പാമ്പിന്‍വിഷത്തിനു പ്രതിവിധി താലൂക്ക് ആശുപത്രികളിലും; ചട്ടുകത്തലയന്‍ ആളെക്കൊല്ലിയല്ല വെറും സാധു
വെള്ളപ്പൊക്ക ബാധിത മേഖലകളിലുള്ളവർ ദുരിതാശ്വാസ ക്യാമ്പുകളിൽനിന്നു തിരികെ വീടുകളിലെത്തുമ്പോൾ പാമ്പ് ശല്യം സൂക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ്. ഇതു മുൻനിർത്തി ആരോഗ്യ വകുപ്പ് പ്രത്യേക മുൻകരുതൽ നിർദേശം നൽകിയിട്ടുണ്ടെന്നും സംസ്ഥാനത്തെ താലൂക്ക് ആശുപത്രികൾ മുതലുള്ള എല്ലാ സർക്കാർ ആശുപത്രികളിലും പാമ്പ് വിഷത്തിനുള്ള ചികിത്സ ലഭ്യമാണെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത അറിയിച്ചു.
പാമ്പ് കടിയേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ആരോഗ്യ വകുപ്പ് നിർദേശങ്ങൾ പുറപ്പെടുവിച്ചു. കടിയേൽക്കുന്ന വ്യക്തിയുടെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വിഷം വ്യാപിക്കുന്നതു തടയുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്. കൈയ്ക്കോ കാലിനോ ആണു കടിയേറ്റതെങ്കിൽ ആ ഭാഗം അനങ്ങാതെ സൂക്ഷിക്കുക. കടിയേറ്റയാളെ ഒരു പരന്ന സ്ഥലത്തു കിടത്തി മുറിവേറ്റ ഭാഗം വെള്ളവും സോപ്പും ഉപയോഗിച്ചു നന്നായി കഴുകണം.
പാമ്പുകടിയേറ്റെന്നു മനസിലായാൽ ഒരു കാരണവശാലും പരിഭ്രാന്തരാവുകയോ കടിയേറ്റ വ്യക്തിയെ പേടിപ്പിക്കുകയോ അരുത്. മുറിവിനു മുകളിലായി കയറോ തുണിയോ കെട്ടേണമെന്നില്ല. ഇതു രക്തയോട്ടം തടസപ്പെടുത്തി കോശങ്ങൾ നശിക്കുന്നതിനു കാരണമാക്കും. കടിച്ച പാമ്പിനെ അന്വേഷിച്ചു സമയം പാഴാക്കാതെ കടിയേറ്റയാളെ എത്രയും വേഗം ആശുപത്രിയിലെത്തിക്കണം. ഏതു പാമ്പിന്റെ കടിയേറ്റാലുമുള്ള ആന്റിവെനം ഒന്നുതന്നെയാണ്.
ആന്റിവെനം ചികിത്സ താലൂക്ക് ആശുപത്രികൾ മുതൽ ലഭ്യമാണെന്നും കടിയേറ്റാൽ ഉടൻ ഏറ്റവും അടുത്ത ജനറൽ ആശുപത്രിയിലോ ജില്ലാ ആശുപത്രിയിലോ മെഡിക്കൽ കോളജ് ആശുപത്രിയിലോ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
ചട്ടുകത്തലയൻ പാമ്പുകൾ അപകടകാരികളല്ല;
വ്യാജ സന്ദേശങ്ങളിൽ പരിഭ്രാന്തരാകരുത്
വെള്ളപ്പൊക്ക ബാധിത മേഖലകളിൽ ചട്ടുകത്തലയൻ പാമ്പുകൾ വ്യാപിക്കുന്നെന്നും ഇതു മാരകമാണെന്നുമൊക്കെയായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ തെറ്റാണെന്നു ജന്തുശാസ്ത്ര വിദഗ്ധർ. ഇത്തരം ജീവികൾ നിരുപദ്രവകാരികളും ഒട്ടും വിഷമില്ലാത്തതുമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
ബൈപാലിയം ജനുസിൽപ്പെട്ട ചട്ടുകത്തലയൻ പാമ്പുകളെക്കുറിച്ചാണ് അതിമാരക ജീവികളെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന സന്ദേശമെന്ന് കേരള സർവ്വകലാശാലാ ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ. ജി പ്രസാദ് പറഞ്ഞു. മാരകവിഷമുള്ള ജീവികൾ എന്ന പേരിൽ പ്രചരിക്കുന്ന വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണ്. മണ്ണിരകളെ ചലനരഹിതമാക്കാൻ മാത്രമേ ഇവക്ക് ശേഷിയുള്ളൂ എന്നും ഡോ.പ്രസാദ് പറഞ്ഞു.