തെൻമല -ആര്യങ്കാവ് ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം
കൊല്ലം- ചെങ്കോട്ട പാതയിൽ തെൻമല മുതൽ ആര്യങ്കാവ് വരെ ഹെവി ഗുഡ്സ് വാഹന ഗതാഗതം നിരോധിച്ചു. കഴുതുരുട്ടി പ്രദേശത്ത് പതിമൂന്ന് കണ്ണറ പാലത്തിന് സമീപം എം.എസ്.എൽ മേഖലയിലെ പാതയിൽ വിള്ളൽ കണ്ടെത്തിയ സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത് എന്ന് ജില്ലാ കലക്ടർ അറിയിച്ചു.
കനത്ത മഴയ്ക്ക് പിന്നാലെ രൂപപ്പെട്ട വിള്ളൽ അടയ്ക്കുന്നതിനുള്ള സർവെ നടപടി ദേശീയപാത നിരത്ത് വിഭാഗം ഇന്നു തന്നെ തുടങ്ങും. കാലാവസ്ഥ പ്രതികൂലമായില്ലെങ്കിൽ അതിവേഗം അറ്റകുറ്റപണി പൂർത്തിയാക്കാനാകും.
ഇതു വഴി സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായാണ് വലിയ വാഹനങ്ങൾ നിരോധിച്ചത് . മറ്റു വാഹനങ്ങൾ നിയന്ത്രണങ്ങളോടെ ഇതു വഴി കടത്തി വിടും.
ഗതാഗതം പൂർണതോതിൽ പുന:സ്ഥാപിക്കും വരെ മേഖലയിൽ സ്ഥിരം പൊലിസ് സാന്നിദ്ധ്യം ഉറപ്പാക്കും. വലിയ വാഹനങ്ങൾ കടന്ന് പോകുന്നത് നിയന്ത്രിക്കുന്നതിനും ഗതാഗത നിയന്ത്രണത്തിനുമാണ് പൊലിസിനെ നിയോഗിച്ചത്. ഇക്കാര്യത്തിൽ ആർ.ടി.ഒ.യുടെ സേവനവുമുണ്ടാകും.
ആര്യങ്കാവ് ചെക് പോസ്റ്റിനപ്പുറം വാഹന ഗതാഗതം നിയന്ത്രിക്കുന്നതിനായി തമിഴ്നാട് പൊലിസിന്റ സഹകരണവും ഉറപ്പാക്കുമെന്ന് ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷൻ കൂടിയായ ജില്ലാ കലക്ടർ ഡോ.എസ്.കാർത്തികേയൻ വ്യക്തമാക്കി.