വെള്ളം കുതിച്ചെത്തി; കാട്ടാനയും മുട്ടുകുത്തി
അതിരപ്പിള്ളിയിൽ കുത്തൊഴുക്കുള്ള പുഴയിൽ കുടുങ്ങിയ കാട്ടാനയെ തുറന്നുവിട്ട വെള്ളത്തിന്റെ അളവ് നിയന്ത്രിച്ച് കാട്ടിലേക്ക് മടക്കി. ചാലക്കുടി പുഴയില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കാട്ടാന പുഴയില്‍ കുടുങ്ങിയത്. തിങ്കളാഴ്ച രാവിലെയാണ് കാട്ടാനയെ പുഴയില്‍ കണ്ടത്. മണിക്കൂറുകളോളം പുഴയില്‍ കുടുങ്ങിപ്പോയ ആനയെ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ മൂന്നു ഷട്ടറുകള്‍ താഴ്ത്തി വെള്ളം നിയന്ത്രിച്ചാണ് രക്ഷപ്പെടുത്തിയത്. വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രണ വിധേയമായപ്പോൾ പടക്കം പൊട്ടിച്ചാണ് ആനയെ കാട്ടിലേക്ക് കയറ്റിയത്.
പുഴയില്‍ കുടുങ്ങിയ കാട്ടാനയെ ചാര്‍പ്പയിലെ ആദിവാസികളാണ് ആദ്യം കാണുന്നത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഡാമുകള്‍ തുറന്ന് വിട്ടതിനെ തുടര്‍ന്ന് ചാലക്കുടി പുഴയില്‍ വെള്ളമുയര്‍ന്നതോടെയാണ് ആന കുടുങ്ങിയത്.
പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍ ഡാമുകളില്‍നിന്ന് ഒഴുകിവരുന്ന വെള്ളമാണ് ഇവിടെ വെള്ളപ്പൊക്കത്തിനിടയാക്കുന്നത്. പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ഷട്ടര്‍ താഴ്ത്തി വെള്ളം നിയന്ത്രിച്ചാണ് ആനയെ കരയില്‍ കയറ്റിയത്. ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലാണ് ആനയെ രക്ഷിച്ചത്.