Kerala

വെള്ളമിറങ്ങി; തടയാം ഈ രോഗങ്ങളെ

മഴക്കെടുതിയില്‍ നിന്ന് കേരളം കരകയറി. എന്നാല്‍ ഇനിയും ധാരാളം ദിവസങ്ങള്‍ എടുക്കും ക്യംപില്‍ നിന്ന് ആളുകളെ അവരവരുടെ വീടുകളില്‍ തിരികെ എത്താന്‍. വെള്ളമിറങ്ങി തുടങ്ങുമ്പോഴാണ് നാം കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത്. വെള്ളപ്പൊക്കത്തിനു ശേഷം വരാനിടയുള്ള 10 രോഗങ്ങളും പ്രതിരോധ-പരിഹാര മാര്‍ഗങ്ങളും.

1. വയറിളക്കം (Diarrhoea)
വെള്ളപ്പൊക്കത്തിനു ശേഷം ലോകത്തെമ്പാടും ഏറ്റവും കൂടുതല്‍ കണ്ടു വരുന്നത്. മരണനിരക്കിന്റെ ഭൂരിഭാഗവും ഇതുമൂലമാണ്. കോളറ(Cholera), ടൈഫോയ്ഡ് (typhoid), Shigella, E. coli, Rota virus എന്നിവ മൂലം വയറിളക്കം പടര്‍ന്നു പിടിക്കാം. മലിനജലവും, കുടിക്കാന്‍ ശുദ്ധവെള്ളത്തിന്റെ അഭാവവുമാണ് കാരണം.

പ്രതിരോധം:

a) രോഗാണുക്കളെ നശിപ്പിക്കാന്‍ വെള്ളം തിളപ്പിക്കുക. തിളപ്പിക്കാന്‍ പറ്റിയില്ലെങ്കില്‍ chlorine ഗുളികകള്‍ ഉപയോഗിക്കാം. 20 ലിറ്റര്‍ വെള്ളത്തിന് 500 mg tablet ഉപയോഗിക്കാം. 99.99% വൈറസുകള്‍, ബാക്ടീരിയ എന്നിവയെ നശിപ്പിക്കാന്‍ ഇങ്ങനെ സാധിക്കും.

b) Toilet ഉപയോഗിച്ചാല്‍ നിര്‍ബന്ധമായും സോപ്പിട്ട് കൈ കഴുകുക. രോഗാണുക്കള്‍ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരാതിരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണിത്. വയറിളക്കമുള്ളവര്‍ ഭക്ഷണം കൈകാര്യം ചെയ്യരുത്.

c) വെള്ളമിറങ്ങിയ ശേഷം തിരികെ ചെല്ലുമ്പോള്‍ വീട്ടു പരിസരവും അടുക്കളയിലെ പത്രങ്ങളും മറ്റും ബ്ലീച്ചിങ് പൌഡര്‍ ഉപയോഗിച്ചു ആദ്യം കഴുകി വൃത്തിയാക്കുക. ഒരു ലിറ്റര്‍ വെള്ളത്തില്‍ ആറു ടീസ്പൂണ്‍ bleaching പൌഡര്‍ കലക്കി അര മണിക്കൂര്‍ വച്ചിട്ടു വേണം ഉപയോഗിക്കാന്‍. കിണറ്റിലെ വെള്ളം, ആയിരം ലിറ്ററിന് ഒരു ടീസ്പൂണ്‍ bleaching powder എന്ന കണക്കില്‍ ശുദ്ധീകരിക്കുക.

d) ഈച്ചകള്‍ രോഗം പരത്താറുണ്ട്. വൃത്തിയുള്ള പരിസരം അവയെ അകറ്റി നിര്‍ത്തും.

