതകവും ഹൗസ്ബോട്ട് ഉടമകള്‍ സൗജന്യമായി നല്‍കി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും എത്തിയ വോളന്റിയര്‍മാര്‍ക്ക് താമസിക്കാന്‍ വിവിധ ഹൗസ്ബോട്ടുകളിലെ 200 മുറികളും ആലപ്പുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള ഹൗസ്ബോട്ട് ഓണേഴ്സ് ഫെഡറേഷന്‍ സൗജന്യമായി വിട്ടുനല്‍കി.
ഹൗസ്ബോട്ടുകളില്‍ കഴിയുന്നവര്‍ക്ക് മാത്രമല്ല കുട്ടനാട്ടിലെ പല മേഖലകളിലും ഓണേഴ്സ് ഫെഡറേഷന്‍ അവശ്യ സാധനങ്ങള്‍, കുടിവെള്ളം, ശുചീകരണ സാമഗ്രികള്‍ എന്നിവയൊക്കെ വിതരണം ചെയ്തു.
ദുരിതാശ്വാസ ക്യാമ്പുകളിലൊന്നു പ്രവര്‍ത്തിക്കുന്ന ഹോളിഡേ ഹോം എന്ന ഹൗസ്ബോട്ട് ടൂറിസം ന്യൂസ് ലൈവ് സന്ദര്‍ശിച്ചു. ഹൗസ്ബോട്ട് ഓണേഴ്സ് ഫെഡറേഷന്‍ അംഗം കുഞ്ഞുമോന്‍ മാത്യുവിന്റെതാണ് ഈ വഞ്ചിവീട്. പുതിയ സീസണു മുന്നോടിയായി ആറുലക്ഷം രൂപ ചെലവില്‍ നവീകരിച്ചു ദിവസങ്ങളായില്ല. കുട്ടനാട്ടില്‍ പ്രളയം സര്‍വനാശം വിതച്ചു. കേറിക്കിടക്കാന്‍ ജനങ്ങള്‍ ഒരിടം ചോദിച്ചപ്പോള്‍ ഒട്ടും മടിക്കാതെ ഹൗസ്ബോട്ട് നല്കുകയായിരുന്നെന്നു കുഞ്ഞുമോന്‍ മാത്യു പറഞ്ഞു. പള്ളാത്തുരുത്തി പള്ളിയുടെ തെക്കുവശത്താണ് ഹോളിഡേ ഹോമിലെ ക്യാമ്പ്.
വീടുകള്‍ വെള്ളത്തില്‍ മുങ്ങിയപ്പോള്‍ കൊച്ചു വള്ളത്തില്‍ ഇവിടെ എത്തിയതാണെന്ന് ഹൗസ്ബോട്ടില്‍ കഴിയുന്ന രാജേന്ദ്രന്‍ പറഞ്ഞു. ഏഴു വീടുകളിലെ 35പേര്‍ക്കാണ് ഈ ഹൗസ്ബോട്ട് അഭയമൊരുക്കുന്നത്.
തിരിച്ചു ചെല്ലുമ്പോള്‍ വീടുകളുടെ അവസ്ഥ എന്തായിരിക്കുമെന്ന ആധിയാണ് ക്യാമ്പില്‍ കഴിയുന്ന ചിത്ര പങ്കുവെച്ചത്. കുത്തിയൊലിച്ചെത്തുന്ന വെള്ളത്തെ മറികടന്ന് ഇവിടെ എത്താനാകുമെന്നു കരുതിയതല്ല. പ്രതിസന്ധി മറികടക്കാന്‍ സഹായിച്ച ഹൗസ്ബോട്ട് ഉടമയ്ക്ക് ചിത്ര നന്ദി പറഞ്ഞു.
ഹൗസ്ബോട്ട് ഓണേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് വേണുഗോപാല്‍, സെക്രട്ടറി ജോബിന്‍ ജെ അക്കരക്കളത്തില്‍, ജോയിന്റ് സെക്രട്ടറി ടോമി ജോസഫ്,ഷാജി മാളിയേല്‍,അജു ജേക്കബ് തുടങ്ങിയവരാണ് ഹൗസ്ബോട്ട് ഓണേഴ്സ് ഫെഡറേഷന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
(ഇത്തരം അതിജീവനത്തിന്റെയും ഇച്ഛാശക്തിയുടെയും പിന്തുണയുടെയും വാര്‍ത്തകളും കാഴ്ചകളും നമുക്ക് ചുറ്റുമുണ്ട്. ടൂറിസം മേഖലയിലെ വാര്‍ത്തകളാണ് ടൂറിസം ന്യൂസ് ലൈവ് പങ്കുവെയ്ക്കുന്നത്.എല്ലാ ശ്രമങ്ങളും അഭിനന്ദനാര്‍ഹം)