News

യാത്ര മുംബൈയിലേക്കാണോ? എങ്കില്‍ പ്ലാസ്റ്റിക്ക് എടുക്കണ്ട

പ്ലാസ്റ്റിക് നിരോധന നിയമലംഘകര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ റെയില്‍വേ, മെട്രോ, വിമാനത്താവള അധികൃതര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. നിരോധനത്തിനെതിരെ പ്ലാസ്റ്റിക് ഉല്‍പന്ന നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

മാര്‍ച്ച് 23ന് സംസ്ഥാനത്ത് പ്രാബല്യത്തില്‍ വന്ന പ്ലാസ്റ്റിക് നിരോധന നിയമ പ്രകാരം ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് സഞ്ചികള്‍, സ്പൂണുകള്‍, പ്ലേറ്റുകള്‍, തെര്‍മോകോള്‍ ഉല്‍പന്നങ്ങള്‍ എന്നിവ വില്‍ക്കുന്നതോ ഉപയോഗിക്കുന്നതോ ശിക്ഷാര്‍ഹമാണ്. ഇതനുസരിച്ച് ബിഎംസി ഉള്‍പ്പെടെയുള്ള മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ നിയമലംഘകരെ പിടികൂടി പിഴ ചുമത്തുന്നുണ്ട്.

നിയമം ലംഘിക്കുന്ന യാത്രക്കാര്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന്റെ അനുമതി കാത്തിരിക്കുകയാണെന്ന് റെയില്‍വേ അറിയിച്ചിരുന്നു. റെയില്‍വേ, മെട്രോ, മഹാരാഷ്ട്ര മാരിടൈം ബോര്‍ഡ്, വിമാനത്താവള അധികൃതര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊക്കെ നടപടിയെടുക്കാന്‍ അധികാരമുണ്ടെന്ന് പരിസ്ഥിതി വകുപ്പ് അണ്ടര്‍ സെക്രട്ടറി സഞ്ജയ് ശാന്തന്‍ശിവ് കോടതിയില്‍ വ്യക്തമാക്കി.

സബേര്‍ബന്‍ ട്രെയിന്‍ സര്‍വീസുകളിലും സംസ്ഥാനത്തെ ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകളിലും നിരോധനം ബാധകമാകും. വെര്‍സോവ-ഘാട്കോപ്പര്‍ മെട്രോ ട്രെയിന്‍ സര്‍വീസിലെ യാത്രക്കാര്‍ക്കും മുംബൈ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്കും പ്ലാസ്റ്റിക് ഉപയോഗിച്ചാല്‍ നടപടി പ്രതീക്ഷിക്കാം. മഹാരാഷ്ട്ര മാരിടൈം ബോര്‍ഡിന്റെ പരിധിയിലുള്ള തുറമുഖങ്ങളിലും നടപടി വരും.

പ്ലാസ്റ്റിക് നിരോധനം നിലവിലില്ലാത്ത സംസ്ഥാനങ്ങളില്‍ നിന്ന് വന്നിറങ്ങുന്നവരും ഇനി സൂക്ഷിക്കേണ്ടിവരും. പ്ലാസ്റ്റിക് നിരോധനം, ജീവിതമാര്‍ഗം തേടുന്നതിനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ആരോപിച്ചാണ് നിരോധിത ഉല്‍പന്നങ്ങളുടെ നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ആഘാതം അവഗണിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി നിരോധനം സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു.

പ്ലാസ്റ്റിക് നിരോധന നിയമപ്രകാരം ആദ്യതവണ പിടിയിലാകുന്നവര്‍ക്ക് 5,000 രൂപയാണ് പിഴ. രണ്ടാം തവണ ഇരട്ടി നല്‍കണം (10,000 രൂപ). മൂന്നാമതും പിടിക്കപ്പെട്ടാല്‍ 25,000 രൂപ പിഴയും മൂന്നു മാസം വരെ തടവുമാണ് ശിക്ഷ.