നുകരാം അല്‍പം വില കൂടിയ ചായ
അസം ടി ട്രെയ്‌ഡേഴ്‌സ് ഒരു കിലോ തേയില വാങ്ങിയതിലൂടെ ചരിത്രത്തിന്റെ തന്നെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല തേയിലയുടെ വില തന്നെ ഒരു കിലോയ്ക്ക് 40000 രൂപ. ഗുവാഹത്തിയിലെ പരമ്പരാഗത ചായക്കടക്കാരായ അസം ടി ട്രെയ്‌ഡേഴ്‌സ് ടീ ഓക്ഷന്‍ സെന്ററില്‍ നടന്ന ലേലത്തിലാണ് പ്രത്യേകതകള്‍ ഏറെയുള്ള ഗോള്‍ഡന്‍ നീഡില്‍ ടീ വന്‍വില കൊടുത്ത് സ്വന്തമാക്കിയത്.
ചരിത്രത്തില്‍ എല്ലാക്കാലത്തും ചായ വിലപ്പെട്ട പാനീയം തന്നെയായിരുന്നു. വളരെ യാദൃശ്ചികമായി ചൈനക്കാര്‍ കണ്ടുപിടിച്ച ഈ പാനീയം ബ്രിട്ടീഷുകാര്‍ ഏറ്റെടുത്തതും അസമിലും ഡാര്‍ജിലിങ്ങിലും സിലോണിലും നീലഗിരിയിലുമെല്ലാം വന്‍തോതില്‍ തേയില ഉല്പാദനം ആരംഭിക്കപ്പെട്ടതുമെല്ലാം ഇക്കാരണം കൊണ്ടുതന്നെ. ആ രാജകീയതയുടെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഗുവാഹാത്തിയില്‍ നടന്ന ലേലം.
വളരെ ശ്രദ്ധയോടെ നുള്ളിയെടുത്ത കിളുന്ത് തേയിലയാണ് ഗോള്‍ഡന്‍ നീഡില്‍ ടീ. വളരെ മൃദുവായതും സ്വര്‍ണനിറത്തോട് കൂടിയതുമായ ആവരണം ഈ ഇലകളെ വെല്‍വെറ്റിനു സമാനമായ മൃദുത്വം ഉള്ളതാക്കുന്നു. ഇതുപയോഗിച്ച് തയ്യാറാക്കുന്ന ചായയ്ക്ക് സ്വര്‍ണനിറമായിരിക്കും. രുചിയിലും മണത്തിലും ഗുണമേന്മയിലും ഇതിനോട് കിടപിടിക്കാന്‍ മറ്റൊരു ചായയ്ക്കും കഴിയില്ലെന്നാണ് വിദഗ്ധാഭിപ്രായം.
അരുണാചല്‍പ്രദേശിലെ ഡോണിപോളോ എസ്‌റ്റേറ്റിലാണ് ഗോള്‍ഡന്‍ നീഡില്‍ ടീ ഉല്പാദിപ്പിക്കുന്നത്. റെക്കോഡ് ലേലത്തിലൂടെ അരുണാചല്‍ പ്രദേശും ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്. പ്രകൃതിയുടെ കരവിരുതും തേയിലഉല്പാദനത്തിലെ അതിവൈഗദ്ധ്യവും ഒത്തുചേര്‍ന്നാല്‍ മാത്രമേ ഗോള്‍ഡന്‍ നീഡില്‍ ടീ നിര്‍മ്മിക്കാനാവൂ എന്ന് ഡോണിപോളോ എസ്‌റ്റേറ്റ് മാനേജര്‍ മനോജ്കുമാര്‍ പറഞ്ഞു. സില്‍വര്‍ നീഡില്‍ വൈറ്റ് ടീ ഉല്പാദിപ്പിച്ച് കിലോയ്ക്ക് 17,001 രൂപയ്ക്ക് വിറ്റും ഡോണിപോളോ എസ്‌റ്റേറ്റ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.