പീച്ചി ഡാമില്‍ സന്ദര്‍ശക തിരക്ക്

സന്ദര്‍ശകരുടെ എണ്ണത്തിലും വരുമാനത്തിലും റെക്കോഡിലേക്ക് പീച്ചി ഡാം. ഷട്ടറുകള്‍ തുറന്ന് പതിനെട്ട് ദിവസത്തിനുള്ളില്‍ പീച്ചി സന്ദര്‍ശിച്ചത് അറുപതിനായിരം പേരാണ്. പ്രവേശന ടിക്കറ്റ് വില്‍പ്പനയിലൂടെ ലഭിച്ചത് 12 ലക്ഷം രൂപ. പാര്‍ക്കിങ് ഫീസിനത്തില്‍ ലഭിച്ച് തുക കൂടി കൂട്ടിയാല്‍ പതിനഞ്ച് ലക്ഷം കടക്കും.

പീച്ചി ഡാം തുറക്കുന്ന കാഴ്ച കാണാന്‍ ആദ്യ ദിനംതന്നെ എത്തിയത് പതിനായിരത്തോളം ആളുകളാണ്. ഡാമിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഏകദിന കളക്ഷനും ഇക്കൊല്ലമാണ്. ഡാം തുറന്ന ആദ്യ ഞായറാഴ്ച മൂന്ന് ലക്ഷത്തി എഴുപത്തയ്യായിരം രൂപ ഗേറ്റ് കളക്ഷന്‍ മാത്രം ലഭിച്ചു. സ്വാതന്ത്ര്യദിനം, ഓണം തുടങ്ങിയ അവധി ദിനങ്ങളില്‍ നിലവിലുള്ളതിന്റെ ഇരട്ടി സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്.

2007ന് ശേഷം ജലനിരപ്പ് കുറയാതെ കൂടുതല്‍ ദിവസം നിന്നത് ഇക്കൊല്ലമാണ്. ഒന്നര ഇഞ്ച് വീതമാണ് ഡാം തുറക്കുമ്പോള്‍ ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നത്. പിന്നീട് കനത്ത മഴയെത്തുടര്‍ന്ന് അഞ്ച് ഷട്ടറുകളും ഇരുപത് ഇഞ്ച് വീതം ഉയര്‍ത്തി. ഇതാണ് ഇക്കൊല്ലത്തെ കൂടിയ അളവും. ജലനിരപ്പിലുണ്ടാകുന്ന വ്യതിയാനത്തിനനുസരിച്ച് ഷട്ടറുകള്‍ പലകുറി ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്തു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ ഏറ്റവും കൂടുതല്‍ അളവില്‍ ഷട്ടറുകള്‍ ഉയര്‍ത്തിയത് 2007ല്‍ ആണ്. 34 ഇഞ്ചാണ് അന്ന് ഉയര്‍ത്തിയത്. നിലവില്‍ മഴയുടെ ശക്തി കുറഞ്ഞെങ്കിലും വൃഷ്ടിപ്രദേശങ്ങളില്‍നിന്നുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നുണ്ട്. ഇത് ഡാമിലെ ജലനിരപ്പ് കുറയാതെ കാക്കുന്നു.