അടവി അണിഞ്ഞൊരുങ്ങുന്നു
സഞ്ചാരികളുടെ പറുദീസയാണ് അടവി. പത്തനംതിട്ട ജില്ലയിലെ കോന്നിയിലാണ് അടവി എന്ന വിനോദസഞ്ചാരകേന്ദ്രം. കല്ലാറിലൂടെ ഒരു കുട്ടവഞ്ചിയാത്ര ആഗ്രഹിച്ചാണ് സഞ്ചാരികള്‍ കോന്നിയിലേക്ക് വണ്ടി കയറുന്നത്. എന്നാല്‍ ഇനി അടവി യാത്ര കൂടുതല്‍ നല്ല അനുഭവമാക്കാനൊരുക്കുകയാണ് അധികൃതര്‍.
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും, വനം വകുപ്പിന്റെയും സഹകരണത്തോടെയാണ് അടവിയെ കൂടുതല്‍ സുന്ദരിയാക്കാനൊരുങ്ങുന്നത്. കോന്നി, തണ്ണിത്തോട്, എലിമുള്ളുംപ്ലാക്കല്‍ മുണ്ടോന്‍കുഴി എന്നീ സ്ഥലങ്ങളിലായി 300 ഏക്കറില്‍ സഞ്ചാരികള്‍ക്കായുള്ള വിഭവങ്ങള്‍ ഒരുക്കുകയാണ് വനംവകുപ്പ്.
2014 സെപ്തംബറില്‍ ആരംഭിച്ച കുട്ടവഞ്ചി സവാരി ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് വിദേശികളുള്‍പ്പെടെ സഞ്ചാരികളുടെ മനം കവര്‍ന്ന് തുടങ്ങിയിരുന്നു. ഇപ്പോള്‍ പുതുതായി ക്യാന്റിന്‍ കം കഫറ്റീരിയ, ടോയ്‌ലെറ്റ് ഡ്രെസിങ് റൂം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടിക്കറ്റ് കൗണ്ടര്‍ എന്നിവയുടെ നിര്‍മാണവും കല്ലുപയോഗിച്ചുള്ള പന്ത്രണ്ട് ഇരിപ്പിടങ്ങളുടെ നിര്‍മാണവും നടന്ന് വരികയാണ്. ക്യാന്റീന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വനംസംരക്ഷണ സമിതിയാണ് ചുക്കാന്‍ പിടിക്കുക.
ഓണത്തിന് പുതിയ കുട്ടവഞ്ചികളാകും ഇറക്കുക. ഇതിനായി ഹൊഗനക്കലില്‍ നിന്നുള്ള വിദഗ്ദ്ധരെ പരിശീലനത്തിനായി എത്തിക്കും. വൈവിധ്യമാര്‍ന്ന ചെടികളും, ഔഷധസസ്യങ്ങളും ഉള്‍പ്പെടുന്ന പൂന്തോട്ടത്തിന്റെ നിര്‍മാണവും പൂര്‍ത്തിയായി വരുന്നു. ഘട്ടം ഘട്ടമായി പൂര്‍ത്തിയായി വരുന്ന അടവിയില്‍ സഞ്ചാരികള്‍ക്കായി തേന്‍ നെല്ലിക്ക, തേന്‍ഇഞ്ചി, തുടങ്ങിയ തേന്‍ ഉല്‍പ്പനങ്ങളുടെ വിപണിയും സജീവമാണ്.