Places to See

ഏഴു നദികള്‍ക്കടിയില്‍ ഒളിച്ചിരിക്കുന്നൊരു ദൈവം

വര്‍ഷത്തില്‍ ഒരിക്കല്‍ ജലത്തിനടിയില്‍ പോകുന്ന ആലുവാ ശിവക്ഷേത്രത്തിനെക്കുറിച്ച് നമുക്കെല്ലാവര്‍ക്കുമറിയാം. എന്നാല്‍ വര്‍ഷത്തില്‍ പകുതിയിലധികവും ജലത്തിനടിയലില്‍ കഴിയുന്നൊരു ക്ഷേത്രത്തിനെ നമുക്ക് പരിചയപ്പെടാം.


ആന്ധ്രാപ്രദേശിലെ കുര്‍ണൂലില് സ്ഥിതി ചെയ്യുന്ന സംഗമേശ്വര ക്ഷേത്രത്തിനെക്കുറിച്ചാണ് പറയുന്നത്. ഒരാണ്ടിന്റെ മുക്കാല്‍ പങ്കും ഏഴുനദികള്‍ തങ്ങളുടെ ജലത്തിനടിയില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ക്ഷേത്രം. ക്ഷേത്രനട തുറന്നൊന്ന് തൊഴണമെങ്കില്‍ മഴയൊഴിയുന്ന വേനല്‍ വരണം. അപ്പോള്‍ വെള്ളത്തിന് മുകളില്‍ ക്ഷേത്രക്കെട്ടുകള്‍ ഉയര്‍ന്ന് വരും.

ആന്ധ്രാപ്രദേശില്‍ കുര്‍ണൂല്‍ ജില്ലയിലെ മുച്ചുമാരി എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏറെ വര്‍ഷങ്ങളുടെ പഴക്കമുള്ള ഈ ക്ഷേത്രത്തെ പറ്റിയുള്ള ഐതീഹ്യം പാണ്ഡവരുമായി ബന്ധപ്പെട്ടുള്ളതാണ്. അജ്ഞാതവാസക്കാലത്ത് കുര്‍ണൂലിലെത്തിയ പാണ്ഡവര്‍, യാത്രാമധ്യേ, തങ്ങള്‍ സന്ദര്‍ശിച്ച ശ്രീശൈലം മല്ലികാര്‍ജുന ക്ഷേത്രത്തിലുള്ളതുപോലൊരു ശിവലിംഗം കുര്‍ണൂലിലും സ്ഥാപിക്കണമെന്നു തീരുമാനിച്ചു.

അതിനായി ധര്‍മ്മരാജാവായ യുധിഷ്ഠിരന്‍, സഹോദരനായ ഭീമനോട് കാശിയില്‍ നിന്നും ഒരു ശിവലിംഗം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഭീമന്‍ കാശിയില്‍ നിന്നും കൊണ്ട് വന്ന ശിവലിംഗം, കൃഷ്ണ നദിയും തുംഗഭദ്ര നദിയും സംഗമിക്കുന്ന സ്ഥലത്താണ് പ്രതിഷ്ഠിച്ചത്.

ഈ ഇരു നദികളെ കൂടാതെ, അവയുടെ കൈവഴികളായ അഞ്ചുനദികളുടെ കൂടി സംഗമഭൂമിയിലായിരുന്നു പാണ്ഡവരുടെ ശിവലിംഗ പ്രതിഷ്ഠ. നദികള്‍ സംഗമിക്കുന്ന സ്ഥലത്തുള്ള ഈശ്വരന്‍ എന്നര്‍ത്ഥത്തിലാണ് പില്‍ക്കാലത്ത് ഈ ക്ഷേത്രവും ഇവിടുത്തെ നാഥനും സംഗമേശ്വരന്‍ എന്നറിയപ്പെടാന്‍ തുടങ്ങിയത്.

1980 ല്‍ ശ്രീശൈലം ഡാം പണിതതോടെ സംഗമേശ്വര ക്ഷേത്രം ജലത്തിനടിയിലായി. ഈ പരിസരത്തുള്ള മറ്റുക്ഷേത്രങ്ങള്‍ ഇവിടെ നിന്നും മാറ്റി സ്ഥാപിച്ചെങ്കിലും ഐതീഹ്യവും പാരമ്പര്യവും പേറുന്ന ഈ ക്ഷേത്രം മാറ്റാന്‍ ആരും മെനക്കെട്ടില്ല. അങ്ങനെ ഇരുപതുവര്‍ഷത്തോളം വെള്ളത്തിനടിയിലായി പോയ സംഗമേശ്വരന് പുതിയ പ്രതലം നല്‍കി, ഉയര്‍ത്തിയത് 2003 ലാണ്.

