നെഹ്‌റു ട്രോഫി വള്ളംകളി മാറ്റി; ആദ്യ ബോട്ട് ലീഗ് സമയക്രമവും മാറും
കനത്ത മഴയില്‍ അണക്കെട്ടുകള്‍ തുറന്നു വിട്ടതോടെ നദികളില്‍ ക്രമാതീതമായി ജലനിരപ്പുയർന്നതിനെ തുടർന്ന് ശനിയാഴ്ച പുന്നമടക്കായലിൽ നടക്കേണ്ടിയിരുന്ന66 -ാമത് നെഹ്റു ട്രോഫി വള്ളംകളി മാറ്റി വെച്ചു.
20 ചുണ്ടന്‍ വള്ളങ്ങളുള്‍പ്പെടെ 78 വള്ളങ്ങളാണ് ഇക്കുറി മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. പുതുക്കിയ തിയ്യതി പിന്നീടറിയിക്കും. സച്ചിന്‍ തെണ്ടുല്‍ക്കറാണ് മുഖ്യാതിഥി. നെഹ്‌റു ട്രോഫിയോടെ ആദ്യ ചാമ്പ്യൻസ് ബോട്ട് ലീഗിന് തുടക്കമിടാനിരുന്നതാണ്. ബോട്ട് ലീഗിന്റെ സമയക്രമത്തിലും ഇനി മാറ്റം വരും. നെഹ്‌റു ട്രോഫിയിലെ ആദ്യ ഒമ്പതു സ്ഥാനക്കാരാണ് ലീഗിൽ പങ്കെടുക്കുക.
പമ്പ ഡാം തുറക്കുന്ന പശ്ചാത്തലത്തിൽ കാര്‍ത്തികപ്പള്ളി, കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിൽ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്.
നദികളില്‍ ജലനിരപ്പുയർന്നതിനെ തുടർന്ന് അടിയന്തര ഡി.ഡി.എം.എ. ചേരുന്നു. എല്ലാ വകുപ്പുകളും സജ്ജമായിരിക്കാന്‍ ജില്ല കളക്ടർ നിര്‍ദേശം നല്‍കി. ആലപ്പുഴ ജില്ലയിലെ എല്ലാ വകുപ്പുകള്‍ക്കും ജാഗ്രത നിര്‍ദേശം കൈമാറിയിട്ടുണ്ട്.