News

ഇടുക്കിയുടെ അഞ്ചു ഷട്ടറും തുറന്നു; ചെറുതോണിയിൽ വെള്ളത്തിന്റെ കുത്തൊഴുക്ക്

ജലപ്രവാഹം തുടരുന്ന സാഹചര്യത്തിൽ ചെറുതോണി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നു.ഇതോടെ വലിയ അളവിലുള്ള വെള്ളമാണ് പുറത്തേക്കൊഴുകുന്നത്. നാല് ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് കുറയാത്ത പശ്ചാത്തലത്തിലാണ് കൂടുതൽ വെള്ളം പുറത്തുവിടുന്നത്. വെള്ളത്തിന്റെ അളവ് ആറ് ലക്ഷം ലിറ്ററാക്കാനാണ് ശ്രമം. വെള്ളം ചെറുതോണി പട്ടണത്തിലൂടെ കുതിച്ചൊഴുകയാണ്. നഗരത്തിലെ താഴ്ന്ന സ്ഥലങ്ങളിലെ വൃക്ഷങ്ങൾ വെള്ളത്തിനടിയിലായി.വെള്ളത്തിന്റെ കുത്തൊഴുക്ക് കാരണം ചെറുതോണി പട്ടണത്തില്‍ റോഡിന്റെ വശങ്ങള്‍ ഇടിഞ്ഞു.

രാവിലെ 11.30ഓടെ മൂന്ന്‌ ഷട്ടറുകളിലുടെ അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിട്ടു തുടങ്ങയിരുന്നു. എന്നിട്ടും അണക്കെട്ടിലെ ജലനിരപ്പ്‌ കുറയാതെ വന്നതിനാലാണ്‌ അഞ്ചാമത്തെ ഷട്ടറും തുറന്നത്‌. രാവിലെ മൂന്ന്‌ ഷട്ടറുകളിലൂടെയായി മണിക്കൂറിൽ 300 ക്യൂമെക്‌സ്‌ വെള്ളമാണ്‌ പുറത്ത്‌ വിട്ടിരുന്നത്‌. ഇപ്പോൾ അതിൽ കൂടുതൽ വെള്ളമാണ്‌ പുറത്തേക്കൊഴുകുന്നത്‌. അണക്കെട്ടിലെ ജലനിരപ്പ്‌ ഉച്ചക്ക്‌ 12ന്‌ 2401. 50 അടിയാണ്‌. പരമാവധി സംഭരണശേഷി 2403 അടിയാണ്‌.

ചെറുതോണി ടൗൺ മുതൽ പെരിയാറിന്റെ ഇരുകരയിലുമുള്ളവർ അതീവജാഗ്രതപാലിക്കണമെന്നു്‌ അധികൃതർ അറിയിച്ചു. ഈ പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപാർപ്പിക്കുന്നതിന്‌ ഉദ്യോഗസ്‌ഥരോട്‌ ആവശ്യപ്പെട്ടു.

വ്യാഴാഴ്‌ച രാവിലെ ഒരു ഷട്ടര്‍ മാത്രം തുറന്ന് വെള്ളം പുറത്തേക്ക് കളഞ്ഞിരുന്നുവെങ്കിലും ഇത് മതിയാവാതെ വന്നതോടെയാണ് ഇന്ന് രാവിലെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നുവിട്ടത്. എന്നാല്‍ ഇതുകൊണ്ടും അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഉയര്‍ത്തിയ മൂന്ന് ഷട്ടറുകള്‍ കൂടുതല്‍ തുറക്കുകയായിരുന്നു. രാവിലെ 40 സെന്റീമീറ്റർ ഉയർത്തിയ ഷട്ടറുകൾ ഒരുമീറ്ററായാണ്‌ ഉയർത്തിയത്‌. ഇതിനുപുറമെയാണ്‌ നാലാമത്തെ ഷട്ടറും തുറന്നത്‌.

ഇടുക്കിയില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. ഇന്നലെ ഒരു ഷട്ടര്‍ തുറന്ന് വെള്ളം പുറത്തേക്ക് കളഞ്ഞിട്ടും ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുകയാണ് ചെയ്തത്. രാവിലെ മൂന്ന് ഷട്ടറുകള്‍ 40 സെന്റീമീറ്റര്‍ ഉയര്‍ത്തിയ ശേഷവും 11 മണിയോടെ ജലനിരപ്പ് 2401.46 അടിയിലെത്തി. ഇതോടെ കെഎസ്ഇബി അധികൃതര്‍ യോഗം ചേര്‍ന്ന് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.