News

കൂടെയുണ്ട് നാടിനൊപ്പം; ദുരിതാശ്വാസ നിധിയിലേക്ക് സഹായ പ്രവാഹം

മഴ ദുരിതംവിതച്ചവർക്ക് സഹായഹസ്തവുമായി പ്രമുഖർ. മമ്മൂട്ടിയും മകൻ ദുല്‍ഖര്‍ സല്‍മാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കി. മമ്മൂട്ടി 15 ലക്ഷം രൂപയും ദുല്‍ഖര്‍ സല്‍മാന്‍ 10 ലക്ഷവുമാണ് നല്‍കിയത്.

എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള മമ്മൂട്ടിയില്‍നിന്നും ചെക്കുകള്‍ ഏറ്റുവാങ്ങി.

നടന്‍ മോഹന്‍ലാല്‍ 25 ലക്ഷം രുപ നല്‍കും. തുക നാളെ നേരിട്ട് കൈമാറുമെന്നാണ് മോഹന്‍ലാല്‍ അറിയിച്ചിരിക്കുന്നത്.

കാലവര്‍ഷക്കെടുതിയില്‍ കേരളത്തിന് 100 കോടിയുടെ അടിയന്തര ധനസഹായം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും അറിയിച്ചിരുന്നു. നേരത്തെ 160 കോടി സഹായമായി കേന്ദ്രം അനുവദിച്ചിരുന്നു. ആകെ 260 കോടി ഇതിനോടകം കേരളത്തിന് കേന്ദ്രം കൊടുത്തു. കണക്ക് കിട്ടിയാല്‍ കൂടുതല്‍ തുക വീണ്ടും അനുവദിക്കുമെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്.

കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്തിന് ഉദ്ദേശം 8316 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
തമിഴകത്തു നിന്നും നടന്‍മാരും ,സഹോദരന്‍മാരുമായ സൂര്യയും കാര്‍ത്തിയും ഇരുപത്തഞ്ചു ലക്ഷം രുപ സംഭാവന നല്‍കി. തെലുങ്ക് നടന്‍ വിജയ് ദേവരക്കൊണ്ട അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കി. മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഒരു ലക്ഷം രൂപ നല്‍കി. നടികർ സംഘം ആദ്യ ഘട്ടമായി അഞ്ചു ലക്ഷം രൂപ നല്‍കിയിട്ടുണ്ട്.

സിപിഐ മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് സിപിഐ നിയമസഭാ കക്ഷി നേതാവ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഒരു മാസത്തെ ശമ്പള തുകയായ 90512 രൂപ സംഭാവന ചെയ്തു.
ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജയുടെ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്തു.ബിജെപി നേതാവും നേമം എംഎൽഎയുമായ ഒ രാജഗോപാൽ ഒരുമാസത്തെ ശമ്പളമായ 50000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

പ്രളയക്കെടുതി നേരിടാന്‍ പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫ് അലി അഞ്ചുകോടി രൂപ നല്‍കുമെന്ന് അറിയിച്ചു.
ഡി എം കെ ഒരു കോടി രൂപ സംഭാവന നല്‍കി.