ഇടുക്കി ഡാം തുറന്നു; ചെറുതോണിയിൽ ഗതാഗത നിയന്ത്രണം .ഡാം തുറന്നത് 26 വർഷത്തിന് ശേഷം

ഇടുക്കി ഡാമിന്റെ ഷട്ടർ 26 വർഷത്തിന് ശേഷം വീണ്ടും തുറന്നു. ഡാം നിർമിച്ച ശേഷം ഇത് മൂന്നാം തവണ മാത്രമാണ് ഷട്ടർ തുറന്നത് . അണക്കെട്ടിലെ ജലനിരപ്പ് പെട്ടെന്ന് ഉയരുന്ന സാഹചര്യത്തിലാണ് ട്രയൽ റൺ നടത്തിയത്. ചെറുതോണി അണക്കെട്ടിന്റെ മൂന്നാം ഷട്ടർ 50 സെന്റി മീറ്ററാണ് ഉയർത്തിയത്. സെക്കൻഡിൽ 50 ഘന മീറ്റർ വെള്ളം. നാലു മണിക്കൂറാണ് അണക്കെട്ട് തുറന്നത്. വൈദ്യുതമന്ത്രി എംഎം മാണി, ജില്ലാ കളക്ടർ ജീവൻ ബാബു എന്നിവരുടെ സാന്നിധ്യത്തിലാണ് അണക്കെട്ട് തുറന്നത്. ചരിത്ര നിമിഷത്തിനു സാക്ഷിയാകാൻ നിരവധിപേരും ഡാം പരിസരത്ത് എത്തിയിരുന്നു. വെള്ളത്തിൽ ഇറങ്ങരുത്, മീൻ പിടിക്കരുത്, സെൽഫി എടുക്കരുത് എന്നിങ്ങനെ നിർദേശങ്ങൾ ജില്ലാ ഭരണകൂടം നല്കിയിട്ടിട്ടുണ്ട്.കനത്ത സുരക്ഷയാണ് ഡാമിന് പരിസരത്ത് ഏർപ്പെടുത്തിയിട്ടുള്ളത്.

ഡാം തുറന്നതിനാല്‍ സുരക്ഷയുടെ ഭാഗമായി ചെറുതോണി പാലത്തിലൂടെയുള്ള ഗതാഗതനം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്നലെ മുതല്‍ മഴ കനത്തതോടെ നീരൊഴുക്കും കൂടി. അതിനാലാണ് ട്രയല്‍ റണ്‍ എന്ന തീരുമാനത്തിലേക്കെത്തിയത്. ഇടമലയാര്‍ അണക്കെട്ട് രാവിലെ തുറന്നിരുന്നു. ഇടമലയാറിന്റെ നാല് ഷട്ടറുകളും തുറന്നിട്ടുണ്ട്. അവിടെ നിന്നും വെള്ളം ഒഴുകി വരുന്ന ഭൂതത്താന്‍ അണക്കെട്ടിന്റെ 14 ഷട്ടറുകളും തുറന്നിട്ടിരിക്കയാണ്.

നിലവിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398 അടി പിന്നിട്ടു. പതിനൊന്നുമണിക്ക് ജലനിരപ്പ് 2398.88 അടിയാണ്. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി.

ഡാം തുറന്നത് മൂന്നാം തവണ

ഇടുക്കി പദ്ധതി കമീഷൻ ചെയ‌്ത 1976 ഫെബ്രുവരി 12 ന‌് ശേഷം സംഭരണി നിറഞ്ഞ‌് തുറന്നുവിട്ടത‌് രണ്ടുതവണ. 1981 ലും 92 ലും. ഇതു കൂടാതെ പൂർണതോതിൽ നിറഞ്ഞിട്ടുള്ളത‌് 2007 ലും 2013 ലും. ഇക്കാലയളവിൽ നാശങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല.

