പുതുക്കിയ ട്രെയിന്‍ സമയക്രമം നാളെ മുതല്‍
എറണാകുളം ടൗണ്‍ സ്റ്റേഷന്‍ വഴിയുള്ള തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്പ്രസിന്റെ സര്‍വീസ് സ്ഥിരമാക്കിയും ചില ട്രെയിനുകളുടെ സമയത്തില്‍ ചെറിയ മാറ്റങ്ങളോടെയും പുതിയ ട്രെയിന്‍ സമയക്രമം തയാറായി.സമയക്രമം നാളെ നിലവില്‍വരും.
എറണാകുളം ജംക്ഷനിലെ തിരക്ക് ഒഴിവാക്കാനും ട്രെയിനിന്റെ സമയം പാലിക്കാനുമാണു കേരളയുടെ മാറ്റം സ്ഥിരമാക്കുന്നതെന്നു റെയില്‍വേ പറയുന്നു. നിലമ്പൂര്‍-എറണാകുളം, കോട്ടയം-എറണാകുളം ട്രെയിനുകള്‍ കൂട്ടിചേര്‍ത്ത് നിലമ്പൂര്‍-കോട്ടയം സര്‍വീസാക്കുന്നതാണു മറ്റൊരു തീരുമാനം.
ഇത് എറണാകുളം ജംക്ഷനില്‍ പോകാതെ ടൗണ്‍ സ്റ്റേഷനില്‍ നിന്നു കോട്ടയത്തേക്കു പോകും. ചെന്നൈ-ആലപ്പുഴ, കൊല്ലം വിശാഖപട്ടണം എക്‌സ്പ്രസുകളുടെ വേഗം 10 മിനിറ്റ് ഉള്‍പ്പെടെ മൊത്തം 15 ട്രെയിനുകളുടെ വേഗമാണു കൂട്ടിയത്.
ആലപ്പുഴ-ധന്‍ബാദ്, തിരുവനന്തപുരം-ഗോരഖ്പുര്‍, എറണാകുളം-ബറൂണി, തിരുവനന്തപുരം-ഇന്‍ഡോര്‍, തിരുവനന്തപുരം കോര്‍ബ, തിരുവനന്തപുരം-ചെന്നൈ തുടങ്ങിയ ട്രെയിനുകള്‍ പുറപ്പെടുന്ന സമയത്തില്‍ 10 മുതല്‍ 25 മിനിറ്റു വരെ മാറ്റമുണ്ട്. കഴിഞ്ഞദിവസം ലഭിച്ച വര്‍ക്കിങ് സമയക്രമത്തില്‍ അവസാന നിമിഷം മാറ്റമുണ്ടാകുമെന്ന ഡിവിഷനുകളുടെ കണക്കുകൂട്ടല്‍ വെറുതെയായി. സ്‌പെഷല്‍ ട്രെയിനുകള്‍, കൂടുതല്‍ സ്റ്റോപ്പുകള്‍, ട്രെയിനുകള്‍ നീട്ടല്‍ എന്നിവയ്ക്കുള്ള തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളുടെ ശുപാര്‍ശ ടൈംടേബിള്‍ കമ്മിറ്റി ആദ്യഘട്ടത്തില്‍ ചര്‍ച്ചചെയ്തിരുന്നു.
അമൃത എക്‌സ്പ്രസിനു കൊല്ലങ്കോട്ട് സ്റ്റോപ്പ് നേടിയെടുക്കാന്‍ എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെ നിരന്തരം രംഗത്തിറങ്ങി. പാലക്കാട് ഡിവിഷനും ദക്ഷിണ റെയില്‍വേ ഒാഫിസും ഈ സ്റ്റോപ്പിനു ശുപാര്‍ശ ചെയ്തു. മംഗളൂരു-രാമേശ്വരം, എറണാകുളം-രാമേശ്വരം സ്‌പെഷല്‍ ട്രെയിനുകളും പ്രതീക്ഷിച്ചു. ഇവ സംബന്ധിച്ചു താമസിയാതെ പ്രത്യേക നിര്‍ദേശം ഉണ്ടാകുമെന്നാണു പ്രതീക്ഷ.