News

ഇടുക്കിക്ക് പകരം ഹൗസ്ബോട്ടും കോവളവും; ടൂറിസം മേഖലയുടെ പോംവഴി ഇങ്ങനെ

മൂന്നാർ, തേക്കടി എന്നിവയുൾപ്പെടെ ഇടുക്കിയിലേക്കു വിനോദസഞ്ചാരം താൽക്കാലികമായി നിരോധിച്ചതോടെ സഞ്ചാരികളെ മഴ അധികം ബാധിക്കാത്ത കേരളത്തിലെ മറ്റിടങ്ങളിലെത്തിക്കുകയാണ് ടൂറിസം മേഖല.

മുൻകൂട്ടി ബുക്ക് ചെയ്ത് പല രാജ്യങ്ങളിൽ നിന്ന് എത്തുന്ന സഞ്ചാരികളോട് അതെ വിമാനത്തിൽ മടങ്ങിപ്പോകൂ എന്ന് പറയാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് ബദൽ സഞ്ചാര സ്ഥലങ്ങൾ ടൂറിസം മേഖല നിർദേശിക്കുന്നതെന്ന് അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ(അറ്റോയ്) പ്രസിഡന്റ് പികെ അനീഷ് കുമാറും സെക്രട്ടറി വി ശ്രീകുമാരമേനോനും പറഞ്ഞു.

മൂന്നാറിനും തേക്കടിയ്ക്കും പോകാനായി നെടുമ്പാശേരിയിൽ വിമാനമിറങ്ങുന്ന സഞ്ചാരികളോട് കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും കുമരകം, ആലപ്പുഴ എന്നിവിടങ്ങളിൽ ഹൗസ്ബോട്ട് സഞ്ചാരവും പിന്നീട് കോവളത്തേയ്ക്ക് കൊണ്ടുവരികയുമാണ് ചെയ്യുന്നത്. മൂന്നാർ, തേക്കടി എന്നിവിടങ്ങളിൽ നിന്ന് നെടുമ്പാശ്ശേരി വഴി തിരിച്ചുപോകാനുള്ള സഞ്ചാരികളെ തിരുവനന്തപുരം വഴി തിരികെ അയയ്‌ക്കുകയാണ് ഇപ്പോൾ.

പ്രളയക്കെടുതി ബാധിത മേഖലകളിൽ സഹായവുമായി ടൂറിസം മേഖല രംഗത്തുണ്ട്. നേരത്തെ കുട്ടനാട്ടിൽ അറ്റോയ് നേതൃത്വത്തിൽ മാതൃകാപരമായ സേവനം നടത്തിയിരുന്നു.