അതിജീവിക്കും നാം : പ്രളയത്തിൽ കൈകോർത്ത ടൂറിസം മേഖലയെ അഭിനന്ദിച്ച് മന്ത്രി
പ്രളയക്കെടുതി നേരിട്ടപ്പോൾ ഒരു ജനത ഒന്നാകെ നിലയുറപ്പിച്ചതിനെ അഭിനന്ദിച്ച് ടൂറിസം ഉപദേശക സമിതി. ടൂറിസം മേഖലയുടെ പ്രവർത്തനങ്ങളെ യോഗത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിനന്ദിച്ചു.
ഹിമാലയൻ മലമടക്കുകളിലെ റാഫ്റ്റിംഗിന് ഉപയോഗിക്കുന്ന റാഫ്റ്റുകൾ എത്തിച്ച് രക്ഷാ പ്രവർത്തനം നടത്തിയ കാലിപ്സോ, ഡൈവിംഗ് വിദഗ്ധരെ ഉപയോഗിച്ച് ദൗത്യത്തിലേർപ്പെട്ട ബോണ്ട് സഫാരി എന്നിവരേയും മന്ത്രി അഭിനന്ദിച്ചു.
ആലപ്പുഴയിലെ ഹൗസ് ബോട്ടുകളിൽ കുട്ടനാട്ടിലെ നിരവധി പ്രളയ ദുരിത ബാധിതർ ഇപ്പോഴും താമസിക്കുന്നുണ്ട്. ടൂറിസത്തിന്റെ ജനകീയ മുഖമാണ് ഇതിൽ പ്രകടമായത്.
കുത്തൊഴുക്കിൽ മൂന്നാർ ഒറ്റപ്പെട്ടപ്പോൾ ദുരന്തബാധിതർക്ക് റിസോർട്ടുകൾ താമസ സൗകര്യം ഒരുക്കിയതിനേയും മന്ത്രി അഭിനന്ദിച്ചു.
ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യസാധനങ്ങളും കുടിവെള്ളവും എത്തിച്ച അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ), ഉത്തരവാദിത്വ ടൂറിസം മിഷൻ എന്നിവരേയും മന്ത്രി പരാമർശിച്ചു.
പ്രളയബാധിതരുടെ പുനരധിവാസത്തിനും മന്ത്രി ടൂറിസം മേഖലയുടെ പിന്തുണ തേടി.
നൂറ്റാണ്ടിലെ വലിയ പ്രളയത്തിൽ കേരളത്തിന് വലിയ തിരിച്ചടിയാണ് നേരിട്ടത് . പ്രത്യേകിച്ച് ടൂറിസം മേഖലക്ക് കനത്ത നഷ്ടമാണുണ്ടായതെന്ന് കടകംപള്ളി സുരേന്ദ്രൻ യോഗത്തിൽ പറഞ്ഞു.
പ്രളയക്കെടുതി കണക്കിലെടുത്ത് കേരള ബോട്ട് ലീഗ് അടക്കം നിരവധി പരിപാടികൾ മാറ്റിവെച്ചെങ്കിലും കേരള ട്രാവൽ മാർട്ട് മുൻ നിശ്ചയപ്രകാരം നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.
യോഗത്തിൽ കെടിഡിസി ചെയർമാൻ എം വിജയകുമാർ, ടൂറിസം സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ പി. ബാലകിരൺ. കെടിഡിസി എംഡി രാഹുൽ ആർ , അറ്റോയ് പ്രസിഡൻറ് പി കെ അനീഷ് കുമാർ എന്നിവരും ടൂറിസം രംഗത്തെ പ്രമുഖരും പങ്കെടുത്തു.