ഡല്‍ഹിയില്‍ വാഹനങ്ങള്‍ക്കിനി കളര്‍കോഡ്
ഡല്‍ഹിയിലെ വാഹനങ്ങള്‍ക്ക് കളര്‍ കോഡ് സ്റ്റിക്കറുകള്‍ പതിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് സുപ്രീംകോടതിയുടെ അനുമതി. ഉപയോഗിക്കുന്ന ഇന്ധനം മാനദണ്ഡമാക്കി സെപ്റ്റംബര്‍ 30 മുതല്‍ പദ്ധതി നടപ്പാക്കാന്‍ സുപ്രീംകോടതി ബെഞ്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് അനുമതി നല്‍കി. ഇതനുസരിച്ച് പെട്രോള്‍, സിഎന്‍ജി വാഹനങ്ങളില്‍ ഇളംനീല കളറിലുള്ള സ്റ്റിക്കറും ഡീസല്‍ വാഹനങ്ങള്‍ക്ക് ഓറഞ്ച് നിറത്തിലെ സ്റ്റിക്കറും പതിക്കാനാണ് തീരുമാനം.
വായു മലിനീകരണം ഏറിയ ദിനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ധനം അടിസ്ഥാനമാക്കി വാഹനങ്ങള്‍ നിരത്തിലെത്താതെ നിയന്ത്രിക്കാന്‍ ഇതിലൂടെ സാധിക്കും. ഹോളോഗ്രാം അടിസ്ഥാനമാക്കുന്ന കളര്‍ സ്റ്റിക്കറാകും വാഹനങ്ങളില്‍ പതിക്കുക.
പാരീസില്‍ നടപ്പാക്കിവരുന്ന മാതൃകയുടെ ചുവടുപിടിച്ചാണ് സര്‍ക്കാരിന്റെ നീക്കം. നിലവില്‍ മലിനീകരണതോത് ഏറിയ ദിവസങ്ങളില്‍ വാഹന നമ്പറുകളിലെ ഒറ്റ-ഇരട്ട അക്കങ്ങള്‍ അടിസ്ഥാനമാക്കി അവ നിരത്തില്‍ നിന്ന് ഒഴിവാക്കുകയാണ് ചെയ്യുന്നത്. ഇതിനേക്കാള്‍ ശാസ്ത്രീയമായി മലിനീകരണ നിയന്ത്രണ നടപടികള്‍ നടപ്പാക്കാന്‍ കളര്‍കോഡിങ്ങിലൂടെ സാധിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍.
ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് പച്ച നമ്പര്‍ പ്ലേറ്റുകള്‍ നടപ്പാക്കുന്നതു പരിഗണിക്കാന്‍ വാദത്തിനിടെ ഗതാഗത മന്ത്രാലയത്തോട് കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് എം ബി. ലോക്കൂര്‍, എസ്. അബ്ദുല്‍ നസീര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് അനുമതി.