Special

പ്ലാനറ്റ് ‘ഭൂമി’യല്ല, പ്ലാസ്റ്റിക് ‘ഭൂതം’; തലസ്ഥാനത്തിന്റെ മാലിന്യം കടൽ തിരിച്ചേൽപ്പിച്ചു

  • തലസ്ഥാനത്തിന്റെ പ്ലാസ്റ്റിക്ക് മാലിന്യം എത്രത്തോളം ഭീകരമെന്നറിയണമെങ്കിൽ വേളി പൊഴിയിലേക്കു വരൂ. പാർവതി പുത്തനാറിലേക്ക് തിരുവനന്തപുരം  നിവാസികൾ വലിച്ചെറിഞ്ഞ മാലിന്യങ്ങളാണ് പൊഴിക്കരികെ കടൽ തിരികെ നിക്ഷേപിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത തോരാമഴയെത്തുടർന്ന് വേളി പൊഴി മുറിച്ചിരുന്നു. ഇതോടെ പാർവതി പുത്തനാറിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും പായലും കടലിലേക്ക് ഒഴുകി. കടലാകട്ടെ ഇത് തീരത്തു തന്നെ ഉപേക്ഷിച്ചു.

ജലപാതാ വികസന പദ്ധതിയുടെ ഭാഗമായി പാർവതീ പുത്തനാറിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു വരികയായിരുന്നു. വള്ളക്കടവ്, ചാക്ക ഭാഗങ്ങളിൽ ശുചീകരണം തുടങ്ങിയെങ്കിലും നീക്കം ചെയ്ത മാലിന്യങ്ങൾ വശത്തു തന്നെ കുന്നുകൂട്ടി ഇട്ടിരിക്കുകയാണ്. മാലിന്യങ്ങൾ വെള്ളത്തിൽ നിന്ന് നീക്കം ചെയ്‌തെങ്കിലും ഇവിടെ നീരൊഴുക്ക് സുഗമമായിരുന്നില്ല. ശുചീകരിച്ച സ്ഥലത്തേക്ക് കൂടുതൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴുകിയെത്തിയതാണ് കാരണം. ഇവയൊക്കെ പൊഴി മുറിച്ചതോടെ കടലിലേക്ക് ഒഴുകി. ശുചീകരണം നടത്തിക്കൊണ്ടിരുന്ന യന്ത്രം മാലിന്യങ്ങൾ കുരുകി തകരാറിലുമായി.

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന മാറ്റ് ക്രോപ് കമ്പനി മൂന്നു മാസം കൊണ്ട് കോവളം മുതൽ ആക്കുളം വരെയുള്ള 16 കിലോമീറ്റർ ജലപാത ശുദ്ധീകരിക്കും എന്നാണ് നേരത്തെ പറഞ്ഞിരുന്നത്. 42 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കിയത്. എന്നാൽ ശുദ്ധീകരണം പകുതിയായിട്ടില്ല. സ്വീഡനിൽ നിന്ന് ഇറക്കുമതി ചെയ്ത ആംഫിബിയസ് ക്ലീനർ ആണ് ഉപയോഗിക്കുന്നത്.കരയിലും വെള്ളത്തിലും ഒരുപോലെ ഉപയോഗിക്കാവുന്നതാണ് ഈ യന്ത്രം.