News

എണ്‍പതാം വയസില്‍ ജൂലിയ മുത്തശ്ശിയുടെ കിടിലന്‍ യാത്ര

കേപ് ടൗണിലെ ജൂലിയ മുത്തശ്ശി ഒരു യാത്ര നടത്തി. ഒന്നും രണ്ടുമല്ല 12,000 കിലോമീറ്റര്‍. 80ാം വയസ്സില്‍ തന്റെ പ്രായം പോലും വക വെയ്ക്കാതെയാണ് ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗണില്‍ നിന്നും ലണ്ടനിലുള്ള മകളെ കാണാന്‍ സ്വയം ഡ്രൈവ് ചെയ്ത് പോയത്. ഈ റെക്കോര്‍ഡ് കിലോമീറ്റര്‍ കീഴടക്കുമ്പോള്‍ അവര്‍ തിരഞ്ഞെടുത്ത കാറും ശ്രദ്ധേയമാണ്. ട്രേസി എന്ന 1997 മോഡല്‍ AE96 ടൊയോട്ട കൊറോള ആണ് അവര്‍ ഇതിനായി ഉപയോഗിച്ചത്.

എനിക്ക് 80 വയസ്, ഞാന്‍ ഓടിക്കുന്ന ടൊയോട്ടയ്ക്ക് 20 വയസ് – അങ്ങനെ ഞങ്ങള്‍ രണ്ട് പേര്‍ക്കും കൂടി 100 വയസ് – ജൂലിയ പറയുന്നു.

‘ഞാന്‍ അടുക്കളയില്‍ ഇരുന്ന് റേഡിയോയില്‍ ഒരു ടോക്ക് ഷോ കേള്‍ക്കുകയായിരുന്നു, അപ്പോഴാണ് ആര്‍.ജെ പ്രമുഖ വ്യക്തികള്‍ അവരുടെ ഭാര്യമാര്‍ക്കായി കാറുകള്‍ക്ക് വേണ്ടി വന്‍ തുക ചിലവഴിക്കുന്ന വിഷയത്തെ കുറിച്ച് സംസാരിക്കുന്നത് കേട്ടത്. ഉടന്‍ തന്നെ ഞാന്‍ ആ റേഡിയോ സ്റ്റേഷനിലേക്ക് വിളിച്ചു”. കാറില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് ജൂലിയ യാത്ര തിരിച്ചത്. ഗ്രൗണ്ട് ക്ലിയറന്‍സ് ലഭിക്കാനായി വാഹനത്തിന്റെ സസ്‌പെന്‍ഷന്‍ ഉയര്‍ത്തി, വലിയ ടയറുകള്‍ പിടിപ്പിച്ചു, അകത്തളത്തിലും വ്യത്യാസം വരുത്തി. ട്രേസിയുടെ സര്‍വീസ് കഴിഞ്ഞ് ജൂലിയ യാത്ര തുടങ്ങി.

കെനിയയില്‍ നിന്ന് എത്യോപ്യയിലേക്ക് പോകുമ്പോള്‍ ഒരു തവണ ജൂലിയക്ക് 10 കിലോമീറ്റര്‍ തിരികെ വണ്ടി ഓടിച്ചുവരേണ്ടി വന്നു. രണ്ട് രാജ്യങ്ങളുടെ അതിര്‍ത്തി കടക്കാനുള്ള പേപ്പറുകള്‍ ജൂലിയയുടെ കൈയില്‍ ഇല്ലായിരുന്നു. ‘ആവശ്യത്തിനുള്ള പണം ഇല്ലായിരുന്നു. ഇത് വലിയൊരു വെല്ലുവിളി ആയിരുന്നു. എന്റെ ബ്ലോഗിലൂടെ ഞാന്‍ കുറെ നല്ല മനസുള്ളവരെ പരിചയപ്പെട്ടു. അവര്‍ എനിക്ക് ആവശ്യമുള്ള സഹായങ്ങള്‍ നല്‍കി – ജൂലിയ കൂട്ടിച്ചേര്‍ത്തു. സഹാറ മരുഭൂമിയില്‍ ഒരു ഗൈഡിന്റെ പോലും സഹായമില്ലാതെയാണ് അവര്‍ യാത്ര ചെയ്തത്. ‘എന്റെ ഗൈഡിന് പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ എത്യോപ്യ അതിര്‍ത്തിയില്‍ നിന്നും ഖാര്‍ത്തോമിലേക്ക് ഞാന്‍ ഒറ്റക്ക് വണ്ടി ഓടിച്ചു പോയി. ഭാഷ ഒരു പ്രശ്‌നം തന്നെയായിരുന്നു. എങ്കിലും സുഡാന്‍കാര്‍ എനിക്ക് കൃത്യമായി വഴി കാണിച്ചു തന്നു.’- ജൂലിയ പറഞ്ഞു

‘എത്യോപ്യയിലൂടെ പോകുമ്പോള്‍ കുറെ സ്ത്രീകള്‍ വഴിലൂടെ നടന്ന് പോകുന്നത് ഞാന്‍ കണ്ടു. കാര്‍ നിര്‍ത്തി ചാരിറ്റി സ്ഥാപങ്ങളില്‍ നിന്നും ലഭിച്ച ബിസ്‌കറ്റുകളും 2000 പേനകളും ഞാന്‍ അവര്‍ക്ക് നല്‍കി. ഞാന്‍ അവരോടൊപ്പം നിന്ന് കുറച്ച് ചിത്രങ്ങളെടുത്തു. അതില്‍ ഒരു പെണ്‍കുട്ടി എനിക്ക് ഭക്ഷണം നല്‍കി. കഴിച്ചത് എന്താണെന്ന് എനിക്ക് അറിയില്ല, എന്നാലും അവള്‍ കാണിച്ച സ്‌നേഹം വലുതായിരുന്നു. എല്ലാം കഴിഞ്ഞ് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി പിരിഞ്ഞു. ഇങ്ങനെ പല അനുഭവങ്ങളും യാത്രയില്‍ എനിക്കുണ്ടായി. ‘- ജൂലിയ പറഞ്ഞു. 12000 കിലോമീറ്റര്‍ ഓടിയിട്ടും ട്രേസിക്ക് കുഴപ്പങ്ങളൊന്നുമുണ്ടായില്ല. ‘ട്രേസി വളരെ നല്ലൊരു വണ്ടിയാണ്. ഒരു കുഴപ്പവുമില്ലാതെയാണ് എന്നെ ഇത്രയും ദൂരം എത്തിച്ചത്.’-ജൂലിയ പറഞ്ഞു.

‘ഒരു രാജ്യം ചുറ്റി കാണാന്‍ പറ്റിയ മാര്‍ഗം ഡ്രൈവിംഗ് ആണ്. വിമാനത്താവളത്തിലൊക്കെ പോയി സമയം കളയരുത്. കൂടുതല്‍ ആളുകളെ കാണുക, അവരോടൊപ്പം ഭക്ഷണം കഴിക്കുക. അതുകൊണ്ടു തന്നെ ഡ്രൈവിംഗ് ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നു.’- ജൂലിയ വ്യക്തമാക്കി.