സുധീഷ് മെമ്മോറിയല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ; ഇന്ത്യ ടൂറിസം ജേതാക്കള്‍

മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്സ് സംഘടിപ്പിച്ച സുധീഷ് മെമ്മോറിയല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ മിനിസ്ട്രി ഓഫ് ടൂറിസം (ഗവ: ഇന്ത്യ) ജേതാക്കളായി. മൂന്നാറിലെ ടൂറിസം സംഭരംഭകരുടെ സംഘടനയായ മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്‌സിന്റെ നിര്‍വ്വാഹ സമതി അംഗമായിരിക്കെ അകാലത്തില്‍ മരണപ്പെട്ട സുധീഷിന്റെ സ്മരണയ്ക്കായി സംഘടിപ്പിച്ച അഖില കേരള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഹോട്ടലുകളും ടൂറിസം സംഘടനകളും ടൂര്‍ ഓപ്പറേറ്റേഴ്സും ഉള്‍പ്പെടെ 32 ടീമുകളാണ് പങ്കെടുത്തത്. അടിമാലി എയ്സ് അക്കാദമിയില്‍ ഓഗസ്റ്റ് 4, 5 തീയതികളില്‍ അരങ്ങേറിയ ടൂര്‍ണമെന്റ് കേരളത്തിലെ ടൂറിസം മേഖലയിലൊന്നാകെ ചര്‍ച്ചാവിഷയമായിരുന്നു.

എയര്‍ ട്രാവല്‍ എന്റര്‍പ്രൈസസ് രണ്ടാം സ്ഥാനത്തും, ഈസ്റ്റെന്‍ഡ് ഹോട്ടല്‍സ് മൂന്നാം സ്ഥാനത്തും എത്തിയപ്പോള്‍ അബാദ് ഹോട്ടല്‍സ് ഇഞ്ചോടിഞ്ചു വ്യത്യാസത്തിലാണ് നാലാം സ്ഥാനത്തേക്ക് എത്തപ്പെട്ടത്. മികച്ച കളിക്കാരനുള്ള പുരസ്‌കാരം ഇന്ത്യ ടൂറിസത്തിലെ രാജേഷ് നേടി. പ്രത്യേക പുരസ്‌കാരത്തിന് ഈസ്റ്റെന്‍ഡ് ഹോട്ടല്‍സിലെ സുഷീല്‍ അര്‍ഹനായി.

കേരള ടൂറിസം ജോ: ഡയറക്ടര്‍ കെ പി നന്ദകുമാര്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ച ചടങ്ങില്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ എസ് ഷൈന്‍, മൂന്നാര്‍ ഹോട്ടല്‍ & റിസോര്‍ട് അസോസിയേഷന്‍ പ്രസിഡന്റ് വി വി ജോര്‍ജ്, ഷോകേസ് മൂന്നാര്‍ പ്രസിഡന്റ് അഡ്വ: ബാബു ജോര്‍ജ് തുടങ്ങിയ പ്രമുഖര്‍ പങ്കടുത്തപ്പോള്‍ എംഡിഎം മുന്‍ പ്രസിഡന്റ് വിമല്‍റോയ് ആമുഖപ്രസംഗവും പ്രസിഡന്റ് ജോളി ജെയിംസ് സ്വാഗതവും മുന്‍ സെക്രട്ടറി അബ്ബാസ് കൃതജ്ഞതയും രേഖപ്പെടുത്തി. നിജാസ് വി കെ മുഖ്യ സംഘാടകനായിരുന്ന ടൂര്‍ണമെന്റിലെ മത്സരങ്ങള്‍ നിയന്ത്രിച്ചത് അടിമാലി ക്ലബ് ഡയറക്ടര്‍ ജോണ്‍ ആയിരുന്നു.

വരും വര്‍ഷങ്ങളില്‍ മൂന്നാര്‍ ടൂറിസത്തിന്റെ മാര്‍ക്കറ്റിംഗ് പ്രോഡക്റ്റായി ഇന്ത്യടൂറിസം ഉറ്റുനോക്കുന്ന ഒരു മഹാ മേളയായി ഇതിനെ വളര്‍ത്തിയെടുക്കണമെന്നു ജോ: ഡയറക്ടര്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് വരും വര്‍ഷങ്ങളിലും വിപുലമായ രീതിയില്‍ എംഡിഎം ടൂര്‍ണമെന്റ് സംഘടിപ്പിക്കുമെന്ന് ജന: സെക്രട്ടറി ബെന്നി ജോര്‍ജ് അറിയിച്ചു.