നെടുമ്പാശേരിയിൽ വിമാന സർവീസുകൾ പഴയപടി; ലാൻഡിംഗ് നിരോധനം നീക്കി


ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്ന പശ്ചാത്തലത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനങ്ങൾ ഇറങ്ങുന്നത് താൽക്കാലികമായി നിർത്തിയത് പിൻവലിച്ചു . ഉച്ചയ്ക്ക് 1.10 മുതലാണ് വിമാനങ്ങളുടെ ലാന്‍ഡിങ് താത്കാലികമായി നിര്‍ത്തിവെച്ചത്‌. സ്ഥിതിഗതികൾ വിലയിരുത്തിയ വിമാനത്താവള അധികൃതർ 3.15 നു പഴയ നില പുനഃസ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഇടമലയാറില്‍ നിന്ന് എത്തുന്ന വെള്ളം പെരിയാര്‍ കവിഞ്ഞ് ചെങ്കല്‍ത്തോടും കവിഞ്ഞൊഴുകിയതോടെയാണ് ലാന്‍ഡിങ് നിര്‍ത്തിയത്. ചുറ്റുമതിലിന് പുറത്ത് വെള്ളം നിറഞ്ഞിട്ടുണ്ട്. റണ്‍വേയില്‍ നനവുണ്ടോ പരിശോധിച്ച ശേഷമാണ് വിമാനങ്ങളുടെ ലാന്‍ഡിങ് പുനഃരാരംഭിച്ചത്.

വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് 2013ല്‍ വിമാനത്താവളം അടച്ചിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് ഇടമലയാര്‍ ഡാം തുറന്നുവിട്ട സാഹചര്യത്തില്‍ സമീപത്തെ ചെങ്ങല്‍ കനാല്‍ നിറഞ്ഞുകവിഞ്ഞതോടെയാണ് അന്ന് വിമാനത്താവളം അടച്ചുപൂട്ടിയത്.

ചെങ്ങല്‍ കനാലിന്റെ ആഴം കൂട്ടിയും ബണ്ടുകള്‍ സ്ഥാപിച്ചും വിമാനത്താവളത്തെ വെള്ളപ്പൊക്കഭീഷണിയില്‍ നിന്നും സംരക്ഷിക്കാന്‍ നടപടികളെടുത്തിരുന്നു.