ഹൃദയങ്ങൾ ചേർത്ത് വെയ്ക്കാൻ മന്ത്രിയെത്തി, സ്കൂട്ടറിൽ
ഇഷ്ടികയും മണലും കൊണ്ട് വീട് നിര്‍മിക്കാം എന്നാല്‍ ഹൃദയങ്ങള്‍ ചേര്‍ത്തുവച്ചാണ് ഗൃഹങ്ങള്‍ സൃഷ്ടിക്കേണ്ടതെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. യുനിസെഫ്, കുടുംബശ്രീ മിഷന്‍, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ മാജിക് അക്കാദമി ഒരുക്കുന്ന ഹാപ്പി ഹോം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹ പുരോഗതിയുടെ അടിസ്ഥാനം സമാധാനവും സന്തോഷവും പുലരുന്ന കുടുംബങ്ങളാണ്. എല്ലാം ആരംഭിക്കേണ്ടതും കുടുംബങ്ങളില്‍ നിന്നുമാണ്.
അവനവന്റെയുള്ളിലെ ദൈവത്തെ തിരിച്ചറിയാതെ മനുഷ്യന്‍ ഇന്നും ദൈവത്തെ തേടി അലയുകയാണ്. ഓരോരുത്തരുടെയും ഹൃദയത്തിനുള്ളില്‍ തെളിച്ചുവച്ച ദീപത്തിന്റെ പ്രഭ സമൂഹത്തിലേയ്ക്ക് പകരുകയാണ് വേണ്ടത്. ഇത്തരത്തില്‍ മികച്ച സാമൂഹികാന്തരീക്ഷം സൃഷ്ടിക്കുവാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് കഴിയുമെന്നും ഇതിനായി മുതുകാടിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഹാപ്പിഹോം പദ്ധതി ഏറ്റവും മാതൃകാപരമായ ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച വാഹനപണിമുടക്കിനെത്തുടര്‍ന്ന് മന്ത്രി ഔദ്യോഗിക വസതിയില്‍ നിന്നും മാജിക് പ്ലാനറ്റിലെത്തിയത് ബൈക്കിലായിരുന്നു. പദ്ധതിയുടെ ഉദ്ദേശശുദ്ധി പരിഗണിച്ചായിരുന്നു അനുകൂലമല്ലാത്ത സാഹചര്യമായിരുന്നിട്ടു കൂടി മന്ത്രി പ്രോട്ടോകോള്‍ കണക്കിലെടുക്കാതെ ആക്ടീവയില്‍ എത്തിയത്.
ചന്തവിള വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള മികച്ച ബോധവത്കരണ പ്രവര്‍ത്തനത്തിന് കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയത്തിന്റെ വ്യക്തിഗത പുരസ്‌കാരം നേടിയ തിരുവനന്തപുരം വെള്ളനാട് കരുണസായി ഡി-അഡിക്ഷന്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.എല്‍.ആര്‍ മധൂജനെ മന്ത്രി ആദരിച്ചു. യൂനിസെഫ് കമ്മ്യൂണിക്കേറ്റീവ് സ്‌പെഷ്യലിസ്റ്റ് സുഗതാറോയ്, മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഡയറക്ടര്‍ ചന്ദ്രസേനന്‍ മിതൃമ്മല, മാജിക് പ്ലാനറ്റ് മാനേജര്‍ ജിന്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
തുടര്‍ന്ന് ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ സന്തോഷവും സ്‌നേഹവും സമാധാനവും പരിലസിക്കുന്ന ഒരു കുടംബാന്തരീക്ഷം വാര്‍ത്തെടുക്കുന്നതിനായി ജില്ലയിലെ തിരഞ്ഞെടുത്ത കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി ഹാപ്പി ഹോം ബോധവത്കരണ ക്ലാസ് നടന്നു.
മാറിയ സാമൂഹിക പശ്ചാത്തലത്തില്‍ മാറ്റം ആരംഭിക്കേണ്ടത് കുടുംബങ്ങളില്‍ നിന്നാണ്. പുതിയ രീതികളില്‍ നല്ലതിനെ ഉള്‍ക്കൊണ്ടും തള്ളേണ്ടവയെ നിരാകരിച്ചും മുന്നേറിയാല്‍ മാത്രമേ മികച്ച സാമൂഹികാന്തരീക്ഷം സൃഷ്ടിക്കുവാന്‍ സാധിക്കൂ. എല്ലാ കുടുംബങ്ങളിലും നന്മയുടെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും വെളിച്ചം പകരുന്നതിനായാണ് മാജിക് അക്കാദമി ഹാപ്പി ഹോം പദ്ധതി ഒരുക്കിയിരിക്കുന്നത്. തിരഞ്ഞെടുത്ത കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഇതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി, റിസോഴ്‌സ് പേഴ്‌സണ്‍സായി പരിശീലനം നല്‍കുന്ന ഈ പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കുമെന്നും മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് പറഞ്ഞു.