കോത്തഗിരിയില്‍ പോകാം ഓണം ആഘോഷിക്കാം
വേനല്‍ അവധി കഴിഞ്ഞ് എല്ലാവരും സ്‌കൂളിലെത്തിയാല്‍ ആദ്യം തിരക്കുന്നത് ഓണമെന്നാണ് കാരണം അവധി തന്നെയാണ്. എന്നാല്‍ ഈ ഓണം അവധി അടിച്ച് പൊളിക്കാന്‍ ഒരു ട്രിപ്പ് പോകാം കോത്തഗിരിയിലേക്ക്.
നീലഗിരി മലനിരയുടെ ഹൃദയ ഭാഗത്തുള്ള കോത്തഗിരി തണുപ്പിന്റെ കാര്യത്തില്‍ ഊട്ടിയെ തോല്‍പ്പിക്കും. പച്ച വിരിച്ച തേയിലത്തോട്ടവും, കുളിരണയിക്കുന്ന വെള്ളച്ചാട്ടവും ഒക്കെയാണ് കോത്തഗിരിയിലെ കാഴ്ചകള്‍.
മേട്ടുപാളയത്തി നിന്നു പാലപ്പെട്ടി, കോട്ടക്കാമ്പൈ വഴി ബംഗളാഡ കടന്നാല്‍ കോത്തഗിരിയിലെത്താം. യാത്രയില്‍ അതിമനോഹരമായ കാഴ്ച്ചകളാണ് പ്രകൃതിയൊരിക്കിയിരിക്കുന്നത്. പാലപ്പെട്ടി വ്യൂപോയിന്റ്, ബംഗളാഡ ഹെയര്‍പിന്‍ വളവുകള്‍ തുടങ്ങിയവയാണ് കാഴ്ചകള്‍.
കാതറിന്‍ വാട്ടര്‍ ഫാള്‍സ്, കോടനാട് വ്യൂ പോയിന്റ് എന്നിവയാണ് കോത്തഗിരിയിലെ ഹൈലൈറ്റ് കാഴ്ചകള്‍. വീതി കുറഞ്ഞ റോഡിലൂടെ തണുപ്പിനോട് കഥ പറഞ്ഞ് നടക്കുന്ന ആളുകള്‍, മലയോര ഗ്രാമത്തിന്റെ തനത് കാഴ്ചകള്‍ ചായം പൂശിയ വീടുകള്‍ അങ്ങനെ മനസ്സിനെ കുളിരണിയിക്കുന്ന നിരവധി കാഴ്ചകള്‍.
നീലഗിരി കാടുകളില്‍ നാലു ഗോത്രങ്ങളുണ്ട്. തോടാസ്, കോത്താസ്, കുറുംബാസ്, ഇരുളാസ്. ഇരുളരും കുറുമ്പരും കാടിനുള്ളിലാണ്. കോത്താസികള്‍ ഊട്ടിയില്‍. കോത്തഗിരിയില്‍ തോടാസികള്‍. കോത്തഗിരിയില്‍ തോടാസികളുടെ പരമ്പരാഗത ക്ഷേത്രമുണ്ട്. ‘റ’ രൂപത്തിലുള്ള ശിലയാണ് ക്ഷേത്രത്തിന്റെ മുന്‍ഭാഗം.
മുകള്‍ഭാഗം ഓല മേഞ്ഞിരിക്കുന്നു. മുന്‍ഭാഗത്തെ കല്ലിന്റെ നടുവില്‍ മണ്ണിനോടു ചേര്‍ന്നൊരു ദ്വാരമുണ്ട്. അതിലൂടെ നുഴഞ്ഞാണ് പൂജാരി ക്ഷേത്രത്തിനുള്ളില്‍ കയറുക. ശങ്കരന്‍ എന്നയാള്‍ക്കാണ് ഇപ്പോള്‍ ക്ഷേത്രത്തിന്റെ മേല്‍നോട്ട ചുമതല. ചിത്രപ്പണികളോടു കൂടിയ വെളുത്ത ഷാളാണ് തോടാസി വിഭാഗത്തിലെ പുരുഷന്മാര്‍ പുതയ്ക്കാറുള്ളത്. ഭര്‍ത്താവിനു പുതയ്ക്കാനുള്ള ഷാള്‍ ഭാര്യ നെയ്തുണ്ടാക്കണമെന്നാണു തോടാസികളുടെ കീഴ്വഴക്കം.
കോടനാട് റോഡ് അവസാനിക്കുന്നിടത്ത് ആല്‍ത്തറയാണ്. അവിടെ നിന്നു താഴേക്കുള്ള പടവുകള്‍ വ്യൂ പോയിന്റിലേക്കാണ്. പാറപ്പുറത്തു കെട്ടിയ ഇരുമ്പു കൈവരികളുടെ താഴെ തമിഴ്‌നാടും കര്‍ണാടകയും പരന്നു കിടക്കുന്നു. തെളിഞ്ഞ പകലുകളാണ് വ്യൂപോയിന്റില്‍ ഫോട്ടോ എടുക്കാന്‍ പറ്റിയ സമയം. രാവിലെ ഏഴു മണിക്ക് എത്തിയാല്‍ മഞ്ഞിന്റെ രസകരമായ രൂപഭേദങ്ങള്‍ കണ്ടാസ്വദിക്കാം.