പ്രായം കൂടും തോറും ഈ വാഹനങ്ങള്‍ക്ക് മൂല്യം കൂടും
1. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്
കൊളോണിയല്‍ കാലം ഇന്ത്യയ്ക്കു നല്‍കിയ വിലപ്പെട്ട സമ്മാനങ്ങളിലൊന്നാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്. ബ്രിട്ടീഷ് കമ്പനി റോയല്‍ എന്‍ഫീല്‍ഡ് നിര്‍മിച്ച 4-സ്‌ട്രോക്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ മോട്ടോര്‍ സൈക്കിള്‍ ആണിത്. 1971 ല്‍ റോയല്‍ എന്‍ഫീല്‍ഡ് കമ്പനി നിലച്ചു. ഇപ്പോള്‍ ഈ ബ്രിട്ടീഷ് കമ്പനിയുടെ പിന്തുടര്‍ച്ചക്കാര്‍ ആയ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സ് ( ചെന്നൈ , ഇന്ത്യ) ആണ് ഈ മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മിക്കുന്നത്. ദീര്‍ഘദൂരം യാത്ര ചെയ്യാനിഷ്ടപ്പെടുന്നവര്‍ക്ക് ഇന്ത്യയില്‍ ഏക ആശ്രയമായിരുന്നു ഒരുകാലത്ത് ഈ 350സിസി ബൈക്കുകള്‍. 1994ല്‍ റോയല്‍ എന്‍ഫീല്‍ഡില്‍ നിന്ന് ആദ്യ 500 സിസി ബൈക്ക് പുറത്തിറങ്ങി.
2. യമഹ ആര്‍ എക്‌സ് 100
ഒരു കാലത്ത് കാമ്പസുകളുടെ ആവേശമായിരുന്നു ഈ മെലിഞ്ഞ സുന്ദരന്‍. ഇവന്റെ പേര് ഇരുചക്ര വാഹന പ്രേമികളുടെ ചുണ്ടിലും നെഞ്ചിലും ഇന്നും മായാതെ അവശേഷിക്കുന്നു. 1985 ലാണ് ജപ്പാന്‍ കമ്പനിയായ യമഹ ആര്‍എക്‌സ് 100 നു രൂപം കൊടുക്കുന്നത്. അതേവര്‍ഷം നവംബറില്‍ വിപണി പ്രവേശം. 98 സി സി ശക്തിയുള്ള ടൂ-സ്‌ട്രോക്ക് എഞ്ചിന്‍. എയര്‍ കൂളിങ് സിസ്റ്റം. 1985ന്റെ ഒടുവിലും -86 ന്റെ തുടക്കത്തിലുമാണ് ഇന്ത്യന്‍ നിരത്തില്‍ ഇവന്‍ അവതരിക്കുന്നത്. ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്ത ഘടകങ്ങള്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്തായിരുന്നു നിര്‍മ്മാണം. എസ്‌കോര്‍ട്‌സ് ലിമിറ്റഡുമായി സഹകരിച്ചായിരുന്നു യമഹ ആര്‍എക്‌സ് 100 നെ ഇന്ത്യന്‍ വിപണിയിലിറക്കിയത്. അക്കാലത്ത് കാമ്പസ് യുവത്വത്തെ ഹരം കൊള്ളിച്ചിരുന്നു ആര്‍ എക്‌സ് 100. അതിന്റെ ഇരമ്പല്‍ ശബ്ദം ബുള്ളറ്റിന്റെ ഫട് ഫടിനേക്കാളും ക്യാമ്പസുകളെ പുളകം കൊള്ളിച്ചിരുന്ന കാലം. യമഹയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ ജനപ്രീതി നേടിക്കൊടുത്തതില്‍ ഒന്നാമന്‍. ബുള്ളറ്റ് കഴിഞ്ഞാല്‍ ഏറ്റവും ആരാധകരുള്ള മോട്ടോര്‍ സൈക്കിളും ആര്‍ എക്‌സ് 100 തന്നെയായിരുന്നു. മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്ന് 1996ല്‍ ആര്‍എക്‌സ് 100നെ യമഹ വിപണിയില്‍ നിന്നും പിന്‍വലിച്ചു.
3. യമഹ ആര്‍ഡി 350
ഇന്ത്യയില്‍ പെര്‍ഫോമന്‍സ് ബൈക്കുകളിലെ ഇതിഹാസം. ഈ ടൂ സ്ട്രോക്ക് പാരലല്‍ ട്വിന്‍ എന്‍ജിന്‍ 30.5 കുതിരശക്തി പകരാന്‍ ശേഷിയുണ്ട്. ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ട ആദ്യത്തെ സ്പോര്‍ട്സ് ബൈക്ക്.
സുസുക്കി, ഹാര്‍ലി, കാവാസാക്കി തുടങ്ങിയ വമ്പന്മാരുടെ ടീമുകള്‍ മത്സരിക്കാനൊരുങ്ങി നില്‍ക്കുന്ന ഇടത്തേക്കാണ് 1972ല്‍ ചെറിയൊരു ബൈക്കുമായി യമഹ വരുന്നത്. ആദ്യം പലരും പുച്ഛിച്ച ആ 350 സി സി ടു സ്‌ട്രോക്കുകാരന്‍ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു കാഴ്ചവച്ചത്. ടു സ്‌ട്രോക്ക് ബൈക്കുകളുടെ ചരിത്രം തിരുത്തിക്കുറിച്ചു യമഹ ആര്‍ഡി 350 എന്ന ആ ചെറുപ്പക്കാരന്‍.
