India

തീവണ്ടികള്‍ക്ക് കുതിച്ച് പായാന്‍ അലുമിനിയം കോച്ചുകളൊരുക്കാന്‍ റെയില്‍വേ

റായ്ബറേലിയിലെ മോഡേണ്‍ കോച്ച് ഫാക്ടറി റെയില്‍വേയ്ക്കായി പുതിയ അലുമിനിയം കോച്ചുകള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. കനംകുറഞ്ഞതും കൂടുതല്‍ ഉറപ്പുള്ളതുമായ ഇത്തരം കോച്ചുകള്‍ ഇന്ത്യയില്‍ ആദ്യമാണ്.

തീവണ്ടികളുടെ വേഗത വര്‍ധിപ്പിക്കാന്‍ കുറഞ്ഞ ഊര്‍ജം ഉപയോഗിച്ചാല്‍ മതി എന്നതാണ് അലൂമിനിയം കോച്ചുകളുടെ മറ്റൊരു പ്രത്യേകത. ഇന്ത്യന്‍ റെയില്‍വേയുടെ ആധുനിക വത്കരണത്തിന്റെ ഭാഗമായാണ് ഈ പുതിയ മാറ്റം.

അലുമിനിയം കോച്ച് നിര്‍മ്മിക്കാനുള്ള സാങ്കേതികവിദ്യ യൂറോപ്പില്‍ നിന്നോ ജപ്പാനില്‍ നിന്നോ ആയിരിക്കും മോഡേണ്‍ കോച്ച് ഫാക്ടറി സ്വീകരിക്കുക. ഇതിനായി ആഗോള ടെന്‍ഡര്‍ കൊണ്ടുവരും.

യൂറോപ്യന്‍ രാജ്യങ്ങളിലും ജപ്പാനിലും 15 വര്‍ഷത്തില്‍ ഏറെയായി അലുമിനിയം കോച്ചുകള്‍ ഉപയോഗിക്കുന്നുണ്ട്. യൂറോപ്പ് സന്ദര്‍ശനം നടത്തിയ റെയില്‍വേ സംഘമാണ് അലുമിനിയം കോച്ചുകള്‍ നിര്‍ദേശിച്ചത്.

അലുമിനിയം കോച്ചുകള്‍ തുരുമ്പില്‍ നിന്ന് വിമുക്തമായതിനാല്‍ തന്നെ സാധാരണ കോച്ചുകളെക്കാള്‍ കൂടുതല്‍ നിലനില്‍ക്കും. വര്‍ഷത്തില്‍ 500 അലുമിനിയം കോച്ചുകള്‍ നിര്‍മ്മിക്കാനാണ് കോച്ച് ഫാക്ടറി അധികൃതരുടെ തീരുമാനം. ആദ്യഘട്ടത്തില്‍ 250 കോച്ചുകള്‍ നിര്‍മ്മിക്കും.