ചിറക് വിരിച്ച ജടായുവിനരികലെത്താം, ആകാശക്കാറിലൂടെ

ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പം സ്ഥിതി ചെയ്യുന്ന ജടായുപ്പാറയുടെ മുകളിലെത്താന്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത കേബിള്‍ കാര്‍ സജ്ജമായി. 750 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ശില്പവും പശ്ചിമഘട്ട മലനിരകളും ഇനി ആകാശസഞ്ചാരത്തിലൂടെ കാണാം.


സെപ്തംബര്‍ 17ന് മുഖ് മന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത് സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കുന്ന ചടയമംഗലത്തെ ജടായു എര്‍ത്ത് സെന്ററില്‍ അത്യാധുനിക സാങ്കേതിക വിദ്യയില്‍ നിര്‍മ്മിച്ചിരിക്കുന്ന 16 കേബിള്‍ കാറുകളാണ് ഒരുക്കിയിരിക്കുന്നത്.

സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്നും കപ്പല്‍ മാര്‍ഗം കൊച്ചിയില്‍ എത്തിച്ച കേബിള്‍ കാറിന്റെ ഘടകങ്ങള്‍ റോഡു മാര്‍ഗമാണ് ചടയമംഗലത്തേക്ക് കൊണ്ട് വന്നത്. യൂറോപ്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച കേബിള്‍ കാര്‍ സംവിധാനം സ്ഥാപിക്കുന്നതിന്റെ വിവിധ ഘട്ടങ്ങളില്‍ 220 പേരാണ് നേരിട്ട് പങ്കാളിയായത്.


പാറ സന്ദര്‍ശിക്കാനെത്തുന്നവരുടെ സുരക്ഷക്രമീകരണങ്ങളുടെ ഭാഗമായിട്ടാണ് കേബിള്‍ കാര്‍ സ്ഥാപിച്ചത്. 40 കോടിയോളം രൂപയുടെ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച കേബിള്‍ കാറിന് പരിസ്ഥിതി മലിനീകരണമില്ലെന്ന പ്രത്യേകതയുണ്ട്.

ജടായുപ്പാറയുടെ താഴ്‌വാരത്ത് നിര്‍മ്മിച്ച ബേസ് സ്റ്റേഷനില്‍ നിന്നും പാറമുകളിലെ ശില്പത്തിനരികിലെത്താന്‍ കേബിള്‍ കാറില്‍ പത്ത് മിനിറ്റില്‍ താഴെ മതി. ഒരേ സമയം എട്ട് പേര്‍ക്ക് കയറാവുന്ന കേബിള്‍ കാറില്‍ ഒരാള്‍ക്ക് 400 രൂപയാണ് ടിക്കറ്റ് നിരക്ക്.