ചൈന വന്മതില്; ഇന്ത്യന്‍ സഞ്ചാരികളുടെ പ്രിയമേറിയ ഇടം
ഇന്ത്യന്‍ സഞ്ചാരികള്‍ പ്രിയപ്പെട്ടെ ഇടമായി മാറിയിരിക്കുകയാണ് ചൈനയുടെ വന്മതില്. ലോകാത്ഭുതങ്ങളില്‍ ഒന്നായ ചൈനയുടെ വന്മതില് കാണുവാനായി ഡല്‍ഹിയില്‍ നിന്നാണ് കൂടുതല്‍ സഞ്ചാരികള്‍ എത്തിയിരിക്കുന്നത്. സര്‍വേ പ്രകാരം 54 ശതമാനം ഡല്‍ഹി നിവാസികളാണ് ഇവിടേക്ക് പോയത്.
മികച്ച യാത്ര സൗകര്യം, കുറഞ്ഞ വിമാന നിരക്ക് ഇതൊക്കെയാണ് ഇന്ത്യന്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായി ഇവിടം മാറാന്‍ കാരണം.2018 ജനുവരി മുതല്‍ ജൂണ്‍ 15 വരെ ഇന്ത്യന്‍- ബീജിംഗ്് വിമാന നിരക്ക് 19,459 രൂപയായിരുന്നു. മുംബൈയില്‍ നിന്നും ഹൈദരാബാദില്‍ നിന്നുമുള്ള സഞ്ചാരികളില്‍ കൂടുതല്‍ പേര്‍ക്കും പ്രിയം റോമിലെ കൊളോസിയമാണ്. ഇറ്റലിയിലെ മൊത്തം സഞ്ചാരികളില്‍ നിന്ന് 10 ശതമാനം മുംബൈയില്‍ നിന്നും 13 ശതമാനം ഹൈദരാബാദില്‍ നിന്നും ആയിരുന്നു. എന്നാല്‍, കൊച്ചിക്കാര് ഈജിപ്തിലെ ഗിസ പിരമിഡ് കാണാനും ബംഗളൂരു നിവാസികള്‍ ബ്രസീലിലെ ക്രൈസ്റ്റ് ദി റെഡീമര്‍ കാണാനും ആണ് പോയത്.
ചൈന വന്മതില് സന്ദര്‍ശിച്ച 91 ശതമാനം പേരും കൊളോസിയം സന്ദര്‍ശിച്ച 85 ശതമാനം പേരും പുരുഷന്മാര് ആയിരുന്നു. എന്നാല്‍, ഗിസ പിരമിഡ് സന്ദര്‍ശിക്കാന്‍ എത്തിയ 43 ശതമാനം പേരും സ്ത്രീകള്‍ ആയിരുന്നു. ഈജിപ്തും പേട്രെയും ദമ്പതികളുടെ ഇഷ്ട സ്ഥലങ്ങളാണ്, എന്നാല്‍ ചൈനയിലെ വന്മതില്, കൊളോസിയം, ക്രൈസ്റ്റ് ദി റെഡീമര്‍, മെക്സിക്കോയിലെ ചീച്ചന് ഇറ്റ്സ എന്നിവയൊക്കെ ഒറ്റയ്ക്കു യാത്ര ചെയ്യാന്‍ ഇഷ്ടപെടുന്ന പുരുഷന്മാരുടെ ഇഷ്ട സ്ഥലങ്ങള്‍ ആണ് എന്നാണ് ഡേറ്റ സൂചിപ്പിക്കുന്നത്.
അതേസമയം, ഇന്ത്യയില്‍ ആഗ്ര ആണ് ഇന്ത്യന്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം. ഇന്ത്യയിലെ മറ്റു നഗരങ്ങളില്‍ നിന്ന് ആഗ്രയിലേക്ക് ഉള്ള വിമാന നിരക്ക് 4,396 രൂപ ആയിരുന്നു. വാരാണസി, ഡല്‍ഹി, വിജയവാഡ എന്നിവിടങ്ങളില്‍ നിന്ന് താജ്മഹലിലേക്ക് കൂടുതല്‍ ട്രെയിന്‍ ബുക്കിംഗ് ലഭിച്ചു. വാരാണസിയില്‍ നിന്ന് 40 ശതമാനവും, ഡല്‍ഹിയില്‍ നിന്ന് 28 ശതമാനവും, വിജയവാഡയില്‍ നിന്ന് ഏഴ് ശതമാനം ബുക്കിങ്ങുമാണ് ലഭിച്ചത്.
ജോര്‍ദാനിലെ പേട്രെയും (വിമാന നിരക്ക്- 20,873 രൂപ) ഈജിപ്തിലെ ഗ്രേറ്റ് പിരമിഡുമാണ് (വിമാന നിരക്ക്- 20,940 രൂപ) ഇന്ത്യന്‍ സഞ്ചാരികള്‍ സന്ദര്‍ശിച്ച മറ്റു രണ്ട് സ്ഥലങ്ങള്‍. പെറുവിലെ ഇന്‍കന്‍ സാമ്രാജ്യത്തില്‍പ്പെട്ട മാച്ചു പിച്ചു ആണ് ഏറ്റവും കുറവ് ആളുകള സഞ്ചരിച്ച സ്ഥലം. ഇന്ത്യയില്‍ നിന്നുള്ള ദൂരവും കൂടിയ വിമാന നിരക്കുമാണ് (75, 203 രൂപ) സഞ്ചാരികള്‍ കുറയാന്‍ കാരണം.