News

വീണ്ടും ‘പേ’മാരി; വയനാട് ഒറ്റപ്പെട്ടു, ഇടമലയാർ തുറന്നു. പലേടത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്തു വീണ്ടും തോരാമഴ ദുരിതം വിതയ്ക്കുന്നു. വയനാട്  ഒറ്റപ്പെട്ട നിലയിലായി. നിരവധി ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചതിലും വേഗത്തില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു.

രാവിലെ അഞ്ചിനാണ് ഷട്ടറുകള്‍ തുറന്നത്. ആദ്യം അറിയിച്ചിരുന്നത് രാവിലെ ആറിന് ഷട്ടറുകള്‍ തുറക്കുമെന്നായിരുന്നു. പിന്നീട് ജലനിരപ്പ് ഉയരുന്ന സാഹചര്യം പരിഗണിച്ച് നേരത്തെ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു. 80 സെന്റി മീറ്റര്‍ വീതമാണ് നാല് ഷട്ടറുകളും ഉയര്‍ത്തിയിരിക്കുന്നത്. അണക്കെട്ട് തുറന്ന സാഹചര്യത്തില്‍ പെരിയാറില്‍ ഒന്നരമീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കി.

മറ്റൊരു അറിയിപ്പുണ്ടാകുന്നതു വരെ പെരിയാറിലും കൈവഴികളിലും ഇറങ്ങുന്നത് നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടുണ്ട്
അതേസമയം, 2398 അടിയില്‍ നിര്‍ണയിച്ചിരുന്ന ഇടുക്കിയുടെ ട്രയല്‍ റണ്‍, സാഹചര്യം വിലയിരുത്തി മാത്രമേ നടത്തുകയുള്ളൂ. ട്രയല്‍ റണ്‍ നടത്തുന്ന സാഹചര്യത്തില്‍ വിവരം പൊതുജനങ്ങളെ അറിയിക്കുന്നതാണ്.

ഒരാഴ്ചക്കകം ഇന്ത്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കി തുറക്കുമെന്നാണ് സൂചന. ഇതിനുള്ള മുന്നൊരുക്കമായാണ് ഇടമലയാര്‍ അണക്കെട്ട് തുറക്കുന്നത്. നിയന്ത്രിത തോതില്‍ ഇടമലയാര്‍ ഡാം തുറന്നാല്‍ മാത്രമേ ഇടുക്കി തുറക്കുമ്പോള്‍ പെരിയാറിലേക്ക് പൊടുന്നനെയുള്ള ജലത്തിന്റെ കുത്തൊഴുക്ക് നിയന്ത്രിക്കാനാകൂ. ഈ സാഹചര്യത്തിലാണ് ഇടമലയാര്‍ ഡാം തുറക്കാന്‍ തീരുമാനമെടുത്തത്.

ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതും നീരൊഴുക്ക് വര്‍ധിച്ചിരിക്കുന്നതും ഡാം തുറക്കുന്നത് അനിവാര്യമാക്കുകയാണ്. സാധാരണ കാലവര്‍ഷ സമയത്ത് ഇടുക്കി ഡാമില്‍ ജലനിരപ്പ് ഇത്ര ഉയരാറില്ല. 26 വര്‍ഷം മുന്‍പാണ് ഡാം ഇതിനു മുന്‍പ് തുറന്നത്.

ഇടമലയാറിനു താഴെയുള്ള ഭൂതത്താന്‍കെട്ട് ഡാം ആഴ്ചകളായി തുറന്നിരിക്കുകയാണ്. ഇടമലയാറില്‍ നിന്നുള്ള വെള്ളം ഭൂതത്താന്‍കെട്ട് വഴിയാണ് ഒഴുകുക.

കനത്ത മ‍ഴയും ഉരുള്‍പ്പൊട്ടലും മൂലം വയനാട് ജില്ല ഒറ്റപ്പെട്ട നിലയിലാണ്. വൈത്തിരിയിൽ ഉരുൾപൊട്ടി ഒരാൾ മണ്ണിനടിയിൽപ്പെട്ടു. രണ്ട് വീടുകൾ പൂർണമായും ഏഴ് വീടുകള്‍ ഭാഗികമായും തകർന്നു. താമരശേരി ഒമ്പതാം വളവില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. രണ്ട് ദിവസമെങ്കിലും കഴിയാതെ തടസ്സം നീക്കാന്‍ കഴിയില്ലെന്നാണ് സൂചന. യാത്രക്കാര്‍ താമരശ്ശേരി ചുരത്തില്‍ കുടുങ്ങി കിടക്കുകയാണ്. നേരത്തെ വയനാട്ടിലേക്കുള്ള കുറ്റ്യാടി ചുരവും പാല്‍ ചുരവും ഗതാഗതം തടസ്സപ്പെട്ടിരുന്നു.ഇതോടെ വയനാട്ടില്‍ നിന്ന് താഴേക്ക് വരാനുള്ള മൂന്ന് ചുരങ്ങളിലും മണ്ണിടിഞ്ഞ് വീണു.

കോഴിക്കോട് ജില്ലയില്‍ കനത്ത മഴയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും വെള്ളപൊക്കവും ഉണ്ടായി. തിരുവനന്തപുരത്ത് കനത്ത മ‍ഴയെത്തുടര്‍ന്ന് നെയ്യാര്‍ ഡാം അണക്കെട്ട് ഷട്ടറുകള്‍2 അടി ഉയര്‍ത്തി.

ഇന്ന് (09-08-18) അവധി ഇവിടങ്ങളിൽ

സംസ്ഥാനത്തു കനത്ത മഴ തുടരുന്നതിനാൽ ഇന്നു നടത്താനിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് / സപ്ളിമെന്ററി പരീക്ഷ മാറ്റി.

കൊല്ലം, പാലക്കാട്, വയനാട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. പാലക്കാട്ടും വയനാട്ടിലും പ്രൊഫഷണൽ കോളേജുകൾക്കും ബാധകം.

കോഴിക്കോട്ടെ താമരശ്ശേരി താലൂക്കിലും നാദാപുരം,കുന്നുമ്മൽ,പേരാമ്പ്ര,ബാലുശ്ശേരി, മുക്കം ഉപജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കണ്ണൂരിൽ ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലും ഇടുക്കിയിൽ ദേവികുളം,ഉടുമ്പഞ്ചോല താലൂക്കുകളിലും പ്രൊഫഷണൽ കോളജ് അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കണ്ണൂർ സർവകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി.

മലപ്പുറത്തെ കൊണ്ടോട്ടി, നിലമ്പൂർ താലൂക്കുകളിലും തൃശൂരിലെ ചാലക്കുടി താലൂക്കിലും പ്രൊഫഷണൽ കോളജ് ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്.