Special

ലീല ആന്റിയാണ് താരം

ലീല ഇപ്പോള്‍ ആ പഴയ വീട്ടമ്മയല്ല. തന്റെ എഴുപത്തിനാലാം വയസ്സില്‍ ഹ്യൂമന്‍സ് ഓഫ് ബോംബെ ഫേസ്ബുക്കില്‍ പങ്കുവെച്ച അനുഭവത്തിലൂടെ സൂപ്പര്‍സ്റ്റാറായിരിക്കുകയാണ്. താന്‍ നടത്താന്‍ പോകുന്ന അടുത്ത ഗോവന്‍ യാത്രയുടെ പങ്കുവെക്കലിലൂടെയാണ് ലീല വ്യത്യസ്തയായിരിക്കുന്നത്.

ലീലയ്ക്ക് ചെറുപ്പത്തിലേ അച്ഛനും അമ്മയും നഷ്ടപ്പെട്ടിരുന്നു. മൂത്ത സഹോദരനും ഭാര്യയ്ക്കുമൊപ്പമാണ് കഴിഞ്ഞിരുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസവും കുറവായിരുന്നു. വിവാഹം കഴിഞ്ഞാണ് ഭര്‍ത്താവിനൊപ്പം ബോംബെയിലെത്തിയത്.

കുഞ്ഞുകുടുക്കയില്‍ ഭര്‍ത്താവ് നല്‍കുന്ന പണം ഒളിപ്പിച്ച് വച്ച് വീട്ടിലെ അത്യാവശ്യങ്ങള്‍ക്കും, മക്കള്‍ക്ക് സമ്മാനങ്ങള്‍ വാങ്ങി നല്‍കുകയും ചെയ്യുന്ന സാധാരണ വീട്ടമ്മ. ഭര്‍ത്താവിന്റെ മരണം അവരെ തളര്‍ത്തി. ജീവിതം വീടിനുള്ളിലായി. പക്ഷെ, എഴുപത്തിനാലാമത്തെ വയസില്‍ അവര്‍ ഒരു ‘ഓള്‍ഡീസ്’ ഗ്രൂപ്പില്‍ ചേര്‍ന്നു. യാത്രകള്‍ പോയിത്തുടങ്ങി. താന്‍ ഗോവയ്ക്ക് പോകാനൊരുങ്ങുകയാണെന്നും അവിടെ ചെന്ന ശേഷം സെല്‍ഫി അയക്കാമെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

മറുപടി കമന്റില്‍ ലീല ആന്റി എന്ന കാപ്ഷനോടെ ഹ്യുമന്‍സ് ഓഫ് ബോംബെ തന്നെ ലീലയുടെ ഗോവയില്‍ നിന്നുള്ള ചിത്രം പങ്കുവച്ചിട്ടുണ്ട്. ആ ചിത്രത്തിന് താഴെ തന്നെ ആയിരത്തിലധികം ലൈക്കുകളും നിരവധി കമന്റുകളുമാണ് വന്നിട്ടുള്ളത്. ദിവ്യ കതാരിയ എന്ന പെണ്‍കുട്ടി അതെന്റെ മുത്തശ്ശിയാണ് എന്നും വെളിപ്പെടുത്തി. ഏതായാലും ഒറ്റ പോസ്റ്റിലൂടെ ലീല ആന്റി ഫെയ്മസായിരിക്കുകയാണ്. അപ്പോള്‍, പറക്കാന്‍ പ്രായമൊരു തടസമല്ല. താല്‍പര്യമുള്ളവര്‍ക്ക് ഗോവയ്ക്ക് പെട്ടിയൊരുക്കാം.

ലീലയുടെ പോസ്റ്റ് :

ഞാന്‍ അനാഥയായിരുന്നു. രണ്ടാമത്തെ വയസുമുതല്‍ മൂത്ത സഹോദരന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടേയും കൂടെയാണ് ഞാന്‍ വളര്‍ന്നത്. ഒന്നാം ക്ലാസ് വരെയെ പഠിച്ചുള്ളൂ. പത്ത് വയസാകുമ്പോഴേക്കും പാചകം പഠിച്ചു. ഇരുപതാമത്തെ വയസില്‍ വിവാഹം കഴിഞ്ഞു. എന്റെ ഭര്‍ത്താവിന് എന്നോട് ഭയങ്കര സ്‌നേഹവും ശ്രദ്ധയുമായിരുന്നു. ഒരു ഗ്ലാസ് ചായയുമായാണ് അദ്ദേഹം എന്നുമെന്നെ ഉണര്‍ത്തിയത്. അതിനുശേഷം അദ്ദേഹം ബോംബെയില്‍ ഒരു ഷോപ്പ് തുടങ്ങുകയും ഞങ്ങളിങ്ങോട്ട് മാറുകയും ചെയ്തു.

