കീശ കാലിയാവാതെ ഈ രാജ്യങ്ങള്‍ കണ്ട് മടങ്ങാം
യാത്ര ലഹരിയായവര്‍ എന്തു വില നല്‍കിയും തങ്ങളുടെ ഇഷ്ട ഇടങ്ങള്‍ പോയി കാണും. എന്നാല്‍ കുറഞ്ഞ ചിലവില്‍ സന്ദര്‍ശിക്കാന്‍ പറ്റിയ ഇടങ്ങള്‍ ഉണ്ടെങ്കിലോ എങ്കില്‍ അതാവും എറ്റവും ബെസ്റ്റ് യാത്ര. ചെലവ് കുറവാണെങ്കിലും മനോഹരമായ കാഴ്ചകളാണ് ഈ ഇടങ്ങള്‍ സമ്മാനിക്കുന്നത്. കാഴ്ച്ചയുടെ വസന്തമൊരുക്കുന്ന രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയണ്ടേ ?
മെക്‌സിക്കോ
വൈവിധ്യമാര്‍ന്ന കാഴ്ചകളും രുചികരമായ ഭക്ഷണവും മനോഹരമായ ബീച്ചുകളും സൗഹൃദം പ്രകടിപ്പിക്കുന്ന ജനങ്ങളുമാണ് മെക്‌സിക്കോയിലെ പ്രധാനാകര്‍ഷണങ്ങള്‍. മനോഹരമായ കാഴ്ചകള്‍ നിറഞ്ഞ ഇവിടം കയ്യിലൊതുങ്ങുന്ന ചെലവില്‍ സന്ദര്‍ശിക്കാന്‍ കഴിയുന്നൊരു നാട്. ഒരു യു എസ് ഡോളറിന് പകരമായി 19 ‘പെസോ’ ലഭിക്കും. മെക്‌സിക്കോയിലേക്കു വണ്ടി കയറുന്നതിനു മുന്‍പ് ഒരു കാര്യം ശ്രദ്ധിക്കുക, നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്തു ഇവിടം സന്ദര്‍ശിച്ചാല്‍ ചിലപ്പോള്‍ പോക്കറ്റ് കാലിയാകാന്‍ സാധ്യതയുണ്ട്. അന്നേരങ്ങളില്‍ ധാരാളം വിദേശികള്‍ മെക്‌സിക്കോ സന്ദര്‍ശിക്കുന്നതിനായി എത്തുന്നതും ഇവിടെ സീസണ്‍ ആരംഭിക്കുന്നതും.
അന്നേരങ്ങളില്‍ മികച്ച ഹോട്ടലുകളിലെ താമസച്ചെലവ് റോക്കറ്റുപോലെ കുതിച്ചുകയറും. പ്രത്യേകിച്ച് ഡിസംബറില്‍. ഹോട്ടല്‍ മുറികെളല്ലാം നേരത്തെ തന്നെ ബുക്കുചെയ്തു കഴിഞ്ഞിട്ടുണ്ടാകുമെന്നുള്ളതുകൊണ്ടു തന്നെ സീസണില്‍ മെക്‌സിക്കോ സന്ദര്‍ശിക്കാതിരിക്കുന്നതാണ് ഉചിതം.
ഭക്ഷണത്തിനു അധികവില നല്‍കേണ്ടതില്ലയെന്നത് മെക്‌സിക്കോയുടെ പ്രത്യേകതയാണ്. മല്‍സ്യവിഭവങ്ങള്‍ ചേരുന്ന വിഭവങ്ങള്‍ക്കെല്ലാം ഏറ്റവും കൂടിയ വില മൂന്നു ഡോളര്‍ മാത്രമാണ്.ആ രാജ്യത്തിനകത്തു സഞ്ചരിക്കുന്നതിനു കുറഞ്ഞ ചെലവില്‍ ഫ്‌ലൈറ്റുകള്‍ ലഭ്യമാണ്. റോഡ് യാത്രയോടാണ് പ്രിയമെങ്കില്‍ ദീര്‍ഘദൂര ബസ് സര്‍വീസുകളുമുണ്ട്. ഇത്തരം യാത്രകള്‍ക്കും ചെറിയൊരു തുക മാത്രം നല്‍കിയാല്‍ മതിയെന്നതും മെക്‌സിക്കോയുടെ പ്രത്യേകതയാണ്.