അങ്ങനെ ഉയര്‍ത്തിയെടുത്തെങ്കിലും ഒരാണ്ടില്‍, വേനലിലെ കുറച്ചു ദിനങ്ങളില്‍ മാത്രമേ ക്ഷേത്രമിപ്പോഴും ജലത്തിന് മുകളില്‍ കാണുവാന്‍ സാധിക്കുകയുള്ളു. ആ ദിവസങ്ങളില്‍ വിശ്വാസികള്‍ക്കായി ക്ഷേത്രത്തിന്റെ നട തുറക്കപ്പെടും. 2003 മുതല്‍, തുടര്‍ച്ചയായി വേനല്‍ക്കാലമാകുമ്പോള്‍ സംഗമേശ്വര ക്ഷേത്രം ജലത്തിന് മുകളില്‍ ഉയര്‍ന്നു കാണും. നിരന്തരം ജലത്തിനടിയിലായതു കൊണ്ടുതന്നെ അതിപുരാതനമായ ഈ ക്ഷേത്രത്തിനു കേടുപാടുകള്‍ ധാരാളം സംഭവിച്ചിട്ടുണ്ട്.

ഒരു വര്‍ഷത്തില്‍ 40 മുതല്‍ 50 ദിവസങ്ങള്‍ വരെയാണ് വിശ്വാസികള്‍ക്കായി സംഗമേശ്വരന്റെ നടകള്‍ തുറക്കുന്നത്. ക്ഷേത്രത്തിനു ചുറ്റും ധാരാളം ജലം അപ്പോഴുമുണ്ടാകുന്നത് കൊണ്ട് ബോട്ടിലേറിയാണ് ജനങ്ങള്‍ നടയിലേക്കെത്തുന്നത്. മരത്തില്‍ തീര്‍ത്തതാണ് ഇവിടുത്തെ ശിവലിംഗം. നടതുറക്കുന്ന ദിവസങ്ങളില്‍ ഭക്തരുടെ പ്രാര്‍ത്ഥനകളും പൂജകളും ആരാധനയും കൊണ്ട് ശബ്ദ മുഖരിതമായിരിക്കും ക്ഷേത്രനട.

കൃഷ്ണ, തുംഗഭദ്ര എന്നീ രണ്ടു പ്രധാനനദികളും ഭവാനസി, വേണി, ഹുന്ദ്രി, ഭീമാരതി, മലാപഹരണി എന്നീ കൈവഴികളും ചേരുന്നിടത്താണ് സംഗമേശ്വരന്റെ സ്ഥാനം. ശ്രീശൈലം ഡാമും റീസെര്‍വോയറും നിലകൊള്ളുന്നത് കുര്‍ണൂല്‍ ജില്ലയിലെ മഹാബുബ് നഗറിലാണ്. അതിമനോഹരമായ ഇവിടം സഞ്ചാരികളുടെ പ്രിയയിടങ്ങളിലൊന്നാണ്.

ഏപ്രില്‍-മെയ് മാസങ്ങളില്‍ ഏകദേശം 40-50 ദിവസങ്ങള്‍ മാത്രമാണ് ഈ ക്ഷേത്രത്തിലേക്ക് പ്രവേശനമുള്ളത്. ബോട്ടില്‍ കയറി വേണം ക്ഷേത്ര പരിസരത്തേക്കെത്താന്‍. ബോട്ടുകള്‍ ക്ഷേത്ര പരിസരത്തു തന്നെ കാണും. ട്രെയിനിലാണ് യാത്രയെങ്കില്‍ ഏറ്റവുമടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ കുര്‍ണൂല്‍ ആണ്.

റോഡ് യാത്രയാണ് താല്പര്യമെങ്കില്‍ ധാരാളം ഗവണ്മെന്റ് ബസുകള്‍ ലഭ്യമാണ്.അതില്‍ കയറി പഗിഡ്യാല എന്ന സ്ഥലം വരെ എത്തിച്ചേരാവുന്നതാണ്. അവിടെ നിന്നും അധികം ദൂരെയായല്ല സംഗമേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുച്ചുമാരി തീര്‍ത്തും ഗ്രാമപ്രദേശമായതു കൊണ്ട് തന്നെ താമസ സൗകര്യങ്ങള്‍ വളരെ കുറവാണ്. വിജയവാഡയോ ഗുണ്ടൂരോ താമസത്തിനായി തിരഞ്ഞെടുക്കുന്നതാണ് ഉത്തമം.