ഇവിടെ വരുമ്പോള്‍ എനിക്ക് ഹിന്ദിയോ ഇംഗ്ലീഷോ അറിയില്ലായിരുന്നു. ഞങ്ങള്‍ക്ക് നാല് കുഞ്ഞുങ്ങളുണ്ടായി. എല്ലാ മാസവും വീട്ടുകാര്യങ്ങള്‍ നോക്കാന്‍ എനിക്കദ്ദേഹം 1000 രൂപ തരും. അതില്‍ നിന്ന് കുറച്ചു രൂപ ഞാന്‍ മാറ്റിവയ്ക്കും. ഒരു ഡബ്ബയില്‍ ഞാനതെല്ലാം ഒളിപ്പിച്ചുവയ്ക്കും. ഇരുപത്തിനാല് വര്‍ഷമായി ഞാനത് തുടരുന്നു. ചില ദിവസങ്ങളില്‍ പണം തികയാതെ വരുമ്പോള്‍ ഞാന്‍ ഒളിപ്പിച്ചു വച്ച പണത്തില്‍ നിന്നുമെടുക്കും. അത് ചിലപ്പോള്‍ കുഞ്ഞുങ്ങളുടെ സ്‌കൂളിലെ ആവശ്യത്തിനൊക്കെയാകാം.

കുട്ടികള്‍ വളര്‍ന്നു, വിവാഹം കഴിഞ്ഞു. അവര്‍ക്ക് കുഞ്ഞുകുഞ്ഞുസമ്മാനങ്ങള്‍ നല്‍കാനായി ഞാന്‍ കുടുക്കയില്‍ സൂക്ഷിച്ച പണമെടുക്കും. എന്റെ ജീവിതം എന്റെ കുടുംബത്തിനും, മക്കള്‍ക്കുമായി സമര്‍പ്പിച്ചിരിക്കുകയായിരുന്നു. അതിലെനിക്ക് കുറ്റബോധമില്ലായിരുന്നു. പക്ഷെ, കുറച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് എന്റെ ഭര്‍ത്താവ് കാന്‍സര്‍ വന്നു മരിച്ചു. അതോടെ ഞാന്‍ തളര്‍ന്നുപോയി. എന്റെ എല്ലാ മക്കളുടെയും വിവാഹം കഴിഞ്ഞിരുന്നു. എന്റെ ജീവിതം മാറിയത് പെട്ടെന്നാണ്. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ.

ഞാന്‍ വീട്ടില്‍ത്തന്നെ ഇരുന്നു. എപ്പോഴും നീല നിറത്തിലുള്ള സാരി മാത്രം ധരിച്ചു. സാമൂഹികമായ പരിപാടികളിലൊന്നും തന്നെ പങ്കെടുത്തിരുന്നില്ല. അതിനിടയില്‍ എനിക്ക് കാല്‍മുട്ടിലൊരു സര്‍ജറിയും വേണ്ടിവന്നു. ബില്ല് കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. എല്ലാ പണവും അതിന് വേണ്ടി വന്നു.

എഴുപത്തിനാലാമത്തെ വയസില്‍ ഞാനെന്റെ രണ്ടാം ജീവിതം തുടങ്ങി. ഞാന്‍ വീടിനു പുറത്ത് കടന്നു. യോഗാ ക്ലാസില്‍ ചേര്‍ന്നു. എന്റെ ബക്കറ്റ് ലിസ്റ്റില്‍ ബോംബെയില്‍ തന്നെയുള്ള ഒരുപാട് സ്ഥലങ്ങള്‍ കാണാനുണ്ടായിരുന്നു. അതുവരെ ഞാനവിടെയൊന്നും പോയിട്ടില്ലായിരുന്നു. അവിടെയെല്ലാം ഞാന്‍ പോയി. ടൌണിനു പുറത്തും പോയി. എന്റെ പേരക്കുട്ടിയുടെ കൂടെ ആദ്യമായി ഞാന്‍ ജുഹു ബീച്ചില്‍ കാല്‍ കുത്തി. അവിടെ വച്ച് ഒരു ഓള്‍ഡീസ് ഗ്രൂപ്പില്‍ ചേര്‍ന്നു. അവരുടെ കൂടെ ഞാന്‍ മഹാബലേശ്വറില്‍ പോയി.

എനിക്കൊരുപാട് ഉത്തരവാദിത്വങ്ങളുണ്ടായിരുന്നു. അതെല്ലാം കഴിഞ്ഞു. ഞാനിപ്പോള്‍ ഫ്രീയാണ്. ഇതെന്റെ സമയമാണ്. അടുത്തതായി, ഞാന്‍ ഗോവയിലേക്ക് ഒരു യാത്ര പ്ലാന്‍ ചെയ്യുകയാണ് ആ ഓള്‍ഡീസിനൊപ്പം. അവിടെ ചെന്ന ശേഷം ഞാന്‍ സെല്‍ഫി അയക്കാം.