കാഴ്ച്ച കാണാനും സെൽഫി എടുക്കാനും പോകല്ലേ; ജനങ്ങളോട് മുഖ്യമന്ത്രിയുടെ അഭ്യർത്ഥന
കേരളം സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്തെ മഴക്കെടുതി കാഴ്ച്ച കാണാനും സെല്‍ഫി എടുക്കാനുള്ള അവസരവുമാക്കി മാറ്റരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജനങ്ങളുടെ ജീവിതം ദു:സ്സഹമാക്കി പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഇത്രയധികം ഡാമുകള്‍ നിറഞ്ഞു കവിയുകയും തുറന്നു വിടുകയും ചെയ്തത് അപൂര്‍വ്വമാണ്.
കെടുതി നേരിടാനുള്ള സര്‍ക്കാറിന്റെ ശ്രമങ്ങളോട് അനുകൂലമായാണ് പ്രതികരിച്ചത്. എന്നാല്‍ ചുരുക്കം ചിലര്‍ കാഴ്ച കാണാനും സെല്‍ഫി എടുക്കാനുമുള്ള അവസരമാക്കി ഇതിനെ മാറ്റാന്‍ ശ്രമിക്കുകയാണ്. കാഴ്ച കാണാനും ഫോട്ടോ എടുക്കാനും ഉള്ള എല്ലാ യാത്രകളും നിര്‍ബന്ധമായും ഒഴിവാക്കണമെന്ന് അത്തരക്കാരോട് ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രളയബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് നാളെ സന്ദര്‍ശിക്കും. രാവിലെ 7.30നാണ് സന്ദര്‍ശനം. ഹെലികോപ്റ്ററില്‍ മുഖ്യമന്ത്രിക്കൊപ്പം റവന്യുമന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരും ഉണ്ടാകും.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ് മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് സംസ്ഥാനത്തെ മഴക്കെടുതി സംബന്ധിച്ച് ചര്‍ച്ച ചെയ്തു. കേന്ദ്രത്തില്‍നിന്ന് ആവശ്യമായ സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം മുഖ്യമന്ത്രിക്ക് ഉറപ്പു നല്കി.