ഇടുക്കിയില്‍ നീരൊഴുക്ക് കൂടുന്നു ; ട്രയല്‍ റണ്‍ തുടരും

ട്രയൽ റൺ നടത്തി ജലമൊഴുക്കിവിട്ടിട്ടും ഇടുക്കി അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി അതീവ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) പുറപ്പടുവിച്ചു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ നീരൊഴുക്കു വർധിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ വെള്ളിയാഴ്ച രാവിലെ ആറുമണിക്ക് ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്ന് സുരക്ഷിതമായ അളവിൽ ജലം ചെറുതോണി/പെരിയാർ നദിയിലേക്ക് ഒഴുക്കിവിടാൻ തീരുമാനിച്ചിരിക്കുകയാണെന്നു കെഎസ്ഇബി അറിയിച്ചു.

നേരത്തേ, വൈകിട്ട് 4.30ന് ട്രയൽ റൺ അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ നീരൊഴുക്കു തുടരുന്നതിനാൽ രാത്രിയിലും ട്രയൽ റൺ തുടരാനാണു തീരുമാനം.. ജലനിരപ്പ് 2399.04 അടിയിലെത്തിയപ്പോഴാണ് ട്രയൽ റൺ ആരംഭിച്ചത്.

മൂന്നാമത്തെ ഷട്ടർ 50 സെന്റിമീറ്റർ ഉയർത്തി സെക്കൻഡിൽ 50 ഘനമീറ്റർ ജലം വീതമാണ് ഒഴുക്കിവിടുന്നത്. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. 26 വർഷങ്ങൾക്കുശേഷമാണ് ഇടുക്കി– ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്നത്.