മഴ കുറയുന്നു; ഗതാഗത സംവിധാനങ്ങള്‍ ഭാഗികമായി പുനസ്ഥാപിച്ചു
കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞതോടെ ഗതാഗത സംവിധാനങ്ങള്‍ ഭാഗികമായി പുനസ്ഥാപിച്ചു. കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ സംസ്ഥാനത്ത് മിക്കവാറും സ്ഥലങ്ങളില്‍ പുനരാരംഭിച്ചു. കോട്ടയത്ത് എംസി റോഡില്‍ ബസുകള്‍ ഓടിത്തുടങ്ങി. തൃശ്ശൂര്‍ കോഴിക്കോട് റൂട്ടിലും സര്‍വീസ് നടക്കുന്നു. കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതവും പുനരാരംഭിച്ചിട്ടുണ്ട്.
കെഎസ്ആര്‍ടിസി ബസുകള്‍ അടൂരില്‍ നിന്ന് കോട്ടയത്തേക്ക് സര്‍വീസ് നടത്തി. തിരുവനന്തപുരം-കോട്ടയം സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും. തൃശ്ശൂര്‍ കോഴിക്കോട് സര്‍വ്വീസുകളും പുനഃസ്ഥാപിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ എറണാകുളം-തിരുവനന്തപുരം സര്‍വീസുകള്‍ നടക്കുന്നുണ്ട്. എറണാകുളം-അങ്കമാലി റൂട്ടില്‍ ഗതാഗതമാണ് ഇനി പുനഃസ്ഥാപിക്കാന്‍ ബാക്കിയുളളത്. ഇന്നു വൈകുന്നേരത്തോടെ അത് സാധിക്കുമെന്നാണ് കണക്കാക്കുന്നത്.
കോട്ടയം മേഖലയിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തി. നിയന്ത്രണ വേഗത്തിലാണ് സര്‍വീസുകള്‍ നടത്തുന്നത്. തിരുവനന്തപുരത്തുനിന്ന് ആലപ്പഴ വഴിയുള്ള എറണാകുളം സര്‍വീസുകളും നടത്തുന്നുണ്ട്. തിരുവനന്തപുരം – എറണാകുളം റെയില്‍ ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിച്ചിട്ടുണ്ട്. രാവിലെ എട്ടുമണി മുതല്‍ സ്‌പെഷല്‍ പാസഞ്ചര്‍ ട്രയിനുകള്‍ ഓടുന്നുണ്ട്.
നിലവില്‍ തീവണ്ടി ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുന്ന എറണാകുളം ഷൊര്‍ണൂര്‍ മേഖലയില്‍ തിങ്കളാഴ്ച രാവിലെയോടെ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്