700 കോടി നല്കാന് യുഎഇ; നവകേരളം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി
കേരളം ഇന്ന് വരെ നേരിടാത്ത പ്രളയമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നാം കണ്ടത്. ആ മഹാ പ്രളയത്തില്‍ നിന്ന് കേരള സംസ്ഥാനത്തെ പുനര്‍ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രക്ഷാപ്രവര്‍ത്തം പൂര്‍ത്തിയാക്കിയതിന് ശേഷം ഇന്ന് മന്ത്രിസഭാ യോഗം കൂടി അതിന് ശേഷമാണ് അദ്ദേഹം സംസ്ഥാനത്തിന്റെ പൂര്‍ണ പുനരുദ്ധാരണം ലക്ഷ്യം വെച്ചുള്ള പദ്ധതികളെക്കുറിച്ച് വിശദീകരിച്ചത്.
സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി പ്രത്യേക പാക്കേജ് വേണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും, വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് കണ്ടെത്താന്‍ ജിഎസ്ടിക്ക് പുറമേ പത്ത് ശതമാനം സെസ് കൂടി ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കേരളത്തിന്റെ പുനരുദ്ധാരണത്തിനായി യുഎഇ സര്‍ക്കാര്‍ 700 കോടി നല്‍കുമെന്ന വിവരവും മുഖ്യമന്ത്രി ഇന്ന് അറിയിച്ചു.
കേരള മുഖ്യന്റെ വാക്കുകള്‍:
വലിയ തകര്‍ച്ചയാണ് നമ്മുക്ക് നേരിടേണ്ടി വന്നത്. തകര്‍ന്നത് പുനസ്ഥാപിക്കുകയല്ല,പുതിയൊരു കേരളം സൃഷ്ടിക്കാനാണ് നാം ഇനി ശ്രമിക്കേണ്ടത്. പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കമ്പോളത്തില്‍ നിന്നും വായപയെടുക്കാനുള്ള പരിധി ഉയര്‍ത്തണം എന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. നിലവില്‍ ഇത് മൂന്ന് ശതമാനമാണ് അത് നാലരശതമാനമാക്കി ഉയര്‍ത്താനാണ് ആവശ്യപ്പെടുക.ഇതിലൂടെ 10500 കോടി അധികമായി കടമെടുക്കാനാവും.
ചില പ്രത്യേക പദ്ധതികള്‍ നടപ്പാക്കാനുള്ള സഹായം നബാര്‍ഡിനോട് ചോദിക്കും. പശ്ചാത്തല സൗകര്യങ്ങള്‍, കൃഷി,ജലസേചനം, സാമൂഹികക്ഷേമം തുടങ്ങി വിവിധ മേഖലകളിലായി പദ്ധതികള്‍ നടപ്പാക്കാനുണ്ട്.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കാന്‍ പ്രത്യേക പാക്കേജ് വേണം. മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് ഈ വര്‍ഷം പ്രത്യേക പാക്കേജ് വേണം. 2600 കോടിയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടും. മഹാപ്രളയം നേരിടേണ്ടി വന്ന സാഹചര്യത്തില്‍ ദുരിതാശ്വാസം,പുനരധിവാസം, പുനര്‍നിര്‍മ്മാണം എന്നിവ ചര്‍ച്ച ചെയ്യാന്‍ ആഗസ്റ്റ് മുപ്പതിന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു.
ദുരിതബാധിതമേഖലകളിലെ വായപ്കള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. എന്നാല്‍ സ്വകാര്യധനകാര്യസ്ഥാപനങ്ങളില് നിന്നും പണമെടുക്കുന്നവര്‍ക്ക് ഇത് ബാധകമല്ല. ദുരിതാശ്വാസക്യാംപുകളിലെത്തി ഇത്തരക്കാര്‍ പണം ആവശ്യപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ജനങ്ങളുടെ പ്രയാസം കണക്കിലെടുത്ത് കൊണ്ടുള്ള നിലപാട് എടുക്കാന്‍ സ്വകാര്യ ധനകാര്യസ്ഥാപനങ്ങള്‍ തയ്യാറാവണം.
അറബ് രാഷ്ട്രങ്ങളില്‍ മലയാളികള്‍ക്ക് വിശേഷാല്‍ സ്ഥാനമാണുള്ളത്. അവരുടെ സാമൂഹികസാംസ്കാരിക മേഖലയില്‍ നിര്‍ണായകസ്വാധീനമാണ് മലയാളികള്‍ക്കുള്ളത്. 700 കോടിയുടെ സഹായം കേരളത്തിന് നല്‍കാനാണ് യുഎഇ തീരുമാനിച്ചിട്ടുള്ളത്. കേരളത്തിന് കൂടുതല്‍ സഹായം ചെയ്യുന്നത് സംബന്ധിച്ചത് യുഎഇ ഭരണാധികാരികള്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചിരുന്നു. ബക്രീദ് ആശംസകള്‍ അറിയിക്കാനെത്തിയ ലുലു ഗ്രൂപ്പ് മേധാവി യൂസഫലിയോട് കേരളത്തിന് നൂറ് ബില്ല്യണ്‍ ദിര്‍ഹം സഹായം നല്കുന്ന വിവരം അബുദാബി രാജകുമാരന് നേരിട്ടറിയിച്ചിട്ടുണ്ട്.