കേള്‍ക്കാം ഈ വാട്ടര്‍പാര്‍ക്കുകളുടെ ദയനീയ കഥ
കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വിനോദവേളകള്‍ക്കായി തിരഞ്ഞെടുക്കുന്ന രസകരമായ ഇടമാണ് വാട്ടര്‍തീം പാര്‍ക്കുകള്‍. സന്ദര്‍ശകരായി എത്തുന്ന എല്ലാവരിലും ആഹ്‌ളാദം നിറയ്ക്കാന്‍ ഇവിടുത്തെ വിനോദങ്ങള്‍ക്ക് നിഷ്പ്രയാസം കഴിയും. വേനല്‍ അവധികളിലാണ് കൂടുതലാളുകള്‍ ഇവിടേക്ക് പോകുന്നത്. എന്നാല്‍ ഒരുകാലത്ത് പ്രശസ്തമായിരുന്ന എന്നാല്‍ അകാലത്തില്‍ താഴിട്ട് പൂട്ടേണ്ടി വന്ന വാട്ടര്‍ തീം പാര്‍ക്കുകളെ പരിചയപ്പെടാം.
ഹൊയ് തുയ് ടിയെന്‍ ഇന്‍ ഹുയ്, വിയറ്റ്‌നാം
ലോകത്തിലെ ഏറ്റവും പ്രശസ്തമായിരുന്ന വാട്ടര്‍ പാര്‍ക്ക് ആണിത്. വിയറ്റ്‌നാമിലെ ഏറ്റവും പ്രശസ്തമായ, വിനോദ സഞ്ചാരികള്‍ ഏറ്റവും കൂടുതലെത്തുന്ന പാര്‍ക്കുകളിലൊന്ന്. 3 മില്യണ്‍ ഡോളര്‍ ചെലവാക്കി, 2004 ലാണ് മുഴുവന്‍ നിര്മിതിയും പൂര്‍ത്തിയാക്കി ഈ പാര്‍ക്ക് സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തത്. പക്ഷേ, കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം പൂട്ടേണ്ടിവന്നു.
സഫാരി ലഗൂണ്‍ വാട്ടര്‍ പാര്‍ക്ക്, പാന്‍ഡാന്‍, സെലന്‍ഗോര്‍, മലേഷ്യ
ഒരു ഷോപ്പിംഗ് സെന്ററിന്റെ ഏറ്റവും മുകളിലായാണ് ഈ പാര്‍ക്കിന്റെ സ്ഥാനം. തെക്കു കിഴക്കനേഷ്യയിലെ ഏറ്റവും വലിയ തീം പാര്‍ക്കെന്ന വിശേഷണത്തോടെയാണ് സഞ്ചാരികള്‍ക്കുവേണ്ടി 1998 ല്‍ ഈ പാര്‍ക്ക് തുറക്കപ്പെട്ടത്. എന്നാല്‍ അധികം താമസിയാതെ 2007 ല്‍ പൂട്ടേണ്ടി വന്നു. പൂട്ടാനുള്ള കാരണങ്ങള്‍ രണ്ടായിരുന്നു. അതില്‍ ആദ്യത്തേത്, ലൈസെന്‍സ് ഇല്ലാതെയാണ് എട്ടുവര്‍ഷത്തോളം ഇത് പ്രവര്‍ത്തിച്ചത് എന്നതായിരുന്നു. രണ്ടാമത്തേത്, ഇവിടുത്തെ ഒരു ജീവനക്കാരന്‍ വാട്ടര്‍ പമ്പ് കമ്പാര്‍ട്‌മെന്റില്‍പ്പെട്ട് അതിദാരുണമായി കൊല്ലപ്പെട്ടതാണ്. ഈ രണ്ടുകാര്യങ്ങളും ഈ വാട്ടര്‍പാര്‍ക്കിന് താഴിട്ടു പൂട്ടാന്‍ കാരണമായി.
