News

സ്‌പൈസ്‌ജെറ്റ് പറക്കും ഇനി ജൈവ ഇന്ധനമുപയോഗിച്ച്

ജൈവ ഇന്ധമുപയോഗിച്ച് രാജ്യത്തെ ആദ്യ വിമാന പറപ്പിക്കാന്‍ ഒരുങ്ങി ബജറ്റ് എയര്‍ലൈന്‍സ് സ്‌പൈസ്‌ജെറ്റ്. ജൈവ ഇന്ധനമുപയോഗിച്ച് കൊണ്ട് ഡെറാഡൂണ്‍ മുതല്‍ ഡല്‍ഹി വരെയാവും ആദ്യ പരീക്ഷണപ്പറക്കല്‍ നടത്തുക. കേന്ദ്ര മന്ത്രിമാരും സ്‌പൈസ്‌ജെറ്റ് ഉന്നത വൃത്തങ്ങളും ന്യൂഡല്‍ഹി ഇന്ദിരഗാന്ധി വിമാനത്താവളത്തില്‍ പറന്നിറങ്ങുന്ന വിമാനത്തിനെ സ്വീകരിക്കും.

സ്‌പൈസ്‌ജെറ്റിന്റെ ക്യു400 ടര്‍ബോപ്രോപ്പ് വിമാനത്തിന്റെ ഒരു ടര്‍ബൈന്‍ എന്‍ജിനാണ് ജൈവ ഇന്ധനമുപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുക. പരീക്ഷണപ്പറക്കല്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലായിരിക്കും.

നിലവില്‍ കാനഡയില്‍ ജൈവ ഇന്ധനമുപയോഗിച്ച് വിമാന സര്‍വീസ് നടത്തുന്നുണ്ട്. എയര്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ (എ.ടി.എഫ്) വില വര്‍ദ്ധന ആഭ്യന്തര വിമാന സര്‍വീസുകളെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് ഈ പരീക്ഷണമെന്നതും ശ്രദ്ധേയമാണ്. ഗ്യാസ് ടര്‍ബൈന്‍ എന്‍ജിനുകള്‍ ഉപയോഗിക്കുന്ന വിമാനങ്ങളിലാണ് എ.ടി.എഫ് ഉപയോഗിക്കുന്നത്.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ പ്രമുഖ വിമാനക്കമ്പനികളുടെ ആഭ്യന്തര സര്‍വീസുകള്‍ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇന്ധനം വാങ്ങാനാണ് ആഭ്യന്തര വിമാനസര്‍വീസുകളുടെ ചിലവിന്റെ അമ്പതു ശതമാനത്തോളം ഉപയോഗിക്കുന്നത്.

ഇന്ധന ഇറക്കുമതിയെ ആശ്രയിക്കാതെ ഗതാഗതം ലാഭകരമാക്കുക എന്ന കേന്ദ്ര സര്‍ക്കാരിന്റെ നയത്തിന് അനുകൂലമായ തീരുമാനമാണ് ജെറ്റ് എയര്‍വേയ്‌സിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ഈ രംഗത്ത് കൂടുതല്‍പരീക്ഷണങ്ങള്‍ക്ക് ഇത് വഴിവെച്ചേക്കുമെന്നാണ് കരുതുന്നത്.