മഴ കുറയുന്നു; പ്രളയക്കെടുതിയില്‍ കൈകോര്‍ത്ത് കേരളം
.കോഴിക്കോട് ജില്ലയിൽ പ്രളയക്കെടുതിക്ക് ആശ്വാസം. ആരും ഒറ്റപ്പെട്ട നിലയിലില്ല. ഇരുവഞ്ഞി, ചെറുപുഴ, പൂനൂർ പുഴകളിലെ ജലനിരപ്പു കുറഞ്ഞു. കക്കയം ഡാമിന്റെ ഷട്ടർ രണ്ടടിയാക്കി കുറ്റ്യാടിപ്പുഴയിലെ ജലനിരപ്പും ചെറുതായി താഴ്ന്നു.
പ്രളയത്തില്‍ കുടുങ്ങിയവരെ കൂട്ടത്തോടെ ഒഴിപ്പിക്കുന്ന നടപടി തുടരുകയാണ്. കൂടുതല്‍ ഹെലികോപ്റ്ററുകളും ബോട്ടുകളും സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്. മല്‍സ്യബന്ധനബോട്ടുകളുമായി മല്‍സ്യത്തൊഴിലാളികളും പ്രളയമേഖലകളിലെത്തിയിട്ടുണ്ട്. പ്രളയമേഖലകളിലേക്ക് ഹെലികോപ്റ്ററുകളിലും ബോട്ടുകളിലും കൂടുതല്‍ ഭക്ഷണമെത്തിച്ചു.
ആലുവയിലും അങ്കമാലിയിലും അതിഗുരുതരമായ സ്ഥിതിവിശേഷം തുടരുകയാണ്. പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് താഴ്ന്നതിനെത്തുടര്‍ന്ന് ചാലക്കുടി പുഴയിലേക്ക് ഒഴുക്കിവിടുന്ന ജലത്തിന്റെ അളവ് കുറച്ചിട്ടുണ്ട്. ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളില്‍നിന്ന് കൂടുതല്‍ വെള്ളം പെരിയാറിലേക്ക് തുറന്നുവിടില്ലെന്ന് അധികൃതര്‍ വ്യകതമാക്കി.