ഇതു താനടാ കേരളം; ദുരിതാശ്വാസ സ്ഥലങ്ങളിലെ മതമൈത്രി മാതൃകകള്‍ ; കയ്യടിച്ചു സോഷ്യല്‍ മീഡിയ
പ്രളയക്കെടുതിയില്‍ നിന്ന് കേരളം കര കയറാന്‍ ശ്രമിക്കുന്നതിനിടെ ചില മാതൃകകളെ കയ്യടിച്ചു സോഷ്യല്‍ മീഡിയ. അതിജീവനത്തിന്റെ എല്ലാ ശ്രമങ്ങളെയും സോഷ്യല്‍ മീഡിയ കയ്യടിച്ചെങ്കിലും ഇവയ്ക്കു കയ്യടി കുറച്ചേറെയുണ്ട് .കാരണം ഇത്തരം മാതൃകകള്‍ ഇന്ന് മറ്റെവിടെയും അപൂര്‍വമാണ്.
പ്രളയത്തില്‍ പള്ളി മുങ്ങിയപ്പോള്‍ പെരുനാള്‍ നിസ്കാരത്തിനു ക്ഷേത്രം ഹാള്‍ വിട്ടു നല്‍കിയ വാര്‍ത്ത പുറത്തു വന്നത് കഴിഞ്ഞ ദിവസമാണ്.മാള എരവത്തൂര്‍ എസ്എന്‍ഡിപി ശാഖയുടെ പുരപ്പിള്ളിക്കാവ് രക്തേശ്വരി ക്ഷേത്രഹാളാണ് കൊച്ചുകടവ് മഹല്ല് ജുമാ മസ്ജിദിനു കീഴിലെ നൂറോളം വിശ്വാസികള്‍ക്ക് നിസ്കാരവേദിയായത്.വിശ്വാസികള്‍ക്ക് വേണ്ട സൗകര്യം ക്ഷേത്രം ഭാരവാഹികള്‍ ഒരുക്കിയിരുന്നു.
വെള്ളം കയറിയ വയനാട് വെണ്ണിയോട് മഹാവിഷ്ണു ക്ഷേത്രം വൃത്തിയാക്കിയത് സ്ഥലത്തെ ഒരു കൂട്ടം മുസ്ലിം മതവിശ്വാസികളായ ചെറുപ്പക്കാരാണ്. ക്ഷേത്രം വൃത്തിയാക്കാന്‍ ഇവരെ ക്ഷണിച്ചത് സമീപത്തെ ഹൈന്ദവ വിശ്വാസികളും.
പാലക്കാട് മണ്ണാര്‍കാട്ടിനു സമീപം കോല്‍പ്പാടത്തെ അയ്യപ്പക്ഷേത്രം വൃത്തിയാക്കിയതും മുസ്ലിം ചെറുപ്പക്കാരാണ്. സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്‍ പ്രവര്‍ത്തകരാണ് ഈ ക്ഷേത്രം വൃത്തിയാക്കി പ്രാര്‍ഥനാ സജ്ജമാക്കിയത്.
പെരുന്നാളിന്‍റെ സായാഹ്നത്തില്‍ കന്യാസ്ത്രീകള്‍ക്ക് കയ്യില്‍ മൈലാഞ്ചി ഇട്ടുകൊടുക്കുന്ന മുസ്ലീം സ്ത്രീകളുടെ ചിത്രവും ദുരിതാശ്വാസ ക്യാമ്പുകളില്‍ കണ്ടു.
കൊടുങ്ങല്ലൂരിലെ ക്യാമ്പില്‍ നിന്നും അഫ്സല്‍ അമീര്‍ ആണ് ഈ മൈലാഞ്ചിയിടല്‍ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പങ്കു വെച്ചത്