ഒപ്പമുണ്ട് താരങ്ങള്‍; ഒത്തിരി മുന്നേറും നമ്മള്‍
പ്രളയക്കെടുതിയില്‍പെട്ട കേരളത്തിന് താങ്ങായി പ്രമുഖ താരങ്ങളും. ബോളിവുഡ് താരം രണ്‍ബീര്‍ ഹൂഡ കേരളത്തിലെത്തി ദുരിതാശ്വാസ ക്യാമ്പില്‍ ആഹാരം പാചകം ചെയ്തു നല്‍കി. ഖല്‍സ എയിഡ് ടീമിനൊപ്പമാണ് രണ്‍ബീര്‍ ദുരിതബാധിതര്‍ക്ക് ആഹാരം പാചകം ചെയ്തു നല്‍കിയത്. ഖല്‍സ എയിഡ് ആണ് ഇന്‍സ്റ്റാഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്.
അമിതാഭ് ബച്ചന്‍ 51ലക്ഷം രൂപയും വസ്ത്രങ്ങളും ഷൂസുകളും സംഭാവന ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിനിമാ താരങ്ങളുടെ സഹായം ഏകോപിപ്പിക്കുന്ന റസൂല്‍ പൂക്കുട്ടിയെയാണ് തുക ഏല്‍പ്പിച്ചത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് കോഹ്ലിയും ഭാര്യ ചലച്ചിത്ര താരം അനുഷ്കാ ശര്‍മയും ഒരു ട്രക്ക് നിറയെ ഭക്ഷണം, മരുന്നുകള്‍ എന്നിവ കേരളത്തിലേക്ക് അയച്ചു. മൃഗങ്ങളുടെ പരിപാലനത്തിന് എട്ടംഗ സംഘത്തെയും അയച്ചിട്ടുണ്ട്.
സുശാന്ത് സിംഗ് രാജ്പുട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കി. കുനാല്‍ കപൂര്‍ തന്റെ വെബ്സൈറ്റിലൂടെ ഒന്നരക്കോടി രൂപ സമാഹരിച്ചു നല്‍കി.
പ്രതീക് ബബ്ബാര്‍,സിദ്ധാര്‍ഥ് കപൂര്‍ എന്നിവര്‍ ധനശേഖരണാര്‍ത്ഥം കൂട്ടായ്മ സംഘടിപ്പിക്കും.സോനു സൂദ്,അര്‍ജുന്‍ രാംപാല്‍,അര്‍ബാസ് ഖാന്‍,രോഹിത് റോയ്, സണ്ണി ലിയോണ്‍,തുടങ്ങിയവര്‍ കൂട്ടായ്മയില്‍ പങ്കെടുക്കുമെന്നാണ് സൂചന.
ഇഷാ ഗുപ്ത,ദിനോ മോറിയ,സോണാല്‍ ചൗഹാന്‍,അലി ഫസല്‍ എന്നിവര്‍ കേരളത്തെ സഹായിക്കാന്‍ ആരാധകരോട് അഭ്യര്‍ഥിച്ചു.