News

വരുന്നു ജിയോ ഫോണ്‍ 2; പുതിയ ഫോണിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ഇന്ത്യന്‍ മൊബൈല്‍ വിപണി കൂടി ജിയോ ഫോണിന് കീഴിലാക്കാന്‍ ലക്ഷ്യമിട്ടാണ് ജിയോ പുതിയ ജിയോ ഫോണ്‍ രംഗത്തിറക്കുന്നത്. ആഗസ്റ്റ് 15 ന് ഇന്ത്യയുടെ 72ാമത് സ്വാതന്ത്യ ദിനത്തില്‍ റിലയന്‍ തങ്ങളുടെ ജിയോ ഫോണ്‍ 2 പുറത്തിറക്കും.


2999 രൂപയ്ക്കാണ് ജിയോ ഫോണ്‍ 2 വിപണിയിലെത്തുന്നത്. വാട്സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുന്ന കീപാര്‍ഡ് ഫോണാണ് ഇത്. റിലയന്‍സിന്റെ വാര്‍ഷിക യോഗത്തിലാണ് ജിയോ ഫോണ്‍ 2 പ്രഖ്യാപിച്ചത്.

കഴിഞ്ഞ തവണ ജിയോ ഫോണിനായി ആഴ്ചകളോളം കാത്തിരുന്ന ഉപഭോക്താക്കള്‍ക്ക് ഇക്കുറി ആഗസ്റ്റ് 15 ന് തന്നെ ഫോണ്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. മൈജിയോ ആപ് വഴി (MyJio app) നിലവിലെ ജിയോ ഉപഭോക്താക്കള്‍ക്ക് പുതിയ ഫോണിനായി ആഗസ്റ്റ് 15 ന് തന്നെ ബുക് ചെയ്യാം. പേര്, മൊബൈല്‍ നമ്പര്‍, വിലാസം എന്നിവ ഇവിടെ രേഖപ്പെടുത്തണം. ക്യാഷ് ഓണ്‍ ഡെലിവറി ഓപ്ഷന്‍ ലഭ്യമല്ല. അതിനാല്‍ ബുക് ചെയ്യുമ്പോള്‍ തന്നെ മുഴുവന്‍ തുകയും നല്‍കണം.

ജിയോ ഫോണ്‍ 1 ഉപയോഗിക്കുന്ന നിലവിലെ ഉപഭോക്താക്കള്‍ക്ക് വെറും 501 രൂപ മുടക്കി പുതിയ ഫോണ്‍ എക്‌സ്ചേഞ്ചിലൂടെ വാങ്ങിക്കാനാവും. 2.4 ഇഞ്ച് ക്യുവിജിഎ ഡിസ്‌പ്ലേയാണ് പുതിയ ജിയോ ഫോണിന്റെ ഡിസ്‌പ്ലേ വലിപ്പം. കെഎഐ ഓപ്പറേറ്റിംഗ് സിസ്റ്റം വഴിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 512 എംബി റാമും നാല് ജിബി ഫോണ്‍ മെമ്മറിയും ലഭ്യമാണ്.

ഇത് 128 ജിബി വരെ ശേഷിയുളള മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വികസിപ്പിക്കാനാവും.
വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ഗൂഗിള്‍ മാപ് തുടങ്ങിയ ആപ്ലിക്കേഷനുകള്‍ പുതിയ ഫോണില്‍ ലഭ്യമാകും. എല്ലാ സമൂഹമാധ്യമങ്ങളും ലഭ്യമാകും വിധമാണ് പുതിയ ജിയോ ഫോണ്‍ 2 ഉം തയ്യാറാക്കിയിരിക്കുന്നത്.