News

അടിമുടി മാറ്റത്തിനൊരുങ്ങി റെയില്‍വേ

റെയില്‍വേ അടിമുടി മാറ്റത്തിന്റെ പാതയിലാണ്. കാലത്തിന് അനുസരിച്ചുളള മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് റെയില്‍വേയെ പരിഷ്‌കരിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ഇതിലുടെ സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാന്‍ കഴിയുമെന്നും റെയില്‍വേ ഉന്നതവൃത്തങ്ങള്‍ വിശ്വസിക്കുന്നു.

ദീര്‍ഘദൂര യാത്രകള്‍ പലപ്പോഴും യാത്രക്കാര്‍ക്ക് മടുപ്പ് ഉളവാക്കാറുണ്ട്. ഇതിന് പരിഹാരം കാണാനുളള ശ്രമത്തിലാണ് റെയില്‍വേ. ഇതിലുടെ ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കാമെന്ന പ്രതീക്ഷയും റെയില്‍വേ വെച്ചുപുലര്‍ത്തുന്നു. ട്രെയിനില്‍ ഷോപ്പിങിനുളള സൗകര്യം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചാണ് റെയില്‍വേ ഗൗരവമായി ആലോചിക്കുന്നത്. പ്രീമിയം ട്രെയിനുകളില്‍ നടപ്പിലാക്കി വിജയിച്ചാല്‍ മറ്റു ദീര്‍ഘദൂര ട്രെയിനുകളിലും വ്യാപിപ്പിക്കാനാണ് റെയില്‍വേ പദ്ധതിയിടുന്നത്. ഡിസംബറോടെ ആദ്യഘട്ട പ്രവര്‍ത്തനം ആരംഭിക്കാനാണ് പദ്ധതി.

വെസ്റ്റേണ്‍, സെന്‍ട്രല്‍ റെയില്‍വേകളാണ് ഇതിനെ കുറിച്ച് ആലോചിക്കുന്നത്. പെര്‍ഫ്യൂംസ്, ബാഗുകള്‍, വാച്ചുകള്‍, ഉള്‍പ്പെട യാത്രയ്ക്ക് ആവശ്യമായ ഉത്പനങ്ങല്‍ ട്രെയിനില്‍ ലഭ്യമാക്കാനാണ് അധികൃതര്‍ പദ്ധതിയിടുന്നത്. ടിക്കറ്റ് ഇതര വരുമാനം 1200 കോടി രൂപയായി ഉയര്‍ത്താന്‍ വിവിധ സോണുകളോട് റെയില്‍വേ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് നീക്കം.

സെപ്റ്റംബറില്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കാനാണ് വെസ്റ്റേണ്‍ റെയില്‍വേ ആലോചിക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ ഡിസംബറോടെ ശതാബ്ദി ട്രെയിനുകളില്‍ ഷോപ്പിങ് വില്‍പ്പനയ്ക്ക് തുടക്കമിടാനാണ് വെസ്റ്റേണ്‍ റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്. സെന്‍ട്രല്‍ റെയില്‍വേ ഒക്ടോബറോടെ ഷോപ്പിങ് വില്‍പ്പന നടത്താനുളള സാധ്യതയാണ് തേടുന്നത്. ചെന്നൈ എക്‌സ്പ്രസ്, കൊണാര്‍ക്ക് എക്‌സ്പ്രസ്, എറണാകുളം- നിസാമുദ്ദീന്‍ ദുരന്തോ എക്സ്രപ്രസുകളില്‍ സേവനം ലഭ്യമാക്കാനാണ് പദ്ധതി. എസി കോച്ചുകളിലാണ് ഈ സൗകര്യം ആദ്യം ഏര്‍പ്പെടുത്തുക.

യാത്രക്കാരില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ചാല്‍ ഈ വില്‍പ്പന വ്യാപിപ്പിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഇതിന് പുറമേ പ്രമുഖ റെയില്‍വേ സ്റ്റേ്ഷനുകളില്‍ ബോഡി മാസ് ഇന്‍ഡക്‌സ് കിയോസ്‌ക്കുകള്‍ സ്ഥാപിക്കാനുളള ആലോചനയും റെയില്‍വേയ്ക്കുണ്ട്. റെയില്‍വേ സ്‌റ്റേഷനുകളില്‍ ഫൂട്ട് മസാജിന് റോബോട്ടിക് മസാജ് കസേരകള്‍ സ്ഥാപിക്കുന്നതിനെ കുറിച്ചും റെയില്‍വേ ചിന്തിച്ചുവരുകയാണ്.