അത്യാധുനിക നിര്‍മ്മിതി. റേസ് ബൈക്കുകള്‍ക്ക് സമാനമായ പ്രകടനം. ദൈനംദിന ഉപയോഗത്തിനു പറ്റിയതും അറ്റകുറ്റപ്പണി കുറവുള്ളതുമായ എഞ്ചിന്‍. ആര്‍ഡി 350 വളരെയെളുപ്പം റോഡിലും വിപണയിലും തരംഗം സൃഷ്ടിച്ചു. രാജ്ദൂതിന്റെ ബ്രാന്‍ഡ് നാമത്തില്‍ 1983ല്‍ ഇന്ത്യയില്‍. യുവഹൃദങ്ങള്‍ കീഴടക്കിയ കാലം.
1990 കളില്‍ ഉല്‍പ്പാദനം നിര്‍ത്തി അരങ്ങൊഴിഞ്ഞു. എന്നാല്‍ ഇന്ന് പഴയൊരു ആര്‍ഡിയുടെ വില കേട്ട് ആരും ഞെട്ടരുത്. ഒരു ലക്ഷത്തിലധികം രൂപയാണ് ആര്‍ഡിയുടെ മോഹവില.
4. യെസ്ഡി
100 സി.സി. ബൈക്കുകള്‍ റോഡ് കയ്യടക്കുംമുമ്പ് യെസ്ഡി റോഡ് കിങ്ങായിരുന്നു നിരത്തിലെ രാജാവ്. കിക്ക് ചെയ്ത് സ്റ്റാര്‍ട്ടാക്കി, അതേ കിക്കര്‍ തന്നെ മുന്നോട്ടിട്ട് ഗിയറാക്കി, ഉപ്പൂറ്റികൊണ്ട് ഫസ്റ്റ് ഗിയറിലേക്കിട്ട് പൊട്ടുന്ന ശബ്ദത്തോടെ പോകുന്ന ചെക്ക് സ്വദേശിയായ ജാവ-യെസ്ഡി വാഹനപ്രേമികളുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നു. അതുകൊണ്ടു തന്നെ ഈ ബൈക്കുകളെ പൊന്നും വില കൊടുത്താണ് പലരും ഇന്നും സ്വന്തമാക്കുന്നത്.
5. വിജയ് സൂപ്പറും ലാമ്പ്രട്ടയും
ഒരു കാലത്ത് ഇന്ത്യയില്‍ ഇരുചക്ര വാഹനങ്ങള്‍ സ്വപ്നം കണ്ടിരുന്നവരുടെ മനം കവര്‍ന്നവര്‍; വിജയ് സൂപ്പര്‍ സ്‌കൂട്ടറുകളും ലാമ്പ്രട്ടയും. 1970കളിലും 80കളിലും രാജ്യത്തെ നിരത്തുകളിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു ലക്‌നൗ കേന്ദ്രമായ സ്‌കൂട്ടേഴ്‌സ് ഇന്ത്യയുടെ വിജയ് സൂപ്പര്‍ സ്‌കൂട്ടറുകള്‍. 1983ല്‍ ലോകകപ്പ് സ്വന്തമാക്കിയ ക്രിക്കറ്റ് ടീമിലെ എല്ലാ കളിക്കാര്‍ക്കും സര്‍ക്കാര്‍ സമ്മാനമായി നല്‍കിയത് കമ്പനിയുടെ സ്‌കൂട്ടറായിരുന്നു. 1975ല്‍ ഇറ്റാലിയന്‍ സാങ്കേതിക വിദ്യയില്‍ ഉലപാദനം തുടങ്ങിയ സ്‌കൂട്ടറുകള്‍ 1997ലാണ് ഉല്‍പാദനം നിര്‍ത്തിയത്.
6. സുസുക്കി ഷോഗണ്‍
1980കളിലായിരുന്നു ടിവിഎസ് ഇന്ത്യയില്‍ ആദ്യത്തെ ടിവിഎസ് മോപ്പഡിറക്കുന്നത്. തുടര്‍ന്ന് 1984ല്‍ സുസുക്കിയുമായുള്ള പങ്കാളിത്തത്തില്‍ ബൈക്കുകളുടെ നിര്‍മാണവും വിപണനവും തുടങ്ങി. സുസുക്കിയിമായുള്ള കൂട്ടായ്മയില്‍ 1996ല്‍ വിപണിയിലെത്തിയ സുസൂക്കി ഷോഗണ്‍ 110 സിസി എന്‍ജിനുമായി നിരത്ത് കീഴടക്കി. 14ബിഎച്ചപി കുതിരശക്തിയുള്ള ടൂ സ്ട്രോക്ക് പെട്രോള്‍ എന്‍ജിന്‍ നഗരങ്ങളിലെ ഉപയോഗത്തിനായി ട്യൂണ്‍ ചെയ്യപ്പെട്ടതായിരുന്നു. മികച്ച ഹാന്‍ഡ്ലിങ്ങും പവര്‍ ഡെലിവറിയും ഈ ബൈക്കിന്റെ ആരാധകരുടെ എണ്ണം കൂട്ടി. പെര്‍ഫോമന്‍സ് ഇഷ്ടപ്പെടുന്ന ബൈക്കര്‍മാരെല്ലാം ഷോഗണിലേക്ക് ചേക്കേറി. പിന്നീടെപ്പോഴോ ഷോഗണും അരങ്ങൊഴിഞ്ഞു.