മോണോ റെയില്‍ അടുത്ത മാസം ഒന്നിന് വീണ്ടും സര്‍വീസ് ആരംഭിക്കും
രാജ്യത്തെ ആദ്യത്തെ മോണോ റെയില്‍ അടുത്ത മാസം ഒന്നിനു വീണ്ടും സര്‍വീസ് ആരംഭിക്കും. രണ്ടാം ഘട്ട മോണോ റെയില്‍ സര്‍വീസായ വഡാല- ജേക്കബ് സര്‍ക്കിള്‍ റൂട്ട് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഓടിത്തുടങ്ങുമെന്നും എംഎംആര്‍ഡിഎ (മുംബൈ മെട്രോപ്പൊലിറ്റന്‍ റീജന്‍ ഡവലപ്‌മെന്റ് അതോറിറ്റി) ജോയിന്റ് പ്രോജക്ട് ഡയറക്ടര്‍ ദിലിപ് കാവഥ്കര്‍ അറിയിച്ചു. ഇതോടെ മോണോ സര്‍വീസിനു പുത്തനുണര്‍വ് ലഭിക്കും.
ഒന്നാം ഘട്ട റൂട്ടില്‍ പ്രതിദിന യാത്രക്കാര്‍ ശരാശരി 15,600 ആണ്. രണ്ടാം ഘട്ടം കൂടി ആരംഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം രണ്ടു ലക്ഷം വരെ ഉയരുമെന്നാണ് പ്രതീക്ഷ. മോണോ റെയില്‍ നിര്‍മിച്ച മലേഷ്യന്‍ കേന്ദ്രീകൃത കമ്പനിയായ സ്‌കോമിയുമായുളള കരാര്‍ വിഷയം പരിഹരിച്ചതിനെ തുടര്‍ന്നാണ് മോണോ റെയില്‍ സര്‍വീസ് പുനരാരംഭിക്കാനുളള സാധ്യത തെളിഞ്ഞത്. സര്‍വീസ് നിര്‍ത്തി ഏതാണ്ട് 10 മാസത്തിനു ശേഷമാണ് പുനരാരംഭിക്കുന്നത്.
പരീക്ഷണം ഓട്ടം നടത്തവേ, കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്‍പതിന് രണ്ടു കോച്ചുകള്‍ക്കു തീപിടിച്ചതാണ് മോണോ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ കാരണം. ചെമ്പൂര്‍ മുതല്‍ വഡാല വരെയുളള 8.8 കിലോമീറ്റര്‍ ദൂരത്തില്‍ മോണോ സര്‍വീസ് ആരംഭിച്ചത് 2014 ഫെബ്രുവരിയിലാണ്. റേക്കുകളുടെ കുറവാണ് ജേക്കബ് സര്‍ക്കിള്‍ വരെ സര്‍വീസ് നീട്ടാനുളള മുഖ്യ തടസ്സം. ആകെയുളള 10 റേക്കുകളില്‍ അഞ്ചെണ്ണം ഉപയോഗിക്കാന്‍ പാകത്തിലുളളതല്ല.
ഇതു പരിഹരിക്കാന്‍ അഞ്ചു റേക്കുകള്‍ ഉടനെ നല്‍കാമെന്നു സ്‌കോമി ഉറപ്പു നല്‍കിയിട്ടുണ്ട്. അതോടൊപ്പം കേടായിക്കിടക്കുന്ന അഞ്ചെണ്ണം അറ്റുകുറ്റപണികള്‍ നടത്തി ഉപയോഗപ്രദമാക്കുകയും ചെയ്യും. ചെമ്പൂരില്‍ ആരംഭിച്ച് വഡാലയില്‍ അവസാനിക്കുന്ന റൂട്ടില്‍ യാത്രക്കാര്‍ കുറയാനുളള പ്രധാനകാരണം, സര്‍വീസ് അവസാനിക്കുന്ന വഡാലയ്ക്കടുത്ത് റെയില്‍വേ സ്റ്റേഷനോ ബസ് യാത്രാസൗകര്യമൊ ഇല്ലയെന്നതാണ്. അതേസമയം സര്‍വീസ് ജേക്കബ് സര്‍ക്കിള്‍ വരെ നീട്ടുന്നതോടെ, കിഴക്കന്‍ മുംബൈയില്‍ നിന്നു കയറുന്ന യാത്രക്കാരനു ദക്ഷിണ മുംബൈയിലെ ബൈക്കുള വരെ വിവിധ സ്ഥലങ്ങളില്‍ ഇറങ്ങാനാകും.
വിവിധ റെയില്‍വേ സ്റ്റേഷനുകള്‍ക്കടുത്ത്, മോണോയ്ക്കു സ്റ്റേഷനുളളതും ഉപകാരമാകും. മോണോയില്‍ നിന്നിറങ്ങി ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യേണ്ടവര്‍ക്ക് ഇതുപകരിക്കുമെന്നതാണ് നേട്ടം. വഡാല-ജേക്കബ് സര്‍ക്കിള്‍ റൂട്ടില്‍ 10 സ്റ്റേഷനുകളുണ്ട്. ദൂരം 11.2 കിലോമീറ്ററും. പ്രവര്‍ത്തനം ആരംഭിക്കാനുളള തീയതി പലതവണ മാറ്റിവച്ചിരുന്നു. എന്നാല്‍, ഇത്തവണ പ്രഖ്യാപിച്ച തീയതിക്കു തന്നെ സര്‍വീസ് ആരംഭിക്കാനുളള തയാറെടുപ്പിലാണ്. നിരക്ക് വര്‍ധന ഉടനില്ല യാത്രക്കാരില്‍ നിന്നു പഴയ നിരക്ക് തന്നെയാകും ഈടാക്കുക. ഏറ്റവും ചുരുങ്ങിയത് അഞ്ചു രൂപയും കൂടിയത് 11 രൂപയുമാണ് ഇപ്പോഴത്തെ നിരക്ക്. പുതിയ നിരക്കിന് അംഗീകാരം ലഭിച്ചെങ്കിലും അതുടനെ നടപ്പിലാക്കില്ലെന്നും എംഎംആര്‍ഡിഎ വെളിപ്പെടുത്തി.