ദക്ഷിണാഫ്രിക്ക
സാഹസികരെ വളരെയധികം ആകര്‍ഷിക്കുന്ന, സുന്ദരമായ ഭൂപ്രകൃതിയുള്ള നാടാണ് ദക്ഷിണാഫ്രിക്ക. വന്യമൃഗങ്ങള്‍ നിറഞ്ഞ കാടുകളും ആരെയും മോഹിപ്പിക്കുന്ന നീലക്കടലിന്റെ വശ്യതയും രുചികരമായ ഭക്ഷണവും മികച്ച റോഡുകളും കുറഞ്ഞ ചെലവും ദക്ഷിണാഫ്രിക്കയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളാണ്.
എല്ലാ സൗകര്യങ്ങളും നിറഞ്ഞ ഡബിള്‍ റൂമുകള്‍ക്ക് 40 ഡോളര്‍ വരെയാണ് ഈടാക്കുന്നത്. 7 ഡോളര്‍ നല്‍കിയാല്‍ സുഭിക്ഷമായ ഭക്ഷണവും പ്രവേശന ഫീസായി 10 ഡോളര്‍ കൊടുത്താല്‍ കൗതുകകാഴ്ചകള്‍ നിറഞ്ഞ ദേശീയോദ്യാനങ്ങളും സന്ദര്‍ശിക്കാം. സുന്ദര കടല്‍ത്തീരങ്ങളും ആഘോഷങ്ങള്‍ നിറഞ്ഞ ബീച്ചുകളുമൊക്കെ അതിഥികളെ ഏറെ സന്തോഷിപ്പിക്കും. കാര്‍ വാടകയ്ക്ക് വിളിച്ചുകൊണ്ട് സ്ഥലങ്ങള്‍ കാണാനിറങ്ങുന്നതാണ് ഏറ്റവും സൗകര്യപ്രദവും ചെലവുകുറഞ്ഞതുമായ മാര്‍ഗം. പരിധികളില്ലാത്ത കാഴ്ചകള്‍ സമ്മാനിക്കുമെന്നുള്ളതുകൊണ്ടു തന്നെ ദക്ഷിണാഫ്രിക്കാസന്ദര്‍ശനം ഒരു സഞ്ചാരിയേയും ഒട്ടും നിരാശപ്പെടുത്തില്ല.
ഇന്തോനേഷ്യ
വെള്ള മണല്‍ നിറഞ്ഞ ബീച്ചുകളും സ്‌കൂബ ഡൈവിങ്ങും സര്‍ഫിങ്ങും വയലുകളുമൊക്കെ നിറഞ്ഞ ഇന്തോനേഷ്യ സഞ്ചാരികളുടെ കണ്ണില്‍ വിസ്മയം ജനിപ്പിക്കുന്ന നാടാണ്. അതിമനോഹരമായ കാടുകളും ഈ നാടിന്റെ സവിശേഷതയാണ്. ഏറ്റവും കുറഞ്ഞ ചെലവില്‍ സന്ദര്‍ശിക്കാനും താമസിക്കാനും കാഴ്ചകള്‍ ആസ്വദിക്കാനും കഴിയുന്ന സുന്ദരമായ രാജ്യങ്ങളിലൊന്നാണിത്. ഒരു ഡോളറിനു പകരമായി 13,500 റുപ്പിയ ലഭിക്കുമിവിടെ.
മികച്ച താമസ സൗകര്യവും നല്ല ഭക്ഷണവും ഗതാഗത സൗകര്യങ്ങളും ലഭിക്കുമെന്നതും ഇന്തോനേഷ്യയുടെ പ്രത്യേകതയാണ്. ഒരു രാത്രിയ്ക്കു 20 ഡോളര്‍ ഈടാക്കുന്ന പൂളടക്കമുള്ള മികച്ച താമസസ്ഥലങ്ങള്‍ കിട്ടും. സുഭിക്ഷമായ ഭക്ഷണത്തിനു വെറും മൂന്നു ഡോളര്‍ മാത്രം ചെലവാക്കിയാല്‍ മതിയാകും. നാട്ടുകാഴ്ചകള്‍ കാണാനിറങ്ങാന്‍ താല്‍പര്യമുണ്ടെങ്കില്‍ രണ്ടു ഡോളറിനു ബൈക്കുകള്‍ വാടകയ്ക്ക് ലഭിക്കും. പതിനഞ്ചു ഡോളര്‍ നല്‍കിയാല്‍ ഒരു ദിവസത്തേക്ക് കാര്‍ വാടകയ്ക്ക് എടുത്തുകൊണ്ടു ചുറ്റി സഞ്ചരിക്കാം.
