News

അലക്‌സ ഇനി മലയാളം സംസാരിക്കും

ആമസോണിന്റെ അലക്‌സയും മലയാളം പഠിക്കുന്നു. ഇംഗ്ലീഷിലുള്ള നിര്‍ദേശം മാത്രം സ്വീകരിച്ചിരുന്ന അലക്‌സയോട് ഇന് മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷയില്‍ നിര്‍ദേശങ്ങള്‍ കൈമാറാന്‍ സാധിക്കും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സില്‍ അധിഷ്ഠിതമായ ആമസോണിന്റെ ഡിജിറ്റല്‍ ഡിവൈസാണ് അലക്‌സ. ഇംഗ്ലീഷില്‍ നല്‍കുന്ന കമാന്‍ഡുകള്‍ മാത്രമാണ് അലക്‌സ സ്വീകരിച്ചിരുന്നത്. എന്നാല്‍ ആമസോണിന്റെ ഏറ്റവും പുതിയ സാങ്കേതികവിദ്യയായ ക്ലിയോ സ്‌കില്ലിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത് സാധ്യമാകുക.

ക്ലിയോ സ്‌കില്ലിന്റെ സഹായത്തോടെ ആമസോണിന്റെ അലക്‌സ ഡിവൈസിനെ മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്കു തുടങ്ങിയ ഇന്ത്യന്‍ പ്രാദേശിക ഭാഷകളും, സംസ്‌കാരവും ഉപയോക്താക്കള്‍ക്ക് പഠിപ്പിക്കാന്‍ സാധിക്കും.

ക്ലിയോസ്‌കിള്‍ ആശയവിനിമയത്തിലൂടെ അലക്‌സയുടെ പ്രദേശികഭാഷാ നൈപുണ്യം വികസിപ്പിക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടലുകള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രാദേശിക ഭാഷയില്‍ തന്നെ മറുപടി നല്‍കാനും അലക്‌സയെ പ്രാപ്തമാക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

അലക്‌സ ആപ്പിലെ സ്‌കിള്‍ സെക്ഷനിലോ ആമസോണ്‍ ഇക്കോ, അലക്‌സഡിവൈസിലോ ക്ലിയോ സ്‌കില്‍ സംവിധാനം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുമെന്ന് ആമസോണ്‍ അറിയിച്ചു.

ഉപയോക്താവിന്റെ ആവശ്യങ്ങള്‍ കേട്ടറിഞ്ഞ് ചെയ്തുകൊടുക്കുന്ന വെര്‍ച്വല്‍ അസിസ്റ്റന്റ് സാങ്കേതികവിദ്യ ആപ്പിള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ വികസിപ്പിച്ചെടുത്തിട്ടുണ്ട്. സിരി എന്ന് പേരുള്ള ആ സൗകര്യം എല്ലാ ഐഫോണുകളിലും നിലവില്‍ ലഭ്യവുമാണ്.