News

മാലിന്യക്കടൽ എട്ടു കിലോമീറ്റർ; തലസ്ഥാനം തള്ളിയ മാലിന്യം കടലിനെ ശ്വാസം മുട്ടിക്കുന്നു

തിരുവനന്തപുരം നഗരത്തിന്റെ മാലിന്യം എട്ടു കിലോമീറ്റർ കടൽത്തീരത്ത് അടിഞ്ഞു കിടക്കുന്നു. നഗര മാലിന്യം കടൽ കരയിലേക്ക് തള്ളിയ കാര്യം കഴിഞ്ഞ ദിവസം ടൂറിസം ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഫ്രണ്ട്സ് ഓഫ് മറൈന്‍ ലൈഫ് പ്രവര്‍ത്തകര്‍ നടത്തിയ പഠനത്തിലാണ് ഗുരുതര പരിസ്ഥിതി പ്രശ്നത്തിന്റെ ആഴം വെളിപ്പെടുത്തിയത്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന അടപ്പുള്ള പ്ലാസ്റ്റിക് കുപ്പികളും തുകല്‍, പ്ലാസ്റ്റിക് കവറുകളും ചെരിപ്പുകളും തെര്‍മോക്കോള്‍ പാളികകളുമടക്കം വന്‍ മാലിന്യമാണ് കിലോമീറ്ററുകളോളം ദൂരത്തില്‍ കരയ്ക്കടിഞ്ഞത്. കരയ്ക്കടിഞ്ഞത് മാത്രമല്ല അത്രത്തോളം മാലിന്യങ്ങൾ കടലിലേക്കും പോയിട്ടുണ്ട്.

പെരുമാതുറമുതല്‍ വിഴിഞ്ഞംവരെയുള്ള ഭാഗത്താണ് കടലില്‍ സര്‍വേ നടത്തിയത്. പെരുമാതുറ, വേളി, പനത്തുറ പൊഴികള്‍ വഴിയാണ് ഈ ഭാഗത്ത് വെള്ളം കടലിലേക്കെത്തുന്നത്. ഇതില്‍ വേളി പൊഴി കനത്തമഴയെത്തുടര്‍ന്ന് തുറന്നുവിട്ടിരുന്നു. ഇവിടെ 700 ചതുരശ്രയടി തീരത്തുനിന്ന് 1173 പ്ലാസ്റ്റിക് കുപ്പികളും 874 മദ്യക്കുപ്പികളും 1538 ചെരിപ്പുകളും ഒരു ലോറി തെര്‍മോക്കോളുമാണ് മറൈന്‍ ലൈഫ് പ്രവര്‍ത്തകര്‍ നീക്കം ചെയ്തത്. നഗരത്തില്‍ നിന്നെത്തുന്ന മാലിന്യങ്ങളെല്ലാം വേളി പൊഴിവഴിയാണു കടലിലെത്തുന്നത്. ഈ ഭാഗത്താണ് കടലില്‍ മാലിന്യം കൂടുതലായി ഉള്‍ഭാഗത്തേക്കു കണ്ടെത്തിയതെന്ന് സംഘടനാപ്രവര്‍ത്തകനായ റോബര്‍ട്ട് പനിപ്പിള്ള പറഞ്ഞു. മാലിന്യം കണ്ടെത്തിയ ഭാഗത്ത് മത്സ്യങ്ങളും കുറവാണ്.

പാര്‍വതീ പുത്തനാര്‍, ആമയിഴഞ്ചാന്‍ തോട്, തെറ്റിയാര്‍, പട്ടം തോട് തുടങ്ങി നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തുന്ന തോടുകള്‍ ആക്കുളം, വേളി കായലുകളിലാണെത്തുന്നത്. ഇത്തരത്തില്‍ മാലിന്യങ്ങള്‍ കടലിലേക്കെത്തുന്നത് തടയാന്‍ നടപടിയെടുത്തില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങളാകും ഉണ്ടാകുകയെന്ന് ഫ്രണ്ട്സ് ഓഫ് മറൈന്‍ ലൈഫ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

പാർവതീ പുത്തനാർ ശുചീകരണത്തിന്റെ ഭാഗമായി നീക്കം ചെയ്ത മാലിന്യങ്ങളാകട്ടെ ഇനിയും ആറിന്റെ തീരത്തുനിന്നും നീക്കം ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടികളും പ്രതികരിക്കുന്നുമില്ല.