വാട്ടര്‍ വണ്ടര്‍ലാന്‍ഡ് ഇന്‍ മിഡ് ലാന്‍ഡ്- ഒഡേസ, ടെക്‌സാസ്, യു എസ് എ
വേനല്‍ക്കാലങ്ങളില്‍ ഒഡേസയിലെ ജനങ്ങളുടെ ആഘോഷങ്ങള്‍ മുഴുവന്‍ ഈ പാര്‍ക്കിലായിരുന്നു. 1980 ലാണ് ഈ വാട്ടര്‍ പാര്‍ക്ക് വിനോദങ്ങളുടെ അത്ഭുത ലോകം തുറന്നത്. എന്നാല്‍ അധികം താമസിയാതെ തന്നെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഈ പാര്‍ക്കിനെ ബാധിച്ചു. തുടര്‍ന്ന് 1990 ല്‍ പാര്‍ക്ക് ഉടമകള്‍ പാപ്പരത്വം ഫയല്‍ ചെയ്തു. ഇതിനിടയില്‍ പാര്‍ക്കിലെത്തിയ ഒരു കുഞ്ഞിന് അപകടം സംഭവിച്ചതും വണ്ടര്‍ലാന്‍ഡില്‍ നിന്നും ജനങ്ങളെ അകറ്റി. 2003 ല്‍ പാര്‍ക്ക് പൂട്ടി.
ലേക്ക് ഡൊളോറസ് വാട്ടര്‍പാര്‍ക്ക് ന്യൂസ്ബെറി സ്പ്രിങ്‌സ്, കാലിഫോര്‍ണിയ, യു എസ് എ
1960 ലാണ് തദ്ദേശീയനായ ഒരു ബസിനസ്സുകാരന്‍ തന്റെ ഭാര്യയുടെ പേരില്‍, കുടുംബത്തിനുവേണ്ടി നിര്‍മിച്ചതാണ് ഈ വാട്ടര്‍പാര്‍ക്ക്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പലതരത്തിലുള്ള നിരവധി റൈഡുകള്‍ ഇവിടെ സ്ഥാപിക്കപ്പെട്ടു. 1970 ആയപ്പോഴേക്കും ഈ വാട്ടര്‍പാര്‍ക്ക് പൊതുജനത്തിനായി തുറന്നുകൊടുക്കയും അന്നാട്ടിലെ ഏറ്റവും പ്രശസ്തമായ വാട്ടര്‍പാര്‍ക്കായി മാറുകയും ചെയ്തു. ആദ്യ കാലത്തെ വന്‍ സ്വീകാര്യതക്കു ശേഷം പ്രതാപം നഷ്ടപ്പെട്ട വാട്ടര്‍പാര്‍ക്ക് 1980 ഓടെ അടച്ചു.
എങ്കിലും 1950 കളിലുണ്ടായിരുന്ന റോക്ക്-എ-ഹൂല വാട്ടര്‍പാര്‍ക്കിന്റെ പ്രമേയത്തെ പുനഃസൃഷ്ടിച്ചുകൊണ്ട് 1998 ല്‍ പാര്‍ക്ക് വീണ്ടും തുറന്നു. എങ്കിലും അധികനാളുകള്‍ അതിജീവിക്കാന്‍ സാധിച്ചില്ല. കൂടാതെ, ഒരു ജീവനക്കാരനുണ്ടായ അപകടം കൂടിയായപ്പോള്‍ നാശം പൂര്‍ത്തിയായി. 2002-2004 കാലഘട്ടത്തില്‍ ഡിസ്‌കവറി വാട്ടര്‍ പാര്‍ക്ക് എന്ന പേരില്‍ രക്ഷിക്കാനുള്ള ഒരവസാന ശ്രമം കൂടി നടത്തിനോക്കിയെങ്കിലും അതും പരാജയപ്പെട്ടു. പിന്നീട് 2012 ല്‍ ഒരു സിനിമയുടെ ലൊക്കേഷനായും 2015 ല്‍ മിനികൂപ്പറിന്റെ പരസ്യത്തിനായുമെല്ലാം വാട്ടര്‍ പാര്‍ക്കുകളുടെ ഈ പഴമക്കാരനെ ഉപയോഗിച്ചുവരുന്നു.
ഡിസ്നീസ് റിവര്‍ കണ്‍ട്രി, ഫ്‌ലോറിഡ, യു എസ് എ
വാള്‍ട്ട് ഡിസ്‌നി വേള്‍ഡിലെ ആദ്യത്തെ വാട്ടര്‍ പാര്‍ക്കാണ് ഡിസ്നീസ് റിവര്‍ കണ്‍ട്രി. 1976 ലാണിത് സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തത്. സുരക്ഷാവീഴ്ചകളുടെ ഫലമായി നിരവധി അപകടങ്ങളുണ്ടായതും സെപ്തംബര്‍ 11 ലെ ഭീകരാക്രമണത്തെ തുടര്‍ന്ന് സഞ്ചാരികളുടെ വരവ് കുറഞ്ഞത് ഡിസ്‌നി ദ്വീപിനൊപ്പം തന്നെ ഈ പാര്‍ക്കിനും അവസാനം കുറിപ്പിച്ചു.