നീലയണിഞ്ഞ് മലനിരകള്‍

നീലവസന്തമണിഞ്ഞ് മൂന്നാര്‍ മലനിരകള്‍, പന്ത്രണ്ട് കൊല്ലത്തിലൊരിക്കല്‍ മാത്രം വസന്തം തീര്‍ക്കുന്ന കാഴ്ച്ച കാണുവാനായി വനംവകുപ്പ് ഒരുക്കുമ്പോള്‍ തുടങ്ങിക്കഴിഞ്ഞു. കുറിഞ്ഞി പൂവിടുന്ന ഓഗസ്റ്റ് നവംബര്‍ മാസങ്ങളില്‍ ലക്ഷകണക്കിന് കാഴ്ച്ചക്കാരാവും മൂന്നാര്‍ മലനിരകളിലേക്ക് ഒഴുകിയെത്തുന്നത്.

രാവിലെ 7 മുതല്‍ വൈകീട്ട് നാലുവരെയാണ് സന്ദര്‍ശകര്‍ക്കു പ്രവേശനം അനുവദിക്കുന്നത്. സന്ദര്‍ശകര്‍ക്ക് ടിക്കറ്റ് മുന്‍കൂര്‍ ബുക്ക് ചെയ്യുന്നതിനു സൗകര്യം ഒരുക്കിയിട്ടുണ്ട്. മൊത്തം ടിക്കറ്റിന്റെ മുക്കാല്‍ ഭാഗവും ഓണ്‍ലൈനായും ബാക്കി നേരിട്ടുമായിരിക്കും നല്‍കുക. മുതിര്‍ന്നവര്‍ക്ക് 120 രൂപയും കുട്ടികള്‍ക്ക് 90 രൂപയുമാണ് ടിക്കറ്റ്. ക്യാമറയ്ക്ക് 40 രൂപയും വീഡിയോ ക്യാമറയ്ക്ക് 315 രൂപയും നല്‍കണം. ഒരുദിവസം 3500 സന്ദര്‍ശകരെ മാത്രമേ കുറിഞ്ഞി പാര്‍ക്കില്‍ അനുവദിക്കുകയുള്ളൂ. പാര്‍ക്കില്‍ പ്രവേശിക്കുന്നവരെ പരമാവധി രണ്ട് മണിക്കൂര്‍ മാത്രമേ ചെലവഴിക്കാന്‍ അനുവദിക്കുള്ളൂ.

http://www.munnarwildlife.com, www.eravikulamnationalpark.org എന്നീ സൈറ്റുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകും.

മൂന്നാര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡ്, മറയൂര്‍ ഫോറസ്റ്റ് കോംപ്ലക്‌സ് എന്നിവിടങ്ങളില്‍ നിന്ന് ടിക്കറ്റ് ലഭിക്കും. പാര്‍ക്കില്‍ പ്രവേശിക്കേണ്ട സമയം ടിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. കുറിഞ്ഞിക്കാലം ആസ്വദിക്കാന്‍ മൂന്നാറിലേക്കെത്തുന്നവര്‍ക്കായി വനംവകുപ്പ് ഇരവികുളം ദേശീയ ഉദ്യാനമായ അഞ്ചാം മൈലില്‍ വിസിറ്റേഴ്‌സ് ലോഞ്ച്, വിശ്രമസൗകര്യം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. ഇവിടെനിന്ന് പാര്‍ക്കില്‍ പ്രവേശിക്കാനുള്ള വാഹനസൗകര്യം ലഭ്യമാകും.