കുറഞ്ഞ ചെലവില്‍ എല്ലാ കാര്യങ്ങളും നടക്കുമെങ്കിലും, ഇന്തോനേഷ്യയിലെത്തി മദ്യപിക്കണമെന്നാഗ്രഹിച്ചാല്‍ കുഴഞ്ഞു പോകും. മദ്യത്തിനുമേല്‍ ചുമത്തിയിരിക്കുന്ന നികുതി വളരെ കൂടുതലാണ്. ഇറക്കുമതി ചെയ്യുന്ന മദ്യത്തിനും, വൈനിനുമൊക്കെ 20 ഡോളര്‍ ആണ് ഈടാക്കുന്നത്. ഇറക്കുമതി ചെയ്യുന്നതുവേണ്ട അവിടെ തദ്ദേശീയമായി നിര്‍മിക്കുന്നത് മതിയെന്ന് തീരുമാനിച്ചാലും കൊടുക്കണം 13 മുതല്‍ 15 ഡോളര്‍ വരെ. ബിയറിനും കൊടുക്കണം ഒന്നര മുതല്‍ മൂന്നു ഡോളര്‍ വരെ. മദ്യത്തിന്റെ കാര്യമൊഴിച്ചു നിര്‍ത്തിയാല്‍, നമ്മുടെ കയ്യിലുള്ള പണത്തിനനുസരിച്ച്, ചുരുങ്ങിയ ചെലവില്‍ സന്ദര്‍ശിച്ചു മടങ്ങുവാന്‍ കഴിയുന്ന രാജ്യമാണ് ഇന്തോനേഷ്യ.
ബള്‍ഗേറിയ
യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ സന്ദര്‍ശിച്ചു മടങ്ങാന്‍ കഴിയുന്ന രാജ്യമാണ് ബള്‍ഗേറിയ. പഴമ നിറഞ്ഞ പട്ടങ്ങളും വൈന്‍ മണക്കുന്ന നിരത്തുകളും മനോഹരമായ കടല്‍ത്തീരങ്ങളും വളരെ നല്ല രീതിയില്‍ ആശയ വിനിമയം നടത്തുകയും സൗഹൃദം പങ്കുവെക്കുകയും ചെയ്യുന്ന ജനങ്ങളും ബള്‍ഗേറിയയെ സഞ്ചാരികളുടെ പ്രിയതാവളമാക്കി മാറ്റുന്നു. ഭക്ഷണത്തിനു വലിയ വിലക്കുറവാണെന്നത് ഈ നാടിന്റെ പ്രത്യേകതയാണ്.
അതിപ്പോള്‍ മല്‍സ്യവിഭവത്തിനായാലും മാംസവിഭവത്തിനായാലും പച്ചക്കറി കൊണ്ട് തയ്യാറാക്കിയതിനായാലും വില കുറവാണ്. മദ്യവും വൈനുമൊക്കെ സുലഭമായി ലഭിക്കുന്ന ഇവിടെ അതിനും തുച്ഛമായ തുകയെ ഈടാക്കുന്നുള്ളു. ഏറ്റവും മുന്തിയ വൈനിന് 8 ഡോളര്‍ മാത്രമാണ് ചെലവ്.
ഇരുന്നൂറ് വര്‍ഷം പഴക്കമുള്ള, പൗരാണികതയുടെ സൗന്ദര്യം നിറഞ്ഞ നിരവധി കെട്ടിടങ്ങള്‍ ഇവിടെയുണ്ട്. അത്തരത്തിലൊരു ഹോസ്റ്റലില്‍ ഒരു രാത്രി താമസിക്കുന്നതിന് നല്‍കേണ്ടി വരുന്ന വില 20 ഡോളര്‍ മാത്രമാണ്. പഴയ കെട്ടിടമാണെങ്കിലും നല്ലതുപോലെ പരിപാലിക്കുന്നവയാണ് ഇവയെല്ലാം. മുറികളൊക്കെ വളരെ വൃത്തിയായും മനോഹരമായുമാണ് ഒരുക്കിയിരിക്കുന്നത്.
യൂറോപ്പിന്റെ സൗന്ദര്യം ആസ്വദിക്കണമെന്നു ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഉറപ്പായും നിങ്ങളുടെ പോക്കറ്റു കാലിയാകാതെ സന്ദര്‍ശിക്കുവാന്‍ കഴിയുന്ന ഒരു നാടാണ് ബള്‍ഗേറിയ.