ചികിത്സ:

a) Ciprofloxacin, Doxycycline മുതലായ antibiotics ഡോക്ടറുടെ മേല്‍നോട്ടത്തില്‍, വേണ്ടി വന്നാല്‍ മാത്രം കൊടുക്കാം.

b) ORS: നിര്‍ജലീകരണം തടയുന്നു; മരണനിരക്ക് കുറയ്ക്കുന്നു. 5 ഗ്ലാസ് വെള്ളത്തില്‍ 6 ടീസ്പൂണ്‍ പഞ്ചസാരയും , അര ടീസ്പൂണ്‍ ഉപ്പും ചേര്‍ത്തിളക്കിയാല്‍ ORS തയാര്‍.

മറ്റു സാംക്രമിക രോഗങ്ങള്‍:

2. മഞ്ഞപ്പിത്തം (hepatitis A, E) പടര്‍ന്നു പിടിക്കാം. മലിനജലം വഴി വൈറസുകള്‍ ഉള്ളില്‍ കടക്കുന്നതാണ് കാരണം. വിശപ്പിലായ്മ, ക്ഷീണം, മഞ്ഞ നിറത്തിലെ urine എന്നിവ ഉണ്ടാവാം.

പ്രതിരോധം: കുടി വെള്ളം ഒരു മിനിറ്റ് തിളപ്പിക്കുക. Vaccination വഴി hepatitis A തടുക്കാം. മറ്റു മരുന്നുകളുടെ ആവശ്യം വരാറില്ല.

3. Measles (അഞ്ചാം പനി) മുതലായവ vaccination എടുക്കാത്തവരില്‍ പടര്‍ന്നു പിടിക്കാം.

Tetanus വരാതിരിക്കാനുള്ള മുന്‍കരുതലായി, മുറിവു പറ്റിയാല്‍ tetanus booster വാക്സിന്‍ എടുക്കണം.

Viral fever സാധാരണമാണ്. പനി കൂടിയാല്‍ മാത്രം പാരസെറ്റമോള്‍, ആവശ്യത്തിന് ജലം, വിശ്രമം ഇത്രയും മതിയാവും മിക്കവരിലും.

4. എലിപ്പനി (ലെപ്‌റ്റോ-സ്‌പൈറോസിസ്): എലിയുടെ urine വെള്ളത്തില്‍ കലര്‍ന്ന ശേഷം നമ്മുടെ കാലിലെ മുറിവില്‍ കൂടി ഉള്ളില്‍ കടക്കുന്നു. കണ്ണു ചുവക്കുക, മഞ്ഞപ്പിത്തം, ശരീരവേദന, പനി എന്നിവ ലക്ഷണങ്ങളാണ്. Doxycycline മുതലായ ആന്റിബിയോട്ടിക്സ് ഫലപ്രദമാണ്. Complications-നു സാധ്യതയുള്ളതിനാല്‍ ആശുപത്രിയില്‍ ചികില്‍സിക്കേണ്ടതാണ്.

ശരീരവേദനയ്ക്ക് കടുത്ത വേദനസംഹാരികള്‍ കഴിക്കുന്നവരില്‍ kidney failure സാധ്യത കൂടും.

വെള്ളത്തില്‍ ദീര്‍ഘനേരം നടന്നവര്‍ എലിപ്പനി വരാതിരിക്കാന്‍ Doxycycline എടുക്കാവുന്നതാണ്.

5. കൊതുകില്‍ നിന്നും പകരുന്ന Malaria (മലമ്പനി) Dengue (ഡെങ്കിപ്പനി) എന്നിവ അടുത്ത രണ്ടു മാസങ്ങള്‍ക്കുള്ളില്‍ കണ്ടു തുടങ്ങും. വെള്ളമിറങ്ങി കൊതുകു വീണ്ടും പെരുകുമ്പോഴാണിത്.

പനിയും വിറയലും മലമ്പനിയുടെയും;
കടുത്ത പനിയും ദേഹം വേദനയും ഡെങ്കിയുടെയും ലക്ഷണമാകാം.

ആശുപത്രിയില്‍ ചെന്നു പരിശോധിച്ചതിനു ശേഷം വേണം ചികിത്സ നടത്താന്‍.

കൊതുകുതിരി, കൊതുകുവല, പരിസര ശുചീകരണം എന്നിവ കൊണ്ട് ചെറുക്കാം.

