കൊച്ചി വിമാനത്താവളം പുനരാരംഭിച്ചു ; ആദ്യ വിമാനത്തില്‍ യാത്രക്കാരനായി രാഹുല്‍ഗാന്ധിയും
വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് രണ്ടാഴ്ചയായി അടച്ചിട്ടിരുന്ന കൊച്ചി വിമാനത്താവളം പൂര്‍ണതോതില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 2.06 ന് അഹമ്മദാബാദില്‍ നിന്നുള്ള ഇന്‍ഡിഗോ (6ഇ 667) വിമാനമാണ് പുനരാരംഭിച്ച ശേഷം വിമാനത്താവളത്തില്‍ ആദ്യമെത്തിയത്.
പെരിയാര്‍ കരകവിഞ്ഞൊഴുകിയതോടെ ഓഗസ്റ്റ് 15 ന് പുലര്‍ച്ചെയാണ് വിമാനത്താവളം അടച്ചത്. പരിസര പ്രദേശങ്ങള്‍ക്കൊപ്പം വിമാനത്താവളവും വെള്ളത്തിനടിയിലായി. ചുറ്റുമതില്‍ തകര്‍ന്നതുള്‍പ്പെടെ സാരമായ കേടുപാടുകള്‍ വിമാനത്താവളത്തിന് സംഭവിച്ചു. വൈദ്യുതി വിതരണ സംവിധാനം, റണ്‍വെ ലൈറ്റുകള്‍, ജനറേറ്ററുകള്‍ എന്നിവയെല്ലാം തകരാറിലായി. വെള്ളം ഇറങ്ങിക്കഴിഞ്ഞ് ഓഗസ്റ്റ് 20 നാണ് സിയാല്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പരിശോധന പൂര്‍ത്തിയായതോടെ വിമാനത്താവളം സമ്പൂര്‍ണ ഓപ്പറേഷന് സജ്ജമായി.
ബുധനാഴ്ച ഉച്ചയ്ക്ക് അഹമ്മദാബാദില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനമെത്തിയതോടെ സിയാല്‍ വീണ്ടും തിരക്കിലായി. ഉച്ചയ്ക്ക് 3.25 നുള്ള ബാംഗ്ലൂര്‍ ഇന്‍ഡിഗോയാണ് ആദ്യമായി ടേക് ഓഫ് നടത്തിയത്.
ആദ്യ ടേക് ഓഫിന് അപ്രതീക്ഷിതമായൊരു വിഐപി യാത്രക്കാരനുണ്ടായിരുന്നു, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സംസ്ഥാനത്തെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം രാഹുല്‍ ബുധനാഴ്ച ഉച്ചയോടെ ഹെലിക്കോപ്ടറില്‍ കൊച്ചി വിമാനത്താവളത്തിലെത്തിയിരുന്നു. വിമാനത്താവള പ്രവര്‍ത്തനം പൂര്‍ണതോതില്‍ ആയതോടെ രാഹുല്‍ തുടര്‍യാത്ര കൊച്ചിയില്‍ നിന്നുള്ള വിമാനത്തിലാക്കി.
മസ്ക്കറ്റില്‍ നിന്നുള്ള ജെറ്റ് എയര്‍വേയ്സ് വിമാനം വൈകീട്ട് നാലരയോടെ എത്തി. പുനരുദ്ധരിച്ച വിമാനത്താവളത്തില്‍ എത്തിയ ആദ്യ രാജ്യാന്തര സര്‍വീസ് ആണിത്. വിമാനത്താവളം പൂര്‍ണ സജ്ജമായ ആദ്യദിനം ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ അര്‍ധരാത്രി വരെ 33 ലാന്‍ഡിങ്ങും 30 ടേക് ഓഫും നടക്കും.ഒരു സര്‍വീസ് പോലും റദ്ദുചെയ്തിട്ടില്ല.