Places to See

അവധി ആഘോഷിക്കാം കൊടൈക്കനാലില്‍

കൊടൈക്കനാല്‍ എന്നും ജനതിരക്കേറിയ വിനോദ സഞ്ചാര കേന്ദ്രമാണ്. കാലങ്ങളായി അടങ്ങാത്ത അഭിനിവേശമാണ് ആ തണുപ്പ് പ്രദേശത്തിനോട് അളുകള്‍ കാത്തു സൂക്ഷിക്കുന്നത്. കാരണം മറ്റൊന്നുമല്ല കുടുംബ ബജറ്റിന്റെ ഇക്കണോമിക്‌സ്. അതു കൊണ്ട് തന്നെയാണ് കുംടുബത്തിന്റെ ഇഷ്ട ഇടമായി കൊടൈക്കനാല്‍ മാറിയത്.


ഒരു കൊച്ചു കുടുംബത്തിന് കയ്യില്‍ നില്‍ക്കുന്ന ചിലവില്‍ രസകരമായ യാത്ര. നമ്മുടെ നാട്ടിലെ വേനല്‍ക്കാലത്ത് അവിടെയുള്ള കൊടുമ്പിരി കൊണ്ട് നില്‍ക്കുന്ന തണുപ്പാണ് പ്രധാന ആകര്‍ഷണം. രണ്ടു മൂന്ന് ദിവസം കൊണ്ട് ചുറ്റി കാണാനുള്ള സ്ഥലങ്ങള്‍ ഉള്ളതിനാല്‍ മടുപ്പും അനുഭവപ്പെടില്ല.

അടുത്ത യാത്ര കൊടൈക്കനാലിലോട്ട് ആവട്ടെ. അവിടെ അവധി ആസ്വദിക്കാന്‍ പറ്റിയ ഇടങ്ങള്‍ ഇതാ..

സില്‍വര്‍ കാസ്‌കേഡ്


മധുരയില്‍ നിന്നോ പഴനിയില്‍ നിന്നോ കൊടൈക്കനാലിലേക്കു പോകുമ്പോള്‍ ആദ്യം എത്തിച്ചേരുന്ന ടൂറിസ്റ്റ് സ്‌പോട്ട് സില്‍വര്‍ കാസ്‌കേഡാണ്. കൊടൈ മലനിരയ്ക്കു മുകളിലെ നീരുറവയില്‍ നിന്നൊഴുകി പാറപ്പുറത്തുകൂടി 180 അടി ഉയരത്തില്‍ നിന്നു പതിക്കുന്നു വെള്ളിച്ചിലങ്കയണിഞ്ഞ വെള്ളച്ചാട്ടം. ഏപ്രില്‍, മേയ് മാസങ്ങളില്‍ കാസ്‌കേഡിനു മുന്നില്‍ ജനത്തിരക്കേറും.

ഫെബ്രുവരിയിലും ജനത്തിരക്കിനു കുറവില്ല. സെല്‍ഫി സ്റ്റിക്കുമായി വെള്ളച്ചാട്ടത്തെ പശ്ചാത്തലമാക്കി ഫോട്ടോ എടുക്കുന്നവര്‍ സില്‍വര്‍ കാസ്‌കേഡിനു മുന്നില്‍ തിക്കിത്തിരക്കി. തൊപ്പിയും വളയും മാലയും ചോക്ലേറ്റും വില്‍ക്കുന്ന കടകള്‍ സില്‍വര്‍ഹില്‍സ് കാസ്‌കേഡിനെ കൂടുതല്‍ മനോഹരമാക്കിയിരിക്കുന്നു.

ഗുണ ഗുഹ


തട്ടിക്കൊണ്ടു പോയ അഭിരാമിയെ ഒളിപ്പിക്കാന്‍ ഗുണ കണ്ടെത്തിയ മലയിടുക്കിലേക്കാണ് അടുത്ത യാത്ര. സിനിമയുടെ പേരില്‍ പ്രശസ്തമായ മലയിടുക്കില്‍ ആഴ്ചയില്‍ ഏഴു ദിവസവും സന്ദര്‍ശകരെത്താറുണ്ട്. ഗുണ ഗുഹയുടെ കവാടത്തിനടുത്ത് കച്ചവടക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്. ടിക്കറ്റ് കൗണ്ടറിനടുത്ത് വെയ്റ്റിങ് ഷെഡ്ഡിന്റെ നിര്‍മാണം പൂര്‍ത്തിയായി. സന്ദര്‍ശകര്‍ക്കു നടക്കാന്‍ സിമന്റിട്ട പാതയുണ്ട്. വഴി കാണിക്കാനും കഥ പറയാനും ഗൈഡുമാര്‍ ഓടി നടക്കുന്നു.