1981 ഒക‌്ടോബർ 29 മുതൽ നവംബർ 13 വരെ 15 ദിവസമാണ‌് ചെറുതോണി ഷട്ടർ ഒരടി ഉയർത്തിയത‌്. പിന്നീട‌് 1992 ഒക‌്ടോബർ 12 മുതൽ 16 വരെയും നവംബർ 16 മുതൽ 23 വരെയും ഉയർത്തി. ഇക്കാലയളവിൽ കൂടുതലും ഒന്നുമുതൽ രണ്ട‌്അടി വരെ ചെറുതോണി ഷട്ടർ ഉയർത്തി. എത്രയടി ഉയർത്തിയാൽ ചെറുതോണി പാലം മുങ്ങുമെന്ന പരീക്ഷണവും ഇക്കാലയളവിൽ നടത്തിനോക്കി. രണ്ടടിക്കും മൂന്നടിക്കും മധ്യേ ഉയർത്തുമ്പോഴാണ‌് ചെറുതോണി പാലം മുങ്ങുന്നത‌്. ഇത്തവണ ആദ്യം ഉയർത്താൻ ലക്ഷ്യമിടുന്നത‌് ഒരടിയിൽ താഴെ മാത്രം. അത്തരം സാഹചര്യം ഉണ്ടായാൽ ചെറുതോണി പാലം തൊടാതെ വെള്ളം ഒഴുകും. ആ കാലത്തിന‌് ശേഷം പെരിയാർ ഒഴുകുന്ന വഴിയിൽ ഏതാനും കൃഷിയിടങ്ങളുണ്ട‌്. കരകളിൽ 270 വീടുകളും മറ്റ‌് കെട്ടിടങ്ങളുമുണ്ട‌്.

ഇടുക്കി സംഭരണി നിറഞ്ഞത‌് 2013, 2007 സെപ‌്തംബറിലാണ‌്. യഥാക്രമം 2401.7, 2401.29 അടിവരെ ജലം ഉയർന്നിരുന്നു. മൺസൂണിന‌് ശേഷം തുലാം കടന്ന സമയമായിരുന്നു. തുടർന്ന‌് വേനൽ കടുത്തതിനാൽ തുറക്കേണ്ടി വന്നില്ല. എന്നാൽ ഇത്തവണ മൺസൂൺ കാലത്ത‌് തന്നെ സംഭരണി നിറയുന്ന അവസ്ഥ ഉണ്ടായതാണ‌് തുറക്കാനുള്ള സാഹചര്യം ഒരുക്കിയത്‌.

തലയെടുപ്പുള്ള ഇടുക്കി ഡാം

ഡാം കുടുംബത്തിലെ തലയെടുപ്പോടെ നിലകൊള്ളുന്നതാണ‌് ഇടുക്കി. പെരിയാറിന‌് കുറുകെ നിർമിച്ചിരിക്കുന്ന ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ആർച്ച‌് ഡാമാണ‌്. കുറവൻ‐കുറത്തി മലകളെ ബന്ധിപ്പിച്ച‌് നിർമിച്ചിരിക്കുന്ന ഈ ആർച്ച‌് ഡാമും ഇതിന‌് സമീപമുള്ള ചെറുതോണിയും 30 കി. മീറ്റർ അകലെയുള്ള കുളമാവ‌് ഡാമും ചേർന്നതാണ‌് ഇടുക്കി പദ്ധതിയുടെ ഭാഗമായ സംഭരണികൾ. മൂന്ന‌് ഘട്ടങ്ങളിലായി പണി പൂർത്തിയാക്കി. പദ്ധതിയുടെ സ്ഥാപിത ശേഷി 780 മെഗാവാട്ട‌്. 1969 ഏപ്രിൽ 30 ന‌് മുഖ്യമന്ത്രിയായിരുന്ന ഇ എം എസ‌് തറക്കല്ലിട്ടു. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി 1976 ൽ കമീഷൻ ചെയ‌്തു.

മൂന്ന‌് ജലസംഭരണി പ്രദേശം ഉൾപ്പെടുന്ന തടാകമേഖല 60 ചതുരശ്ര കി.മീറ്ററും പദ്ധതി മേഖല 250 ചതുരശ്ര കി. മീറ്ററും. തടഞ്ഞ‌് നിർത്തിയിരിക്കുന്ന ജലപ്രവാഹത്തെ നാടുകാണി മൂലമറ്റം മലയ‌്ക്കുള്ളിൽ സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി നിലയത്തിലെത്തിച്ച‌് ഉൽപാദനം നടത്തുന്നു. 2403 അടിയാണ‌് ഡാമിന്റെ സംഭരണശേഷി (സമുദ്രനിരപ്പിലെ ഉയരം).

പെരിയാർ, കല്ലാർ, ഇരട്ടയാർ, അഴുതയാർ, കുട്ടിയാർ, മുത്തിയുരണ്ടയാർ, നാരകക്കാനം, ഡൈവേർഷൻ, കിളിവള്ളിത്തോട‌്, കട്ടപ്പനയാർ എന്നിവ ചേരുന്നത‌് ഇടുക്കി സംഭരണിയിലാണ‌്.