News

ആലപ്പുഴ – ചങ്ങനാശ്ശേരി റൂട്ടിൽ ട്രാൻസ്‌പോർട്ട് സര്‍വ്വീസ് പുനഃരാരംഭിച്ചു

കുട്ടനാട്ടിലെ പ്രളയത്തെത്തുടർന്ന് ആലപ്പുഴ – ചങ്ങനാശ്ശേരി റൂട്ടിൽ നിർത്തിവെച്ച ട്രാൻസ്‌പോർട്ട് സർവീസ് കെഎസ്ആർടിസി പുനരാരംഭിച്ചു . അമ്പലപ്പുഴ -എടത്വ – തിരുവല്ല സംസ്ഥാന പാതയിലൂടെ സര്‍വ്വീസ് നടത്തിയിരുന്ന എല്ലാ സര്‍വ്വീസുകളും ഇന്നുമുതല്‍ ആലപ്പുഴ -ചങ്ങനാശ്ശേരി റൂട്ടിലൂടെ സര്‍വ്വീസ് നടത്തുമെന്ന് ആലപ്പുഴ ഡി.ടി.ഒ രാജീവ് അറിയിച്ചു. ആലപ്പുഴയിൽ നിന്നും പുളിങ്കുന്നിലേക്കും രാവിലെ പരീക്ഷണ സർവ്വീസ്സ് അയച്ചിട്ടുണ്ട് . ഇന്നലെ മങ്കൊമ്പിനും, ബ്ലോക്കിനും ഇടയിലെ വെള്ളക്കെട്ടിലൂടെ കെഎസ്ആർടിസി പരീക്ഷണ ഓട്ടം നടത്തിയിരുന്നു.പമ്പ,കക്കി ഡാമുകള്‍ തുറന്ന സാഹചര്യത്തില്‍ വെളളം ഉയരുകയാണെങ്കില്‍ സാഹചര്യം പരിശോധിച്ച് വേണ്ട നടപടിയെടുക്കുമെന്നും ഡിടിഒ പറഞ്ഞു.

എടത്വ ഡിപ്പോയില്‍ നിന്നുമുളള ബൈറൂട്ട് സര്‍വ്വീസുകള്‍ ആയ എടത്വ – തായങ്കരി-ചങ്ങനാശ്ശേരി , എടത്വ – കളങ്ങര -ആലപ്പുഴ ,എടത്വ -മുട്ടാര്‍- ചങ്ങനാശ്ശേരി ,എടത്വ – കളങ്ങര-ചങ്ങനാശ്ശേരി സര്‍വ്വീസുകള്‍ പുനഃസ്ഥാപിച്ചതായി എടത്വ ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ്ജ് ഗോവിന്ദപിളള അറിയിച്ചു.

.എടത്വയില്‍ നിന്നും കളങ്ങര വഴി രാവിലെ 11.30നും, വൈകിട്ട് 04.10നുമുളള സര്‍വ്വീസുകള്‍ മാത്രമേ നടത്തുന്നുളളു. വെളളം കയറി റോഡ് തകർന്നതിനാൽ ലോ ഫ്ലോർ ബസുകൾ തൽക്കാലം ഈ പാതയിൽ ഓടിക്കില്ല.