പില്ലര്‍ റോക്‌സ്


അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ പോലെ ഉയര്‍ന്നു നില്‍ക്കുന്ന രണ്ട് ഗ്രാനൈറ്റ് മലകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് പില്ലര്‍ റോക്‌സ്. Devil’s kitchen എന്നായിരുന്നു ഇംഗ്ലീഷുകാര്‍ ഈ മലയ്ക്കിട്ട പേര്. രണ്ടു സ്തൂപങ്ങളുടെ ആകൃതിയുള്ള മല പിന്നീട് പില്ലര്‍ റോക്‌സ് എന്നറിയപ്പെട്ടു.

പില്ലര്‍ റോക്‌സ് കാണാനെത്തുന്നവര്‍ക്ക് നില്‍ക്കാനുള്ള വ്യൂപോയിന്റ് കല്ലുകള്‍ പാകി ഭംഗിയാക്കിയിട്ടുണ്ട്. കുട്ടികള്‍ക്കുള്ള കളി സ്ഥലവും ഇതിനോടു ചേര്‍ന്നുള്ള പുല്‍മേടയും സന്ദര്‍ശകര്‍ക്കു വിശ്രമിക്കാനുള്ള പീഠങ്ങളായി മാറ്റി. മഞ്ഞില്‍ മുങ്ങിയ താഴ്വര കാണാനാകില്ലെങ്കിലും നെടുതായ മലകളുടെ രൂപം ആകാശച്ചെരുവില്‍ തെളിഞ്ഞു കാണാം. പില്ലര്‍ റോക്‌സില്‍ നിന്നു മടങ്ങും വഴി അക്വാഷ്യ മരത്തോപ്പില്‍ കയറി.

ചിത്രം ഉള്‍പ്പെടെയുള്ള മലയാള സിനിമകള്‍ക്കു പശ്ചാത്തലമായ അക്വാഷ്യത്തോട്ടത്തില്‍ ഇപ്പോള്‍ കുതിര സവാരിയാണ് പ്രധാന വിനോദം. പൈന്‍ മരങ്ങളും അക്വാഷ്യയും ഇടതൂര്‍ന്ന തോട്ടത്തില്‍ ഫോട്ടോ എടുക്കുന്നവരുടെ തിരക്കായിരുന്നു. കുതിരപ്പുറത്തു കയറിയും കാട്ടിലൂടെ ചുറ്റിക്കറങ്ങിയും സഞ്ചരിക്കുന്നവര്‍ മലയാളികളാണെന്ന് പ്രത്യേകം പറയേണ്ടല്ലോ.

കൊടൈക്കനാല്‍ ടൂറില്‍ സ്ഥിരമായി ഒഴിവാക്കപ്പെടുന്നതും എന്നാല്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ടതുമായ ആരാധനാലയമാണ് ലാ സലേത്തിലെ മാതാവിന്റെ പള്ളി. ഫ്രഞ്ച് മിഷനറിമാര്‍ 1863ല്‍ നിര്‍മിച്ച പള്ളി തമിഴ്‌നാട്ടിലെ ഏറ്റവും പഴക്കമേറിയ ക്രിസ്ത്യന്‍ ആരാധനാലയങ്ങളിലൊന്നാണ്. ഫ്രഞ്ച് വാസ്തു വിദ്യയും തമിഴ് തച്ചുശാസ്ത്രവും ഒത്തു ചേര്‍ന്നതാണ് ഓടു മേഞ്ഞ ആരാധനാലയം. മനോഹരമായ അള്‍ത്താരയോടുകൂടിയ പള്ളിയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

കോക്കേഴ്‌സ് വോക്


ഗോള്‍ഫ് കളിക്കാനായി നീക്കി വച്ച നീളമേറിയ കുന്നിന്‍ ചെരിവിലെ വളഞ്ഞ റോഡിലൂടെ കോക്കേഴ്‌സ് വോക്കിലെത്തി. മലഞ്ചെരിവിലുണ്ടാക്കിയ ഒരു കിലോമീറ്റര്‍ നടപ്പാതയാണ് കോക്കേഴ്‌സ് വോക്. അവിടെ നിന്നാല്‍ പെരിയകുളം പട്ടണം മുതല്‍ പാമ്പാര്‍ നദി വരെയുള്ള സ്ഥലങ്ങള്‍ കാണാം. മഞ്ഞില്ലാത്ത പകലുകളില്‍ ഭൂപടം പോലെ താഴ്വര മുഴുവന്‍ കാണാം. കൊടൈക്കനാലിന്റെ താഴ്വരയുടെ സൗന്ദര്യം ആസ്വദിക്കാന്‍ വഴി വെട്ടിയ ലഫ്റ്റനന്റ് കോക്കര്‍ എന്നയാളാണ്. നടപ്പാതയുടെ പകുതിയില്‍ ഒബ്‌സര്‍വേറ്ററി കേന്ദ്രമുണ്ട്. ടെലിസ്‌കോപ്പിലൂടെ തമിഴ്നാടിന്റെ താഴ്വരയെ കാണാന്‍ വിദ്യാര്‍ഥി സംഘങ്ങള്‍ തിരക്കു കൂട്ടി.