Kerala

ഇതാണ് ‘സിവില്‍’ സര്‍വീസ്; അരിച്ചാക്ക് തലയിലേറ്റി രാജമാണിക്യവും ഉമേഷും

കാലവര്‍ഷ കെടുതിയില്‍ കേരളം മുങ്ങുമ്പോള്‍ ഞങ്ങള്‍ക്ക് എങ്ങനെ പ്രോട്ടോകോളും പദവിയും നോക്കിയിരിക്കാനാവും. ഏറെ വൈകിയും ദുരിതാശ്വാസ ക്യാംപുകളിലെത്തിയ അരിച്ചാക്കിറക്കാന്‍ ഇറങ്ങിയത് ഐ എ എസ് ഉദ്യോഗസ്ഥരായ എം ജി രാജമാണിക്യവും, എന്‍ എസ്  കെ ഉമേഷും.

ക്യാംപുകളില്‍ വിതരണം ചെയ്യാനായി വയനാട് കലക്ടറേറ്റിലെത്തിയ അരിച്ചാക്കുകള്‍ ഇറക്കാന്‍ മുന്നിട്ടിറങ്ങിയത് ഇവര്‍ രണ്ടുപേരുമായിരുന്നു. ദുരിതാശ്വാസ ഏകോപന ചുമതലയുള്ള ഉദ്യോഗസ്ഥനാണ് എം ജി രാജമാണിക്യം. വയനാട് ജില്ലാ സബ് കലക്ടറാണ് എന്‍ എസ് കെ  ഉമേഷ്. ഇരുവരുടെയും പ്രവര്‍ത്തിയില്‍ കയ്യടിക്കുകയാണ് സമൂഹമാധ്യമങ്ങള്‍.

ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ചശേഷം ഇരുവരും തിങ്കളാഴ്ച രാത്രി 9.30നാണു കലക്ടറേറ്റില്‍ തിരിച്ചെത്തിയത്. ഇവരെത്തിയതിനുപിന്നാലെ ദുരിതാശ്വാസ ക്യാംപുകളിലെത്തിക്കാനുള്ള ഒരു ലോഡ് അരിയുമെത്തി.

രാവിലെ മുതല്‍ അവിടെയുണ്ടായിരുന്നു പല ജീവനക്കാരും തളര്‍ന്നു വിശ്രമിക്കാന്‍ പോയിരുന്നു. അവിടെ കുറച്ചു ജീവനക്കാരെ ഉള്ളൂവെന്നു മനസിലാക്കിയ രാജമാണിക്യവും ഉമേഷും അവര്‍ക്കൊപ്പം ചേര്‍ന്നു ലോഡിറക്കുകയായിരുന്നു. അരിച്ചാക്ക് തലയിലും ചുമലിലുമായി ചുമന്നിറക്കിവച്ചു. ലോഡ് മുഴുവന്‍ ഇറക്കിക്കഴിഞ്ഞശേഷം മാത്രമാണ് ഇരുവരും പോയത്.