6. പാമ്പുകടി പ്രധാനമായും രണ്ടു തരം ഉണ്ട്. Neuro toxin മൂലം നാഡികളെ തളര്‍ത്തുന്ന മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍ എന്നിവ; പിന്നെ രക്തം കട്ടപിടിക്കാത്ത അണലിയുടെ വിഷ ബാധ.

വെള്ളിക്കെട്ടന്‍ (krait) കടിച്ചാല്‍ വേദനയോ നീരോ നീറ്റലോ ഉണ്ടാവണമെന്നില്ല. മുഖത്ത് പിരിമുറുക്കം, ശ്വാസം മുട്ടല്‍, diplopia അഥവാ ഇരട്ടിയായി കാണുക ഇതൊക്കെ മൂര്ഖന്റെയും വെള്ളിക്കെട്ടന്റെയും കടിയേറ്റവര്‍ക്ക് ഉണ്ടാവാം. കുഞ്ഞുങ്ങള്‍ കളിക്കുന്ന ഇടങ്ങളില്‍ krait കണ്ടേക്കാം. ചിലപ്പോള്‍ മുറിക്കകത്തും ഇവര്‍ കയറാറുണ്ട്. പ്രത്യേകം ശ്രദ്ധിക്കണം.

Antivenin ആണ് ചികിത്സ. Neuro toxin മൂലം ശ്വാസം നിലച്ചാല്‍ വെന്റിലേറ്റര്‍ താത്കാലികമായി വേണ്ടി വന്നേക്കാം. അണലിയുടെ വിഷബാധ മൂലം വൃക്ക (കിഡ്‌നി) തകരാറിലായാല്‍ ഡയാലിസിസും.

7. ചുമ, ജലദോഷം എന്നിവ സാധാരണ ഗതിയില്‍ പ്രശ്‌നമുണ്ടാക്കാറില്ല. എന്നാല്‍ ശ്വാസം മുട്ടല്‍, കടുത്ത പനി, നിര്‍ത്താതെയുള്ള ചുമ എന്നിവ കണ്ടാല്‍ ആശുപത്രിയില്‍ ചികിത്സിക്കണം. ആസ്ത്മ ഉള്ളവര്‍, പ്രായം ചെന്നവര്‍ പ്രത്യേകം സൂക്ഷിക്കണം.

8. Conjunctivitis അഥവാ ചെങ്കണ്ണ് പടര്‍ന്നു പിടിച്ചേക്കാം. കൈ കഴുകുക, രോഗി ഉപയോഗിച്ച തോര്‍ത്തും തലയിണയും വച്ച് മുഖം തുടയ്ക്കാതിരിക്കുക എന്നീ പ്രതിരോധ നടപടികള്‍ മതിയാകും.

9. Urinary Infection പെണ്‍കുട്ടികളില്‍ പ്രത്യേകിച്ചും കണ്ടു വരുന്നു. ഇതിനു കാരണം toilet സൗകര്യങ്ങളുടെ കുറവും അതു മൂലം വെള്ളം കുടിക്കാനുള്ള മടിയും ആണ്. Norfloxacin , Nitrofurantoin എന്നിവ ഫലപ്രദമാണ്.

10. Skin diseases അഥവാ ത്വക്രോഗങ്ങള്‍ ഈ അവസരത്തില്‍ സാധാരണമാണ്. നനഞ്ഞ വസ്ത്രങ്ങള്‍ അണിയുകയും, വെള്ളത്തില്‍ നില്‍ക്കുകയും മൂലം ഇടുക്കു ഭാഗങ്ങളില്‍ fungus infections (വളംകടി) ഉണ്ടാവാം. Fluconazole tablets അല്ലെങ്കില്‍ Clotrimazole cream ഗുണം ചെയ്യും. ചികിസിക്കാതിരുന്നാല്‍ ചില പ്രമേഹരോഗികളില്‍ ഇത് പഴുക്കാന്‍ സാധ്യതയുണ്ട്.